ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുത്തൂടേ..? സര്‍ക്കാര്‍ ഇടപെടുന്നതെന്തിന്?: സുപ്രീംകോടതി
ആന്ധ്രാ ഹൈക്കോടതിയുടെ വിധി ശരിവെക്കുകയാണ് സുപ്രീംകോടതി ചെയ്തത്

ന്യൂദല്‍ഹി: ക്ഷേത്രഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചതിന് എതിരായ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്.
ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നു എന്ന് സുപ്രീം കോടതി ചോദിച്ചു. നേരത്തെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ല
അഹോബിലം മഠത്തിന്റെ അഭിഭാജ്യ ഘടകമാണ് ക്ഷേത്രം എന്നും മഠം തമിഴ്നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാല്‍ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ല എന്നുമായിരുന്നു ആന്ധ്രാ ഹൈക്കോടതി പറഞ്ഞിരുന്നത്. ഈ വിധിയായിരുന്നു ആന്ധ്രാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ഹൈക്കോടതി വിധി ശരി
ക്ഷേത്രവും മഠവും പുരാതന കാലം മുതല്‍ മഠാധിപതികള്‍ സ്ഥാപിച്ച് ഭരിച്ചിരുന്നതായി ചരിത്ര ഗ്രന്ഥങ്ങള്‍, സാഹിത്യം, പുരാവസ്തു വിവരങ്ങള്‍ എന്നിവയെ പരാമര്‍ശിച്ച് ഹൈക്കോടതി വിലയിരുത്തിയിരുന്നു. മഠത്തിന്റെ മേല്‍നോട്ടത്തിന്റെയും നിയന്ത്രണത്തിന്റെയും പൊതുവായ അധികാരം സംസ്ഥാനത്തിന് നല്‍കിയിട്ടില്ലെന്നും കാര്യങ്ങളില്‍ മിതമായി ഇടപെടണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ക്ഷേത്രം വിശ്വാസികള്‍ കൈകാര്യം ചെയ്യട്ടെ
1927-ലെ എന്‍ഡോവ്മെന്റ് ആക്ട് പ്രകാരമുള്ള അവകാശം ക്ഷേത്രം മഠാധിപതികളുടെ ഭരണത്തിന്‍ കീഴിലാണെന്നും അവരുടെ നാമനിര്‍ദ്ദേശം സര്‍ക്കാരില്‍ നിക്ഷിപ്തമല്ലെന്ന വസ്തുതയും ഡിവിഷന്‍ ബെഞ്ച് ശ്രദ്ധയില്‍പ്പെടുത്തി. ഇതെല്ലാം ശരിവെച്ച് ക്ഷേത്രം വിശ്വാസികള്‍ കൈകാര്യം ചെയ്യട്ടെ എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചിലേക്കായിരുന്നു ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത്.

സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നത് എന്തിനാണ്
സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നത് എന്തിനാണ് എന്നായിരുന്നു ആന്ധ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഢിയോട് സുപ്രീം കോടതി ചോദിച്ചത്. അഹോബിലം മഠത്തിനുവേണ്ടി സതീഷ് പ്രസരന്‍, സി ശ്രീധരന്‍, പി ബി സുരേഷ്, വിപിന്‍ നായര്‍ എന്നിവരാണ് ഹാജരായിരുന്നത്. എപി ചാരിറ്റബിള്‍, ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് എന്‍ഡോവ്മെന്റ് ആക്ട് പ്രകാരം മഠത്തിലോ ക്ഷേത്രത്തിലോ എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നായിരുന്നു ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications