ലൈഫ് മിഷൻ കേസ്; എംഎ യൂസഫ് അലിക്ക് ഇഡി നോട്ടീസ്, 16 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. വിദേശ സംഭാവന (റെഗുലേഷൻസ്) നിയമം ലംഘിച്ചുവെന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യൽ. മാർച്ച് 16 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂസഫ് അലിക്ക് ഇഡി നോട്ടീസ് നൽകിയതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
നേരത്തേ മാർച്ച് ഒന്നിന് ഹാജരാകാൻ യൂസഫ് അലിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നായിരുന്നു ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ശിവശങ്കർ എറണാകുളം ജില്ലാ ജയിലിലാണ് കഴിയുകയായിരുന്നു. ഈ മാസം 21 വരെയാണ് എം ശിവശങ്കറിന്‍റെ റിമാൻഡ് കാലാവധി.
ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കേസ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ മൊഴിയാണ് കേസിൽ ശിവശങ്കറിനെ കുടുക്കിയത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി രൂപയോളം കോഴ നൽകിയെന്നായിരുന്നു നിർമാണ കരാറുകാരനായിരുന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. ഇതിന്റെ ഒരു പങ്കാണ് തന്റെ അക്കൗണ്ടിൽ കണ്ടെത്തിയ തുകയെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.












Click it and Unblock the Notifications