Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ പുറത്തേക്ക്; ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന് ജാമ്യം. സുപ്രീം കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ആറ് മാസത്തിന് ശേഷമാണ് കെജ്രിവാളിന് ജാമ്യം ലഭിക്കുന്നത്. രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും നീണ്ട ജയില്‍വാസം 'സ്വാതന്ത്ര്യം അന്യായമായി ഹനിക്കപ്പെടുന്നതിന് തുല്യമാണ്' എന്ന് ഏകകണ്ഠമായി ബെഞ്ച് അഭിപ്രായപ്പെട്ടു.

കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടി ക്രമക്കേടുകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. എന്നിരുന്നാലും, സിബിഐയുടെ അറസ്റ്റ് 'നീതിരഹിതമാണ്' എന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ വ്യത്യസ്ത വീക്ഷണം പ്രകടിപ്പിച്ചു. 'അപ്പീല്‍ക്കാരന്റെ അറസ്റ്റ് നിയമവിരുദ്ധമാണോ എന്നതല്ല വിഷയം എന്നും സ്വാതന്ത്ര്യമാണ് എന്നും കോടതി പറഞ്ഞു.

Arvind Kejriwal

നീണ്ടുനില്‍ക്കുന്ന തടവ് അന്യായമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായര്‍, ബിആര്‍എസിന്റെ കെ കവിത എന്നിവര്‍ക്ക് ശേഷം കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന നാലാമത്തെ ഉന്നത നേതാവാണ് കെജ്രിവാള്‍. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഉത്തേജനമാണ് കെജ്രിവാളിന്റെ മോചനം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 നാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ആദ്യമായി ഇഡി അറസ്റ്റ് ചെയ്തത്. ഇഡിയുടെ കസ്റ്റഡിയിലായിരിക്കെ ജൂണ്‍ 26 നാണ് അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്. ജൂലൈ 12 ന്, ഇഡി കേസില്‍ കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.

ടൈപ്പ് 2 പ്രമേഹബാധിതനായ കെജ്രിവാള്‍ ആരോഗ്യപ്രശ്‌നങ്ങളും കോടതിക്ക് മുന്‍പാകെ ചൂണ്ടിക്കാട്ടിയിരുന്നു. ഇഡി കേസില്‍ ജാമ്യം ലഭിക്കുമെന്ന ഘട്ടമായപ്പോഴാണ് തന്നെ സിബിഐ അറസ്റ്റ് ചെയ്തത് എന്ന് കോടതി പറഞ്ഞിരുന്നു. കെജ്രിവാളിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയാണ് കോടതിയില്‍ ഹാജരായത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജുവാണ് സിബിഐയെ പ്രതിനിധീകരിച്ചത്.

മദ്യനയത്തില്‍ നിന്ന് ലഭിച്ച തുകയുടെ വലിയൊരു ഭാഗം 2022 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചു എന്നാണ് സിബിഐ പറയുന്നത്. മുഖ്യമന്ത്രി ഒരിക്കലും ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചിട്ടില്ലെന്നും എസ് വി രാജു ചൂണ്ടിക്കാട്ടി. കെജ്രിവാളിന് ജാമ്യം ലഭിച്ചാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ മനോവീര്യം തകരുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ കൂട്ടിലടച്ച തത്തയെന്ന സങ്കല്‍പ്പം സിബിഐ ഇല്ലാതാക്കണം എന്നും സംശയത്തിന് അതീതമായി സിബിഐ സീസറിന്റെ ഭാര്യയെപ്പോലെയാകണം എന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ല. 'സിബിഐ അവരുടെ അപേക്ഷയില്‍ അറസ്റ്റിന്റെ കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 41 എ (3) ന്റെ ലംഘനമൊന്നുമില്ല,' ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

അതേസമയം 2023 മാര്‍ച്ചില്‍ കെജ്രിവാളിനെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത സിബിഐക്ക് തോന്നിയില്ലെന്നും ഇഡി അറസ്റ്റ് സ്റ്റേ ചെയ്തതിന് ശേഷമാണ് സിബിഐ സജീവമാകുകയും കെജ്രിവാളിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തതെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ ചൂണ്ടിക്കാട്ടി.

22 മാസത്തിലേറെയായി അറസ്റ്റിന്റെ ആവശ്യമില്ലെന്ന് തോന്നിയതിനാല്‍ സിബിഐ.യുടെ ഇത്തരം നടപടി അറസ്റ്റിന്റെ സമയത്തെക്കുറിച്ച് ഗൗരവതരമായ ചോദ്യം ഉന്നയിക്കുന്നു എന്നും ഇഡി കേസില്‍ അനുവദിച്ച ജാമ്യം പരാജയപ്പെടുത്താന്‍ മാത്രമായിരുന്നു സിബിഐ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഉജ്ജല്‍ ഭുയാന്‍ നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+