വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല; പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പത്മ ജേതാക്കളുടെ കത്ത്
കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്മ പുരസ്‌കാര ജേതാക്കള്‍. വിഷയത്തില്‍ വ്യക്തിപരമായി ഇടപെടണം എന്നും അതിജീവിതയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട് 70 ഓളം പത്മ പുരസ്‌കാര ജേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
'ഞങ്ങളുടെ രാഷ്ട്രത്തലവന്‍ എന്ന നിലയില്‍, ഈ ഭയാനകമായ സാഹചര്യത്തെ നേരിടാന്‍ നിങ്ങളുടെ വ്യക്തിപരമായ ഇടപെടല്‍അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ മെഡിക്കല്‍ പ്രൊഫഷണലുകളുടെ സേവനത്തിന്റെ അടിത്തറ തന്നെ ഇളക്കുന്നതും സ്ത്രീകള്‍, പെണ്‍കുട്ടികള്‍, കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിന്റെ അടിയന്തിര ആവശ്യകത ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു,' കത്തില്‍ പറയുന്നു.

റേഡിയോളജിസ്റ്റ് ഡോ ഹര്‍ഷ് മഹാജന്‍, മുന്‍ എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ, മുന്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ, ന്യൂറോളജിസ്റ്റ് ഡോ എം വി പത്മ ശ്രീവാസ്തവ എന്നിവരും കത്തില്‍ ഒപ്പിട്ടിട്ടുള്ള പത്മ അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി ഒരു പ്രത്യേക നിയമം വേഗത്തില്‍ നടപ്പിലാക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
'ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ ബില്‍, 2019 മുതല്‍ തയ്യാറാണ്. എന്നാല്‍ ഇതുവരെ പാര്‍ലമെന്റില്‍ പാസാക്കിയിട്ടില്ല. ഇത് സംബന്ധിച്ച ഒരു ഓര്‍ഡിനന്‍സ് ഉടനടി കൊണ്ടുവരാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ബില്‍ അടിയന്തിരമായി പാസാക്കേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്ന രോഗികളുടെ സേവനത്തില്‍ രാജ്യത്തെ സംവിധാനങ്ങള്‍ക്ക് ഭയമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയും,' കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതിജീവിതയുടെ കുടുംബത്തോട് അചഞ്ചലമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നും അവരുടെ വേദനയും നഷ്ടവും സങ്കല്‍പ്പിക്കാനാവാത്തതാണ് എന്നും കത്തില്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. ആരോഗ്യ പരിപാലന വിദഗ്ധരുടെ സുരക്ഷയും അന്തസും അതീവ മുന്‍ഗണനയോടെ സംരക്ഷിക്കപ്പെടണം എന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.
കത്തില്‍ ഒപ്പിട്ടവരില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. അശോക് സേത്ത്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് ഡയറക്ടര്‍ ഡോ. എസ്.കെ. സരിന്‍, ഡല്‍ഹി എയിംസിലെ എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ. നിഖില്‍ ടണ്ടന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റീവ് ആന്‍ഡ് ഹെപ്പറ്റോബിലിയറി സയന്‍സസ് ചെയര്‍മാന്‍, മേദാന്ത ദി മെഡിസിറ്റി, ഡോ. രണ്‍ധീര്‍ സുഡ് എന്നിവരും ഉള്‍പ്പെടുന്നു.
നേരത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ ആശുപത്രികളുടെയും സുരക്ഷാ പ്രോട്ടോക്കോളുകള്‍ വിമാനത്താവളങ്ങളില്‍ നല്‍കുന്ന സുരക്ഷയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്നും ആരോഗ്യ പ്രവര്‍ത്തകരെ അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര നിയമം നടപ്പിലാക്കണം എന്നുമായിരുന്നു ഐഎംഎയുടെ ആവശ്യം.












Click it and Unblock the Notifications