4 ഡോക്ടര്‍മാരുടെ മൊഴികളില്‍ വൈരുധ്യം, നുണപരിശോധനയ്ക്ക് സിബിഐ; കണ്ടെത്തിയത് ഇക്കാര്യങ്ങള്‍
കൊല്‍ക്കത്ത: ആര്‍ജി കാര്‍ ആശുപത്രിയിലെ നാല് ഡോക്ടര്‍മാരെ നുണ പരിശോധനയ്ക്ക് വിധേയമാകുമെന്ന് സിബിഐ. കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ സഹപ്രവര്‍ത്തകരാണ് ഇവര്‍. ഇവരുടെ മൊഴികളിലെ വൈരുധ്യത്തെ തുടര്‍ന്നാണ് നുണപരിശോധനയ്ക്ക വിധേയരാക്കുന്നത്. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് പിജി ട്രെയിനികളും, ഒരു ഹൗസ് സര്‍ജനും, ഇന്റേണിയുമാണ് ഇവരില്‍ ഉള്ളത്. അതേസമയം ഈ നാല് പേരും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്താനായിട്ടില്ല. എന്നാല്‍ തെളിവ് നശിപ്പിക്കുന്നതിലോ ഗൂഡാലോചനയുടെ ഭാഗമാവുകയോ ഇവര്‍ ചെയ്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്നും സിബിഐ പറഞ്ഞു.

ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട രാത്രിയിലെ സംഭവവികാസങ്ങള്‍ സിബിഐ പരിശോധിക്കുകയും ചെയ്തു. കൊല്‍ക്കത്ത പോലീസാണ് സംഭവത്തിന്റെ ടൈംലൈന്‍ തയ്യാറാക്കിയത്. ഈ ഡോക്ടര്‍മാരില്‍ ഒരാള്‍ കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ മൃതദേഹം സെമിനാര്‍ ഹാളില്‍ കണ്ടിരുന്നു.
സംഭവം നടന്നതിന്റെ അടുത്ത ദിവസം രാത്രി 9.30നാണ് ഈ മൃതദേഹം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയയിരുന്നു. സിബിഐ കേസ് ഏറ്റെടുക്കുന്നതിന് മുമ്പ് നാല് ഡോക്ടമാരെയും കൊല്‍ക്കത്ത പോലീസ് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് കേസ് സിബിഐ കൈമാറിയത്.
സിബിഐ കണ്ടെത്തിയത് എന്തെല്ലാം?
നാല് ഡോക്ടര്‍മാരില്‍ രണ്ടുപേരുടെ വിരലടയാളം ആശുപത്രിയുടെ മൂന്നാം നിലയിലുള്ള സെമിനാര്‍ റൂമില്‍ നിന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന രാത്രിയില്‍ ഇതിലെ ഹൗസ് ഹര്‍ജന്‍ ആദ്യ നിലയില്‍ നിന്ന് മൂന്നാം നിലയിലേക്ക് കയറിപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
രാത്രി 2.45നാണ് ഇയാള്‍ മൂന്നാം നിലയിലേക്ക് പോകുന്നതായി കണ്ടത്. ഇവരിലെ ഇന്റേണി ഡോക്ടര്‍ മൂന്നാം നിലയിലെത്തി കൊല്ലപ്പെട്ട ഡോക്ടറുമായി ആ രാത്രിയില്‍ സംസാരിച്ചുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
രാത്രിയില്‍ സംഭവിച്ചത് എന്തെല്ലാം?
കൊല്ലപ്പെട്ട ഡോക്ടറും രണ്ട് ആദ്യവര്‍ഷ പിജി ട്രെയിനികളും ഒരുമിച്ചിരുന്ന് അര്‍ധ രാത്രിയോടെ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. പിന്നീട് ഇവര്‍ സെമിനാര്‍ മുറിയിലേക്ക് പോയി ഒളിംപിക്‌സില്‍ നീരജ് ചോപ്രയുടെ ജാവലിന്‍ ത്രോ മത്സരം കാണുകയായിരുന്നു. രണ്ട് മണിയോടെ രണ്ട് സഹപ്രവര്‍ത്തകര്‍ ഡോക്ടര്‍മാരുടെ വിശ്രമ മുറിയിലേക്ക് ഉറങ്ങാനായി പോവുകയായിരുന്നു.
ജൂനിയര്‍ ഡോക്ടര്‍ സെമിനാര്‍ റൂമില്‍ തന്നെ തുടരുകയായിരുന്നു. ഇന്റേണിയുടെ മൊഴിയില്‍ താന്‍ മുറിയിലായിരുന്നുവെന്നാണ് ഉള്ളത്. സെമിനാര്‍ ഹാള്‍, ഉറങ്ങാനുള്ള മുറി, ഇന്റേണികളുടെ മുറി എന്നിവയെല്ലാം ഒരേ നിലയില്‍ അടുത്തടുത്തായിട്ടാണ് ഉള്ളത്.
കൊലപാതകം നടന്ന അടുത്ത ദിവസത്തെ കാര്യങ്ങള്‍
രാവിലെ ഒന്‍പതരയോടെ പിജി ട്രെയിനി ഡോക്ടര്‍മാരില്‍ ഒരാള്‍ ജൂനിയര്‍ ഡോക്ടരെ തിരഞ്ഞ് എത്തി. ഈ ട്രെയിനി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കൊപ്പം രാത്രി ഭക്ഷണം ഒരുമിച്ച് കഴിച്ചതാണ്. വാര്‍ഡില്‍ റൗണ്ട്‌സ് തുടങ്ങുന്നതിന് മുമ്പായിരുന്നു ഇത്.
ജൂനിയര്‍ ഡോക്ടറുടെ മൃതദേഹം ഇയാള്‍ ദൂരെ നിന്ന് കാണുകയായിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരെയും സീനിയര്‍ ഡോക്ടര്‍മാരെയും കാര്യം അറിയിക്കുകയായിരുന്നു. ഇവരാണ് ആശുപത്രി അധികൃതരെ വിവരം അറിയിച്ചത്.
നുണപരിശോധനയ്ക്ക് വിധേയമാക്കും
നാല് ഡോക്ടര്‍മാരെയും ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പാല്‍ ഡോ സന്ദീപ് ഘോഷിനെയും നുണപരിശോധനയ്ക്ക് വിധേയരപാക്കാന്‍ സിബിഐര നേരത്തെ പ്രത്യേക കോടതിയുടെ അനുമതി തേടിയിരുന്നു. കോടതി ഇന്നലെ അതിനുള്ള അനുമതി നല്‍കിയിരുന്നു. കോടതിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ നുണപരിശോധന നടത്താനാവൂ.












Click it and Unblock the Notifications