'രാഷ്ട്രീയം വിടുന്നു'; ത്രിപുരയിൽ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി തിപ്ര മോത്ത തലവൻ
തിപ്ര മോത്തയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങിയിരിക്കുന്നത്

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ താൻ രാഷ്ട്രീയം വിടുകയാണെന്ന പ്രഖ്യാപനവുമായി തിപ്ര മോത്ത തലവൻ പ്രദ്യോത് ദേബ് ബർമ്മൻ. തിരഞ്ഞെടുപ്പിന് ശേഷം ബുബാഗ്ര (രാജാവ്) എന്ന നിലയിൽ താൻ ഒരിക്കലും ജനങ്ങളോട് വോട്ട് തേടില്ലെന്നും പ്രദ്യോത് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയാണ് പ്രദ്യോത് ഇക്കാര്യം വ്യക്തമാക്കിയത്.

ശക്തമായ പോരാട്ടമാണ്
ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസ സൗകര്യവുമില്ലാത്ത പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള തന്റെ പോരാട്ടത്തെ മനസിലാക്കാൻ പല നേതാക്കൾക്കും സാധിച്ചില്ലെന്നും തന്റെ വികാരം മനസിലാക്കാതെ പല നേതാക്കളും ഉപേക്ഷിച്ച് പോയെന്നും പ്രദ്യോത് പറഞ്ഞു. 'ഇത് എന്റെ അവസാനത്തെ രാഷ്ട്രീയ വേദിയാണ്. ഇനി ഒരിക്കലും ജനങ്ങളോട് നിയമസഭ തിരഞ്ഞെടുപ്പിൽ താൻ വോട്ട് തേടില്ല. എന്നെ ഇത് വേദനിപ്പിക്കുന്നുണ്ട്. തീർച്ചയായും ശക്തമായ പോരാട്ടമാണ് ഞാൻ ജനങ്ങൾക്ക് വേണ്ടി കാഴ്ച വെച്ചത്', പ്രദ്യോത് പറഞ്ഞു.

പൊതുരംഗത്ത് തന്നെ സജീവമായി തുടരുമെന്നും
അതേസമയം ജനങ്ങൾക്കൊപ്പം തന്നെ താനുണ്ടാകുമെന്നും സാമൂഹ്യ സേവനങ്ങളുമായി ഇനി പൊതുരംഗത്ത് തന്നെ സജീവമായി തുടരുമെന്നും പ്രദ്യോത് പറഞ്ഞു. ആദിവാസി വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമാണ് പ്രദ്യോദിനുള്ളത്. രാജകുടുംബാംഗമെന്ന നിലയിൽ കൂടിയാണ് പ്രദ്യോതിനുള്ള ഈ പിന്തുണ. മുൻ കോൺഗ്രസ് നേതാവായ പ്രദ്യോത് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടി വിടുകയായിരുന്നു.

തിപ്ര മോത്ത അട്ടിമറി ഉണ്ടാക്കുമെന്ന വിലയിരുത്തലുകൾ
നിയമസഭ തിരഞ്ഞെടുപ്പില് ഇത്തവണ പ്രദ്യോതിന്റെ തിപ്ര മോത്ത അട്ടിമറി ഉണ്ടാക്കുമെന്ന വിലയിരുത്തലുകൾ ശക്തമാണ്. പ്രത്യേകിച്ച് ആദിവാസി മേഖലയിൽ. നിലവിൽ 60 ൽ 42 മണ്ഡലങ്ങളിലാണ് തിപ്ര സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. കുറഞ്ഞത് 26 ഓളം സീറ്റുകളെങ്കിലും നേടിയെടുക്കാൻ സാധിക്കുമെന്നാണ് സംഘടന കണക്ക് കൂട്ടുന്നത്. തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നാൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുമെന്ന് തിപ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഗ്രേറ്റർ ടിപ്ര ലാൻറിന് വേണ്ടി
ഗ്രേറ്റർ ടിപ്ര ലാൻറിന് വേണ്ടി പിന്തുണയ്ക്കുന്നവർക്ക് സർക്കാരുണ്ടാക്കാനുള്ള പിന്തുണ പുറമേനിന്ന് നൽകാൻ പാർട്ടി തയ്യാറാണെന്ന് സംഘടന അധ്യക്ഷൻ ബിജോയ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് സഖ്യം ഉണ്ടാക്കുന്നത് സംബന്ധിച്ച് ആലോചിച്ചിരുന്നു. ഗുവാഹാട്ടിയിൽ അസം മുഖ്യമന്ത്രിയുമായും ഡൽഹിയിൽനിന്നെത്തിയ രണ്ടു ബി.ജെ.പി. നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു. എന്നാൽ പുതിയ സംസ്ഥാനം എന്ന ഉറപ്പ് മാത്രം നൽകാൻ അവർ തയ്യാറായിരുന്നു. ആരാണോ തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത്, അക്കാര്യം രേഖകളിലൂടെ ഉറപ്പ് നൽകുന്നവർക്കാണ് ഞങ്ങളുടെ പിന്തുണയെന്നും ബിജോയ് കുമാർ പറഞ്ഞു.

ത്രിപുരയിൽ വോട്ടെടുപ്പ് നടക്കുന്നത്
വ്യാഴാഴ്ചയാണ് ത്രിപുരയിൽ വോട്ടെടുപ്പ് നടക്കുന്നത്. തിപ്ര മോത്തയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങിയിരിക്കുന്നത്. വലിയ പ്രതീക്ഷയാണ് സി പി എം -കോൺഗ്രസ് കൂട്ടുകെട്ട് പങ്കുവെയ്ക്കുന്നത്. ബി ജെ പിക്കുള്ള ഏറ്റവും വലിയ തിരിച്ചടി സമ്മാനിക്കാനാകുമെന്നും 45 ഓളം സീറ്റുകൾ നേടുമെന്നും സി പി എം അവകാശപ്പെടുന്നുണ്ട്. അതേസമയം മറുവശത്ത് ഭരണം നിലനിർത്താനുള്ള തീവ്രശ്രമം ബി ജെ പി-ഐ പി എഫ് ടി സഖ്യവും നടത്തുന്നുണ്ട്.ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കൈയ്യിലുള്ള സംസ്ഥാനം നഷ്ടപ്പെട്ടാൽ അത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബി ജെ പിക്ക് വലിയ നഷ്ടം വരുത്തി വെച്ചേക്കുമെന്ന് ബി ജെ പി ആശങ്കപ്പെടുന്നുണ്ട്. സി പി എം -കോൺഗ്രസ് സഖ്യത്തിന് ഭരണം തിരിച്ച് പിടിക്കാനായാൽ അത് പ്രതിപക്ഷ നിരയ്ക്ക് നൽകുന്ന ഊർജ്ജം ചെറുതായിരിക്കില്ല.












Click it and Unblock the Notifications