ബിജെപിക്കെതിരായ നിതീഷിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; ജിതന്‍ റാം മാഞ്ചിയുടെ മകന്‍ മന്ത്രിസ്ഥാനം രാജിവെച്ചു
പാട്‌ന: ബി ജെ പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്ന ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറിന് തിരിച്ചടി. ബീഹാര്‍ സര്‍ക്കാരിലെ മന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ സന്തോഷ് കുമാര്‍ സുമന്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചു. തന്റെ പാര്‍ട്ടിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്നതിനാലാണ് രാജിയെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു.
ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെ ജെ ഡി യുവില്‍ ലയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സന്തോഷ് കുമാര്‍ ആരോപിച്ചു. ''ഞങ്ങളുടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് ഭീഷണിയിലാണ്, അത് സംരക്ഷിക്കാനാണ് ഞാന്‍ രാജിവെക്കുന്നത് '' സന്തോഷ് കുമാര്‍ പറഞ്ഞു. ജൂണ്‍ 23 ലെ പ്രതിപക്ഷ യോഗത്തിന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പാര്‍ട്ടിയായി പോലും തങ്ങളെ അംഗീകരിക്കാത്തപ്പോള്‍ എങ്ങനെയാണ് സര്‍ക്കാരില്‍ തുടരുകയെന്നും അദ്ദേഹം ചോദിച്ചു.

'ഒരു കാട്ടില്‍ എല്ലാത്തരും ജീവികളും വസിക്കുന്നു. സിംഹങ്ങളും അവ വേട്ടയാടുന്ന ചെറിയ മൃഗങ്ങളും ഉണ്ട്. അവയെല്ലാം ഓടി രക്ഷപ്പെടും. അധികകാലം സുരക്ഷിതരായിരിക്കില്ലെന്ന് തോന്നിയതിനാല്‍ ഞങ്ങളും രക്ഷപ്പെട്ടു, ' അദ്ദേഹം പറഞ്ഞു. അതേസമയം ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയില്‍ ചേരുമെന്ന അഭ്യൂഹങ്ങളേയും സന്തോഷ് കുമാര്‍ തള്ളിക്കളഞ്ഞു.
'ഞങ്ങള്‍ ഒരു സ്വതന്ത്ര പാര്‍ട്ടിയാണ്, ഞങ്ങളുടെ അസ്തിത്വം സംരക്ഷിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. എന്‍ ഡി യില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ല. മഹാഗത്ബന്ധന്റെ ഭാഗമായി തുടാരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' എന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകനാണ് സന്തോഷ് കുമാര്‍ സുമന്‍. ബീഹാര്‍ സര്‍ക്കാരിലെ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.
നേരത്തെ പ്രതിപക്ഷ യോഗത്തിന് ക്ഷണം ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച തലവന്‍ ജിതന്‍ റാം മാഞ്ചി രംഗത്തെത്തിയിരുന്നു. എന്നാല്‍ എന്‍ ഡി എയിലേക്ക് പോകില്ലെന്ന് ജിതന്‍ റാം മാഞ്ചിയും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിതീഷ് കുമാറിന്റെ വസതിയിലെത്തി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എം എല്‍ എമാര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്ക് അഞ്ച് സീറ്റ് വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ പ്രതിപക്ഷകക്ഷി നേതാക്കള്‍ യോജിച്ചായിരിക്കും സീറ്റ് വിഭജന കാര്യത്തില്‍ തീരുമാനമെടുക്കുക എന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി. 450 ലോക്സഭാ സീറ്റുകളില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥികളെ നിര്‍ത്താനാ് ആലോചന എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications