ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം അല്‍പ്പ സമയത്തിനകം; മോദി എത്തും, ശിവജി പാര്‍ക്കില്‍ താക്കറെക്ക് ശേഷം
മുംബൈ: അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം അല്‍പ്പ സമയത്തിനകം. മുംബൈയിലെ ശിവജി പാര്‍ക്കിലാണ് സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ ശിവജി പാര്‍ക്കിലെത്തുമെന്നാണ് വിവരം. അതിന് ശേഷം സംസ്‌കാരം നടക്കും. നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശിവജി പാര്‍ക്ക് മൈതാനത്ത് ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം നടത്താന്‍ മുംബൈ കോര്‍പറേഷന്‍ അനുമതി നല്‍കി. കടുത്ത നിയന്ത്രണമുള്ള മേഖലയാണിത്. ഇവിടെ ഇതിന് മുമ്പ് സംസ്‌കാരം നടന്നത് ശിവസേന നേതാന് ബാല്‍ താക്കറെയുടേതാണ്.
അമിതാഭ് ബച്ചനുള്‍പ്പെടെയുള്ള പ്രമുഖര്‍ ശിവജി പാര്‍ക്കിലെത്തിയിട്ടുണ്ട്. മുംബൈയിലെ പ്രമുഖ വ്യക്തികളെല്ലാം അന്തകര്‍മത്തിന് സാക്ഷ്യം വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവരെല്ലാം അനുശോചനം രേഖപ്പെടുത്തി. ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി മഹാരാഷ്ട്ര സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക താഴ്ത്തി കെട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കുകയോ ലഘൂകരിക്കുകയോ ചെയ്തു.

ഇന്ന് രാവിലെയാണ് ലതാ മങ്കേഷ്‌കര്‍ അന്തരിച്ചത്. അവര്‍ നേരത്തെ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. സര്‍ക്കാര്‍ ബഹുമതികളോടെയാണ് സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്. ശിവജി മൈതാനത്തെ ഒരുക്കങ്ങള്‍ക്ക് ആദിത്യ താക്കറെയാണ് നേതൃത്വം നല്‍കുന്നത്. ഉത്തര്‍ പ്രദേശില്‍ ബിജെപി ഇന്ന് തീരുമാനിച്ച പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് റദ്ദാക്കി. മറ്റൊരു ദിവസം പുറത്തിറക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഗോവയിലെ പൊതുപരിപാടികളും ബിജെപി റദ്ദാക്കിയിട്ടുണ്ട്. പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ പാടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഹൈക്കമാന്റ് നിര്‍ദേശം നല്‍കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് എന്നിവരാണ് ലഖ്‌നൗവില്‍ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറങ്ങുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ലതാമങ്കേഷ്‌കറുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി റദ്ദാക്കുകയാണെന്ന് നേതാക്കള്‍ അറിയിച്ചു. നേതാക്കള്‍ രണ്ടു മിനുട്ട് മൗനം ആചരിച്ചു. ഇന്ന് നരേന്ദ്ര മോദി ഗോവയില്‍ ഓണ്‍ലൈന്‍ വഴി പ്രചാരണം നടത്താന്‍ തീരുമാനിച്ചിരുന്നു. കൂടാതെ നിതിന്‍ ഗഡ്കരി ഗോവയിലെത്തുമെന്നും അറിയിച്ചിരുന്നു. രണ്ട് പരിപാടികളും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.












Click it and Unblock the Notifications