തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നേരത്തേയാക്കാൻ കെസിആറിന്റെ നീക്കം; കച്ചമുറുക്കി ബിജെപിയും
ഉപതിരഞ്ഞെടുപ്പുകളിൽ നേടാനായ മുന്നേറ്റം സംസ്ഥാനത്ത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

ഹൈദരാബാദ്: കർണാടക കഴിഞ്ഞാൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് തെലങ്കാന. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നേടാനായ മുന്നേറ്റം സംസ്ഥാനത്ത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.
2024 ലാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. എന്നാൽ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ ബി ആർ എസ് സമിതി ചെയർമാനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ സർവ്വ തന്ത്രങ്ങളും പയറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിജെപിയും.

സംഘടന ശക്തി വർധിപ്പിക്കാനുള്ള പദ്ധതികൾ
നിയസഭ തിരഞ്ഞെടുപ്പിനെ നേരിടാനും സംഘടന ശക്തി വർധിപ്പിക്കാനുള്ള പദ്ധതികൾ തെലങ്കാനയിൽ നടപ്പാക്കി വരികയാണ് ബിജെപി. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ഉയർത്താൻ ആയതിന്റെ ആവേശത്തിൽ പ്രത്യേക പദ്ധതികൾ തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബി ജെ പി ആവിഷ്കരിച്ചിരുന്നു. അതിനിടയിലാണ് ഇപ്പോൾ ബി ആർ എസ് തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്.

പ്രത്യേക റാലികളും പരിപാടികളും
ഇതോടെ വരും ദിവസങ്ങളിൽ പ്രത്യേക റാലികളും വിവിധ ദേശീയ നേതാക്കളെ ഉൾപ്പെടുത്തിയുള്ള പരിപാടികളും ബി ജെ പി ആവിഷ്കരിക്കും. 119 മണ്ഡലങ്ങളിലും റാലികൾ നടത്താനാണ് തീരുമാനമെന്ന് ബി ജെ പി വൃത്തങ്ങൾ അറിയിച്ചു. പ്രജാ ഗോസ, ബിജെപി ഭറോസ എന്ന പേരിലാണ് ബി ജെ പി റാലികൾ നടത്തുന്നത്.റാലികൾക്ക് പുറമെ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി എന്നിവരുൾപ്പെടെയുള്ള ബിജെപിയുടെ മുതിർന്ന കേന്ദ്ര നേതാക്കൾ തെലങ്കാനയിലുടനീളം കുറഞ്ഞത് 10 വലിയ റാലികളെങ്കിലും നടത്തും. സമാപന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.തെലങ്കാനയിലുടനീളം 11,000 തെരുവ് യോഗങ്ങൾ സംഘടിപ്പിക്കാനും ബി ജെ പി ആലോചിക്കുന്നുണ്ട്.

കെസിആറിന്റെ മകൾ കെ കവിതയുമായി ബന്ധമുള്ളവര്‍ക്ക്
ബിആർഎസ് നേതാവ് കൂടിയായ കെസിആറിന്റെ മകൾ കെ കവിതയുമായി ബന്ധമുള്ളവര്‍ക്ക് ദില്ലി മദ്യ നയ കേസിൽ ആരോപിക്കപ്പെടുന്ന ബന്ധം ഉയർത്തിക്കാട്ടിയാകും ബി ആർ എസിനെതിരായ ബി ജെ പിയുടെ പ്രചരണം. കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചിബാബു ഗോരന്ത്ലയെ അടുത്തിടെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. കവിതയും ഉടൻ അറസ്റ്റിലാകുമെന്നാണ് ബി ജെ പി നേതാക്കൾ ആരോപിക്കുന്നത്. 'കേസിൽ കൂടുതൽ അറസ്റ്റുണ്ടാകും, കവിതയും അറസ്റ്റിലാകും', എന്നായിരുന്നു തെലങ്കാന ബിജെപി നേതാവ് വിവേക് പ്രതികരിച്ചത്.

പ്രധാനമന്ത്രി -അദാനി കൂട്ടുകെട്ടിൽ നിന്ന് ശ്രദ്ധ തിരിക്കാൻ
അതേസമയം എഎപി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ രൂക്ഷമായ ഭാഷയിൽ ബി ജെ പിക്കെതിരെ കെ സി ആർ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി -അദാനി കൂട്ടുകെട്ടിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് അറസ്റ്റ് എന്നായിരുന്നു വിമർശനം.












Click it and Unblock the Notifications