എല്ലാ ഇന്ത്യന്‍ സിനിമകള്‍ക്കും നിരോധനമേര്‍പ്പെടുത്തി കാഠ്മണ്ഡു മേയര്‍; ആദിപുരുഷില്‍ വിവാദം
ന്യൂഡല്‍ഹി: ആദിപുരുഷ് വിവാദമായതോടെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ സിനിമകള്‍ക്കും നിരോധനമേര്‍പ്പെടുത്തി കാഠ്മണ്ഡു മേയര്‍ ബാലേന്‍ ഷാ. നേരത്തെ നേപ്പാളില്‍ വലിയ വിവാദമായിരുന്നു ഈ ചിത്രം. നേപ്പാള്‍ തലസ്ഥാന നഗരിയില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ് മേയര്‍.
ഇന്ത്യന്‍ സിനിമകള്‍ ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പിക്കാനാണിത്. 17 തിയേറ്ററുകളോട് ആദിപുരുഷ് അടക്കമുള്ള ഒരു ഇന്ത്യന്‍ സിനിമയും പ്രദര്‍ശിപ്പിക്കരുതെന്ന് മേയര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. നേരത്തെ സീതാ ദേവിയെ ഇന്ത്യയുടെ മകളെന്ന് ആദിപുരുഷില്‍ വിശേഷിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

സീത എങ്ങനെ ഇന്ത്യയുടെ മകളാവും എന്നാണ് കാഠ്മണ്ഡു മേയര്‍ ചോദിക്കുന്നത്. സീതാ ദേവി ജനിച്ചത് നേപ്പാളിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സാംസ്‌കാരിക കൈയ്യേറ്റമാണ് നടക്കുന്നത്. നേപ്പാളും ആദിപുരുഷും തമ്മിലാണിത് നടക്കുന്നത്.
ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെയാണ് കാര്യമെങ്കില്‍, നേപ്പാളിന്റെ ദേശീയത, സാംസ്‌കാരിക ഐക്യം, ദേശീയ വ്യക്തിത്വം എന്നിവയ്ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കും. അത് പിന്നീട് മാറ്റാന്‍ പോലും സാധിക്കില്ല. ആദിപുരുഷ് നേപ്പാളിനെതിരെ സാംസ്‌കാരിക കൈയ്യേറ്റമാണ് നടത്തുന്നതെന്നും ബാലേന്‍ ഷാ പറഞ്ഞു.
ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഈ ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നത്. ചിത്രം നേപ്പാളിലെവിടെ പ്രദര്‍ശിപ്പിച്ചാലും, വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചാലും, തെറ്റായ കാര്യങ്ങളെയാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് ഇന്ത്യയില്‍ നിന്നുള്ള എല്ലാ ചിത്രവും കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് മേയര്‍ വ്യക്തമാക്കി.
ഈ ചിത്രത്തില്‍ നിന്ന് എതിര്‍പ്പുകള്‍ ഭാഗങ്ങള്‍ നീക്കിയാല്‍ മാത്രമേ ഇനി ഇന്ത്യന്‍ ചിത്രങ്ങള്‍ കാഠ്മണ്ഡുവില്‍ പ്രദര്‍ശിപ്പിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആദിപുരുഷ് നേപ്പാളില്‍ മാത്രമല്ല, ഇന്ത്യയിലും വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ചിത്രത്തിലെ സംഭാഷണങ്ങള്‍ തീരെ നിലവാരം കുറഞ്ഞവയാണെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.
വിമര്‍ശനം ശക്തമായതോടെ ആദിപുരുഷിലെ സംഭാഷണങ്ങള്‍ മാറ്റുമെന്ന് നിര്‍മാതാക്കള്‍ തന്നെ അറിയിച്ചിരുന്നു. ഹനുമാന്റെ ചില സംഭാഷണങ്ങളാണ് പ്രശ്‌നമായത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റിയ ഭാഗങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനെത്തും. അതേസമയം വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും മികച്ച കളക്ഷനുമായി ചിത്രം മുന്നേറുകയാണ്.
രണ്ട് ദിവസം കൊണ്ട് 250 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. എന്നാല്‍ 500 കോടിയോളം ബജറ്റ് ചിത്രത്തിനുണ്ടെന്നാണ് വിലയിരുത്തല്‍. ആദിപുരുഷിലെ കഥാപാത്രങ്ങള്‍ പലതും കാര്‍ട്ടൂണ്‍ പോലെയുണ്ടെന്ന വിമര്‍ശനവും ഇതിനിടെ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications