പ്രാദേശിക പാർട്ടികൾക്ക് ബിജെപിയെ വീഴ്ത്താൻ കോൺഗ്രസ് സഹായം വേണ്ട! രാഹുലിന്റെ സ്വപ്നം തട്ടിൻപുറത്ത്
ദില്ലി: ഏഴ് ഘട്ടമായുളള തിരഞ്ഞെടുപ്പ് പകുതി പിന്നിടുമ്പോള്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാനുളള വമ്പന്‍ കണക്ക് കൂട്ടലുകളിലാണ് ബിജെപിയും കോണ്‍ഗ്രസും. ഇരുകൂട്ടര്‍ക്കും തനിച്ച് സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ലഭിക്കും എന്ന പ്രതീക്ഷയില്ല. ബിജെപി ഇതിനോടകം തന്നെ തിരഞ്ഞെടുപ്പിന് ശേഷമുളള പുതിയ സഖ്യകക്ഷികളെ തേടിപ്പിടിച്ച് തുടങ്ങി.
കോണ്‍ഗ്രസാകട്ടെ വ്യക്തമായ പദ്ധതികളൊന്നുമില്ലാതെ വിയര്‍ക്കുന്നു. പ്രതിപക്ഷ മുന്നണിയിലുളള പാര്‍ട്ടികളുമായി പലയിടത്തും സഖ്യമുണ്ടാക്കാന്‍ പോലും കോണ്‍ഗ്രസിന് ആയിട്ടില്ല. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആകട്ടെ രാഹുലിന് എതിരാളികളും ഏറെയുണ്ട്. പ്രാദേശിക കക്ഷികള്‍ ഏറെ നിര്‍ണായക ശക്തിയാകുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് മുട്ടന്‍ പണി കിട്ടാന്‍ പോകുന്നത്.

കിംഗ് മേക്കേഴ്സ്
2019ല്‍ രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുക എസ്പിയും ബിഎസ്പിയും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുളള പ്രാദേശിക പാര്‍ട്ടികളായിരിക്കും. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ആര്‍ക്ക് കൂടുതല്‍ ലഭിക്കുന്നുവോ അവര്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കും. നിലവില്‍ യുപിഎയിലും എന്‍ഡിഎയിലും ഭാഗമാകാത്ത പാര്‍ട്ടികളാവും ഇത്തവണത്തെ കിംഗ് മേക്കേഴ്‌സ്.

കോൺഗ്രസ് ത്രിശങ്കുവിൽ
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് മുന്നിലാണ് വലിയ വെല്ലുവിളിയുളളത്. ഇന്നത്തെ കോണ്‍ഗ്രസിനെ കവച്ച് വെയ്ക്കുന്നതാണ് പ്രാദേശിക പാര്‍ട്ടികളുടെ ശക്തി എന്നത് തന്നെയാണ് കാരണം. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തിരഞ്ഞെടുപ്പ് വിജയം നേടാന്‍ സാധിച്ചില്ലായിരുന്നുവെങ്കില്‍ പ്രതിപക്ഷ നേതൃനിരയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ഏറെ പിന്നില്‍ ആകുമായിരുന്നു.

പ്രധാനമന്ത്രി കസേരയ്ക്ക്
അടുത്ത ഭരണ കക്ഷിയാകാന്‍ പോകുന്ന പാര്‍ട്ടിയെന്ന് കോണ്‍ഗ്രസിന് വീരവാദം മുഴക്കാമെങ്കിലും യഥാര്‍ത്ഥത്തില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ പോരാട്ടം മുന്നോട്ട് കൊണ്ട് പോകുന്നത് പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ആണ്. ശരത് പവാര്‍ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളായി മുന്നോട്ട് വെയ്ക്കുന്നത് മായാവതിയുടേയും ചന്ദ്രബാബു നായിഡുവിന്റെയും പേരുകളാണ് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം.

പ്രതിയോഗികൾ ഒപ്പം തന്നെ
പ്രധാനമന്ത്രിയാകാന്‍ കച്ച കെട്ടുന്ന രാഹുല്‍ ഗാന്ധിക്ക് പ്രതിയോഗികള്‍ പ്രതിപക്ഷ മുന്നണിയില്‍ തന്നെയുണ്ട്. അവരാകട്ടെ രാഹുല്‍ ഗാന്ധിയെ കവച്ച് വെയ്ക്കാന്‍ മാത്രം മിടുക്കുളളവരുമാണ്. പശ്ചിമ ബംഗാള്‍ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒന്നുമല്ലാത്ത അവസ്ഥയിലാണ്.

ബംഗാളിൽ മമതയുടെ കോട്ട
പശ്ചിമ ബംഗാളില്‍ മമതത ബാനര്‍ജി ഒറ്റയ്ക്കാണ് ബിജെപിയെ പ്രതിരോധിക്കുന്നത്. സംസ്ഥാനത്ത് ഇടത് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമം ദയനീയമായി പാളി. ഇടത് പക്ഷമാവട്ടെ തിരിച്ച് വരവിന്റെ ശ്രമത്തിലാണ്. കോണ്‍ഗ്രസിന്റെ മുഴുവന്‍ സാധ്യതകളും ബിജെപി പശ്ചിമ ബംഗാളില്‍ ഇല്ലാതാക്കിക്കഴിഞ്ഞു.

മഹാരാഷ്ട്രയിൽ എൻസിപി
മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി കോണ്‍ഗ്രസ് സഖ്യത്തിലാണ്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസല്ല നേതാവ്, എന്‍സിപിയാണ്. എംഎന്‍എസ് നേതാവ് രാജ് താക്കറെയെ ബിജെപിക്കെതിരെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് പവാറിന്റെ ബുദ്ധിയാണ്. മറുവശത്ത് കോണ്‍ഗ്രസിന്റെ താരപ്രചാരകന്റെ മകന്‍ നേരെ പോയി ബിജെപിയില്‍ ചേരുകയാണുണ്ടായത്.

സഖ്യശ്രമം പാളി
രാജ്യ തലസ്ഥാനമായ ദില്ലിയില്‍ അതിലും ദയനീയമാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. ദില്ലിയിലെ 7 ലോക്‌സഭാ സീറ്റുകളും ബിജെപിയുടെ കയ്യിലാണ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് ജയസാധ്യതയുണ്ട്. എന്നാല്‍ സഖ്യരൂപീകരണം വിജയത്തിലേക്ക് എത്തിക്കുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.

റോളില്ലാതെ ബീഹാറും ഒഡിഷയും
ബീഹാറില്‍ കോണ്‍ഗ്രസിന് ഒരു നേതാവോ എന്തിന് സംഘടനാ സംവിധാനമോ ഇല്ല. ആര്‍എല്‍ഡി നയിക്കുന്ന മുന്നണിയില്‍ സഹനടന്റെ റോള്‍ മാത്രമാണ് കോണ്‍ഗ്രസിന്. ഒഡിഷയില്‍ ബിജെപിക്കെതിരെ പൊരുതുന്നത് ബിജെഡിയുടെ നവീന്‍ പട്‌നായിക്കാണ്.. അവിടെയും കോണ്‍ഗ്രസിന് കാര്യമായ ഒരു റോളും എടുത്ത് കാട്ടാനില്ല.

കർണാടകത്തിൽ പടലപ്പിണക്കം
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും കട്ടയ്ക്ക് നില്‍ക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. ശക്തമായ സംഘടനാ സംവിധാനവും സിദ്ധരാമയ്യയെ പോലുളള നേതാവും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ കര്‍ണാടകത്തിലെ സഖ്യകക്ഷിയായ ജെഡിഎസുമായുളള പടലപ്പിണക്കങ്ങളാണ് കോണ്‍ഗ്രസിനെ ഇവിടെ അവതാളത്തിലാക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഈ സഖ്യത്തിന്റെ ഭാവി എന്താകുമെന്ന് ആശങ്കകളുണ്ട്.

കോൺഗ്രസ് പുറത്ത്
ഉത്തര്‍ പ്രദേശില്‍ എസ്പിയും ബിഎസ്പിയും അടങ്ങുന്ന മഹാഗഡ്ബന്ധന്‍ കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. വളരെ കുറഞ്ഞ സീറ്റുകളിലേ ഇവിടെ കോണ്‍ഗ്രസ് ഇത്തവണയും വിജയം പ്രതീക്ഷിക്കുന്നുളളൂ. പ്രിയങ്ക ഗാന്ധിയുടെ പ്രഭാവമൊന്നും ഈ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കും എന്ന അമിത പ്രതീക്ഷയൊന്നും കോണ്‍ഗ്രസിനില്ല.

പ്രഭാവം ചോർന്ന് ഹർദിക്
പഞ്ചാബില്‍ കോണ്‍ഗ്രസിന് ശക്തമായ പാര്‍ട്ടി സംവിധാനവും അമരീന്ദര്‍ സിംഗിനെ പോലുളള നേതാവും ഉണ്ട്. എന്നാല്‍ ഹരിയാനയിലും രാജസ്ഥാനിലും ഉള്‍പ്പാര്‍ട്ടി പോരുകള്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ മുക്കിക്കളയുന്നു. ഗുജറാത്തില്‍ തുറുപ്പ് ചീട്ടായ ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ പ്രഭാവം ചോര്‍ന്നിരിക്കുന്നു. അല്‍പേഷ് താക്കൂര്‍ ആകട്ടെ പാര്‍ട്ടി വിടുകയും ചെയ്തു.

കോൺഗ്രസിന് സഹായം വേണം
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി ധാരണയില്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇരുകൂട്ടരും തമ്മില്‍ അത്ര ചേര്‍ന്നിട്ടുമില്ല എന്നതാണ് അവസ്ഥ. തമിഴ്‌നാട്ടില്‍ ഡിഎംകെ സഹായത്തോടെയാണ് കോണ്‍ഗ്രസിന്റെ മത്സരം. ചുരുക്കിപ്പറഞ്ഞാല്‍ മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് സഹായം ആവശ്യമില്ല. മറിച്ച് സഹായം ആവശ്യമുളളത് കോണ്‍ഗ്രസിനാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications