നിർണായക ചുവടുവെപ്പ്, ഗോഗ്ര കുന്നുകളിൽ നിന്ന് സൈനിക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ
ദില്ലി: ലഡാക്ക് സംഘര്‍ഷം പരിഹരിക്കുന്നതില്‍ നിര്‍ണായക ചുവട് വെയ്പ്പ്. കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര മലനിരകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഇവിടെ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച നടന്ന ഇന്ത്യയുടേയും ചൈനയുടേയും കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് സൈനിക പിന്‍മാറ്റത്തിനുളള ധാരണ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
പന്ത്രണ്ടാം തവണയാണ് ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക് വിഷയത്തില്‍ സൈനികതല ചര്‍ച്ച നടത്തുന്നത്. നിയന്ത്രണ രേഖയുടെ മറുവശത്ത് ചൈനീസ് ഭാഗത്തുളള മോള്‍ഡോയില്‍ വെച്ചാണ് ഇത്തവണ കൂടിക്കാഴ്ച നടന്നത്. ഒന്‍പത് മണിക്കൂറോളം ചര്‍ച്ച നീണ്ടു എന്നാണ് വിവരം. 6 മാസങ്ങള്‍ മുന്‍പാണ് ഇതിന് മുന്‍പ് ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക പിന്‍മാറ്റത്തിന് ധാരണയിലെത്തിയത്. പാംഗോഗ് തടാക പ്രദേശത്ത് നിന്നും സൈനിക പിന്‍മാറ്റത്തിന് ആയിരുന്നു അന്ന് ധാരണയില്‍ എത്തിയിരുന്നത്.

ഗോഗ്ര കുന്നുകളിലെ സൈനിക പിന്മാറ്റം ആ ഘട്ടത്തില്‍ ധാരണയിലെത്താതിരിക്കുകയായിരുന്നു. സമീപഭാവിയില്‍ തന്നെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുണ്ടാവും എന്നാണ് സൂചന. ജൂലെ 14ന് ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് പന്ത്രണ്ടാം വട്ടം സൈനിക കമാന്‍ഡര്‍മാര്‍ തമ്മിലുളള കൂടിക്കാഴ്ചയിലേക്ക് കടന്നത്. നിലവിലുളള ധാരണകളും പ്രൊട്ടോക്കോളും പാലിച്ച് കൊണ്ട് ബാക്കിയുളള പ്രശ്‌നങ്ങളിലും ധാരണയിലെത്താനും ചര്‍ച്ചകളും കൂടിയാലോചനകളും തുടരാനും തീരുമാനമായിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ വര്‍ഷം ഗല്‍വാനില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ ചൈനയിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. 2020 ജൂണില്‍ നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗല്‍വാന്‍ നദിക്ക് സമീപത്ത് നിന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കല്ലേറ് നടത്തുന്ന ചൈനീസ് സൈനികരെ ദൃശ്യത്തില്‍ കാണാം. ഇരുഭാഗത്തേയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും നദിയില്‍ ചൈനീസ് സൈനികരില്‍ ചിലര്‍ ഒഴുകിപ്പോകുന്നതും വീഡിയോയില്‍ കാണാം. സൈനിക കമാന്‍ഡര്‍ തല ചര്‍ച്ച അവസാനിച്ചതിന് ശേഷമാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications