ദുല്‍ഖറിന്റെ നായിക രാഷ്ട്രീയത്തിലേക്ക്? ബീഹാറില്‍ നിന്ന് മത്സരിച്ചേക്കും; പിതാവ് പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: ബോളിവുഡ് നടിയും മോഡലുമായ നേഹ ശര്‍മ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. കോണ്‍ഗ്രസ് നേതാവും ബീഹാറിലെ ബാഗല്‍പൂരിലെ എംഎല്‍എയുമായ അജയ് ശര്‍മയുടെ മകളാണ് നേഹ ശര്‍മ. നടി രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന സൂചനയാണ് അജയ് ശര്‍മ നല്‍കുന്നത്. ബാഗല്‍പൂരില്‍ നിന്ന് കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസ് ആര്‍ജെഡിയുമായി ഈ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഈ സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ തന്റെ മകള്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും അജയ് ശര്‍മ പറഞ്ഞു. ഇതോടെ നേഹ ശര്‍മയുടെ രാഷ്ട്രീയ പ്രവേശനം സാധ്യത സജീവമായിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്റെ അടക്കം നായികയായി അഭിനയിച്ചിട്ടുണ്ട് നേഹ ശര്‍മ. മലയാളത്തില്‍ സോളോ എന്ന ചിത്രത്തിലാണ് നേഹ ദുല്‍ഖറിന്റെ നായികയായത്. ബോളിവുഡ് ക്രൂക് അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് നേഹ. ബാഗല്‍പൂര്‍ കോണ്‍ഗ്രസ് എന്തായാലും നേടിയെടുക്കാന്‍ ശ്രമിക്കണം. അതിനായി മഹാഗഡ്ബന്ധനില്‍ സമ്മര്‍ദം ചെലുത്തണം.
കാരണം അത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ ആരാകും മത്സരിക്കുകയെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. എന്നോട് ആവശ്യപ്പെടാന്‍ ഞാനോ മകള്‍ നേഹ ശര്‍മയോ മത്സരിക്കും. കാത്തിരുന്ന് കാണാമെന്നും അജയ് ശര്‍മ പറഞ്ഞു.
ബീഹാറില്‍ ഇന്ത്യ സഖ്യത്തിന്റെ വിജയം സുനിശ്ചിതമാണ്. ബിജെപിയെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്നും അജയ് ശര്‍മ വ്യക്തമാക്കി. അതേസമയം ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ ആഴ്ച്ച തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
ചില സീറ്റുകളില്‍ പ്രശ്‌നങ്ങളുണ്ട്. ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണത്. എല്ലാ പ്രശ്‌നങ്ങളം പരിഹരിക്കുമെന്നും തേജസ്വി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് ചില സീറ്റുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ ആര്‍ജെഡിയും ചില സീറ്റുകള്‍ വിട്ടുകൊടുത്തിട്ടില്ല.
അതേസമയം ബീഹാറില്‍ എന്‍ഡിഎ നേരത്തെ തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതാണ്. ബിജെപി 17 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതേസമയം നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റുകളിലും മത്സരിക്കും. ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിക്ക് അഞ്ച് സീറ്റ് ലഭിച്ചിട്ടുണ്ട്. ഹാജിപൂരും ജമൂയിയും ഇതില്‍ വരും.
ഹാജിപൂരില്‍ നിന്ന് ഇത്തവണ ചിരാഗ് പാസ്വാന്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. നേരത്തെ പശുപതി പരസ് വിഭാഗത്തിന് സീറ്റൊന്നും നല്‍കാന്‍ ബിജെപി തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ചിരാഗിനെ അദ്ദേഹം മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications