100 സീറ്റ് ഇതിനകം ഉറപ്പായിക്കഴിഞ്ഞു; 400 സീറ്റ് എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് അമിത് ഷാ
ഗുവാഹത്തി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം ബി ജെ പിയും എന്‍ ഡി എയിലെ സഖ്യകക്ഷികളും 100 സീറ്റുകള്‍ ജയിക്കുമെന്നുറപ്പായി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍ ഡി എയുടെ പ്രഖ്യാപിത ലക്ഷ്യമായ 400 സീറ്റ് എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനങ്ങളുടെ ആശീര്‍വാദത്തോടും പിന്തുണയോടും കൂടി 400-ലധികം ലോക്സഭാ സീറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ബിജെപി നീങ്ങുകയാണ്. ഞങ്ങളുടെ ആഭ്യന്തര വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജെപിയും അതിന്റെ സഖ്യകക്ഷികളും രണ്ടാം ഘട്ട വോട്ടെടുപ്പോടെ 100 സീറ്റുകള്‍ കടന്നിരിക്കുന്നുവെന്ന് പറയാന്‍ കഴിയും. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്,' അമിത് ഷാ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ഗുവാഹത്തിയില്‍ എത്തിയ അമിത് ഷാ ബി ജെ പിയുടെ ഗുവാഹത്തി സ്ഥാനാര്‍ത്ഥി ബിജുലി കലിത മേധിക്ക് വേണ്ടി റോഡ് ഷോ നടത്തിയിരുന്നു. അസമിലെ 14 ല്‍ 11 സീറ്റുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. സഖ്യകക്ഷികളായ അസോം ഗണ പരിഷത്ത് (എജിപി) രണ്ട് സീറ്റുകളിലും (ബാര്‍പേട്ട, ധുബ്രി), യുപിപിഎല്‍ ഒരു സീറ്റിലും (കൊക്രജാര്‍) മത്സരിക്കുന്നു.
മെയ് ഏഴിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റാനും സംവരണം അവസാനിപ്പിക്കാനുമാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന കോണ്‍ഗ്രസ് ആരോപണം തെറ്റാണെന്നും പ്രതിപക്ഷംനുണകള്‍ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. തങ്ങള്‍ വോട്ടര്‍മാരെ ന്യൂനപക്ഷമായോ ഭൂരിപക്ഷമായോ കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ആരംഭം മുതല്‍ പ്രീണനത്തിന്റെ രാഷ്ട്രീയം പ്രയോഗിച്ചത് കോണ്‍ഗ്രസാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണങ്ങളില്‍ ബി ജെ പി വിശ്വസിക്കുന്നില്ല. രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനും എല്ലാ മതവിഭാഗക്കാര്‍ക്കും ഒരു നിയമം ഉറപ്പാക്കുന്നതിനും തങ്ങള്‍ അനുകൂലമാണ് എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഒരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ ഉണ്ടാകുന്നത് ശരിയല്ലെന്നും ഇത് ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അസം, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ വലിയ വിജയം ബിജെപിയും എന്‍ഡിഎയും നേടും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി കാണിക്കുന്ന അശ്ലീല വീഡിയോകളില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ ബി ജെ പിയുടെ നിലപാട് വ്യക്തമാണെന്നും തങ്ങള്‍ അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും ഒപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു.
'എനിക്ക് കോണ്‍ഗ്രസിനോട് ചോദിക്കാനുള്ളത് ആരുടെ സര്‍ക്കാരാണ് അവിടെ എന്നാണ്? സര്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടേതാണ്, എന്തുകൊണ്ടാണ് അവര്‍ ഇതുവരെ ഒരു നടപടിയും എടുക്കാത്തത്? ഇത് സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്നമായതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്,' അദ്ദേഹം പറഞ്ഞു. കേസില്‍ അന്വേഷണത്തെ ബിജെപി അനുകൂലിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ഇത് വളരെ ഗൗരവമുള്ളതാണ്. അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതുവരെ നടപടിയെടുക്കാത്തത് എന്ന് പ്രിയങ്ക ഗാന്ധി അവരുടെ മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ചോദിക്കണം എ്‌നും അദ്ദേഹം പറഞ്ഞു. നേരത്തെ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചിരുന്നു. ശനിയാഴ്ചയാണ് പ്രജ്വലിന്റെ ആരോപണവിധേയമായ വീഡിയോകള്‍ പുറത്തുവന്നത്.












Click it and Unblock the Notifications