പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ അറസ്റ്റ്; ഇന്ത്യാ മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു
ന്യൂദല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് എം എല്‍ എയുടെ അറസ്റ്റ് ഇന്ത്യാ സഖ്യത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പഞ്ചാബ് സര്‍ക്കാരിനെ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയുമായി ഒരു തരത്തിലും തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ സാധ്യമാകില്ലെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് സുഖ്പാല്‍ സിംഗ് ഖൈറയെ ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 2015-ലെ മയക്കുമരുന്ന് കള്ളക്കടത്തും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
ഇതാണ് ഇപ്പോള്‍ ദേശീയ തലത്തിലേക്ക് വ്യാപിച്ചിരിക്കുന്നത്. അനീതി കോണ്‍ഗ്രസ് പൊറുക്കില്ലെന്നും അനീതി കാണിക്കുന്നവര്‍ അധികകാലം നിലനില്‍ക്കില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുഖ്യമന്ത്രി ഭഗവന്ത് മന്നും ആം ആദ്മിയും രക്തദാഹിയാണെന്നായിരുന്നു സുഖ്പാല്‍ സിംഗ് ഖൈറ ആരോപിച്ചത്. ഈ സര്‍ക്കാര്‍ തന്നെ ശാരീരികമായി ഇല്ലാതാക്കിയാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നും ഖൈറ പറഞ്ഞിരുന്നു.

എന്നാല്‍ കേസില്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നുമായിരുന്നു ഖൈറയുടെ അറസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പഞ്ചാബ് ആരോഗ്യമന്ത്രി ഡോ.ബല്‍ബീര്‍ സിംഗ് പറഞ്ഞത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തന്നെ ആം ആദ്മിയും കോണ്‍ഗ്രസും തര്‍ക്കത്തിലാണ്. ദേശീയ തലത്തില്‍ തര്‍ക്കമില്ലെങ്കിലും ദല്‍ഹി, പഞ്ചാബ് ഘടകങ്ങളാണ് ഭിന്നത പരസ്യമാക്കി രംഗത്തെത്തി.
രണ്ടിടത്തും ആം ആദ്മിയാണ് അധികാരത്തിലുള്ളത്. കോണ്‍ഗ്രസാണ് പ്രതിപക്ഷത്ത്. ഈ സാഹചര്യത്തില്‍ ഇവിടെ ഇരുകക്ഷികളും സീറ്റ് പങ്കിടല്‍ ഫോര്‍മുലയോട് അനുഭാവപൂര്‍ണമായ നിലപാടല്ല സ്വീകരിക്കുന്നത്. അതിനിടെയാണ് ഖൈറയുടെ അറസ്റ്റ് വരുന്നത്. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ശ്രമമാണ് അറസ്റ്റെന്ന് കോണ്‍ഗ്രസ് പഞ്ചാബ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ് പറഞ്ഞു.
അതേസമയം അഴിമതിയില്‍ ഏര്‍പ്പെടുകയും ഗുണ്ടാസംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്ത ഒരു പാര്‍ട്ടിയുമായി തങ്ങള്‍ സഖ്യമുണ്ടാക്കില്ല എന്ന് ആം ആദ്മി പഞ്ചാബ് നേതാവ് ജഗ്താര്‍ സിംഗ് സംഗേരയും തിരിച്ചടിച്ചു. പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ഇന്ത്യാ മുന്നണിയ്ക്ക് വെല്ലുവിളി രൂക്ഷമാക്കുകയാണ്.
കേരളത്തിലേതിന് സമാനമായി ബംഗാളിലും കോണ്‍ഗ്രസുമായി സഖ്യം വേണ്ട എന്ന തീരുമാനത്തിലാണ് സി പി എം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ കോണ്‍ഗ്രസിനും താല്‍പര്യമില്ല. അതേസമയം തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനം താരതമ്യേന എളുപ്പമായിരിക്കും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications