ബെംഗളൂരുവില്‍ ആകെ 3 എംപിമാര്‍, ചെലവിട്ടത് 55.88 കോടി, കൂടുതല്‍ എംപി ഫണ്ട് ചെലവാക്കിയത് ആര്?
ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരു നഗരത്തില്‍ ആകെയുള്ള മൂന്ന് എംപിമാര്‍ ചേര്‍ന്ന് ചെലവിട്ട ഫണ്ട് 55.88 കോടി. ബെംഗളൂരു സൗത്തില്‍ നിന്ന് തേജസ്വി സൂര്യ, ബെംഗളൂരു സെന്‍ട്രലില്‍ നിന്ന് പിസി മോഹന്‍, ബെംഗളൂരു നോര്‍ത്തില്‍ നിന്ന് ഡിവി സദാനന്ദ ഗൗഡ എന്നിവരാണ് മൂന്ന് മണ്ഡലങ്ങളിലെ എംപിമാര്‍. ബെംഗളൂരു പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഓരോ എംപിമാര്‍ക്കും വികസന ഫണ്ടിലേക്കായി അഞ്ച് കോടിയാണ് ലഭിക്കുക. 55 കോടിയില്‍ അധികം രൂപയില്‍ 23.47 കോടി അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ് ചെലവിട്ടിരിക്കുന്നത്. 16.03 കോടി കുടിവെള്ളത്തിനും ശൗചാലയങ്ങള്‍ക്കും വേണ്ടിയാണ് ചെലവിട്ടത്. വിദ്യാഭ്യാസ മേഖലയ്ക്കായി 7.27 കോടിയും ചെലവിട്ടിട്ടുണ്ട്.

അതേസമയം ഏപ്രില്‍ 6 2020 മുതല്‍ 2021 നവംബര്‍ ഒന്‍പത് വരെ എംപി ഫണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. കൊവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. 2021 നവംബര്‍ 10 മുതല്‍ മാര്‍ച്ച് 31 വരെ 2022 വരെ രണ്ട് കോടിയാണ് ഓരോ എംപിക്കും അനുവദിച്ചിരുന്നത്. 17ാമത് ലോക്‌സഭാ 273 ദിവസമാണ് പ്രവര്‍ത്തിച്ചത്.
എംപിമാരുടെ ദേശീയ ശരാശരി ഹാജര്‍ 79 ശതമാനമാണ്. സംസ്ഥാന ശരാശരി ഹാജര്‍ 71 ശതമാനവുമാണ്. തേജസ്വി സൂര്യ 212 ദിവസങ്ങള്‍ പാര്‍ലമെന്റില്‍ ഹാജരായിട്ടുണ്ട്. ഇത് 78 ശതമാനമാണ്. 382 ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നതെന്നും ബിപിഎസി റിപ്പോര്‍ട്ടില്‍ പറയുന്നു.എംപി ലാഡ് ഫണ്ട് പ്രകാരം 19.36 കോടിയാണ് തേജസ്വി സൂര്യ ചെലവിട്ടത്.
അടിസ്ഥാന സൗകര്യ വികസനത്തിനായി 8.86 കോടിയാണ് ചെലവിട്ടത്. ചെലവാക്കിയ തുകയുടെ 45.76 ശതമാനവും അടിസ്ഥാന സൗകര്യ വികസനത്തിനാണ്. 3.79 കോടി ആരോഗ്യത്തിനും കുടുംബ ക്ഷേമത്തിനുമായിട്ടാണ് ചെലവിട്ടത്. ബസവനഗുഡി, ജയാനഗര്‍ എന്നിവയ്ക്കാണ് കൂടുതല്‍ ഫണ്ട് ലഭിച്ചത്. 2022-2023 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ പണം തേജസ്വി സൂര്യ ചെലവാക്കിയത്. 3.83 കോടിയാണ് ഈ കാലയളവില്‍ ചെലവിട്ടത്.
അതേസമയം ബസവനഗുഡിക്ക് 4.33 കോടിയും, ജയാനഗറിന് 4.32 കോടിയുമാണ് വികസന ഫണ്ടില്‍ നിന്ന് ലഭിച്ചത്. പിസി മോഹന്‍ 224 ദിവസമാണ് പാര്‍ലമെന്റില്‍ എത്തിയത്. 189 ചോദ്യങ്ങളാണ് ഉന്നയിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 17.79 കോടിയാണ് എംപി ചെലവിട്ടത്. കുടിവെള്ള-ശുചിത്വ പദ്ധതികള്‍ക്കായി 6.58 കോടിയാണ് അദ്ദേഹം ചെലവിട്ടത്.
അടിസ്ഥാന സൗകര്യ വികസനത്തിനായി 5.42 കോടി രൂപയുടെ പദ്ധതികളുമാണ് അദ്ദേഹം ചെലവിട്ടത്. ചാമരാജ്‌പേട്ടിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. ഡിവി സദാനന്ദ ഗൗഡ നൂറ് ദിവസത്തില്‍ അധികമാണ് പാര്‍ലമന്റില്‍ പങ്കെടുത്തത്. അദ്ദേഹം. 2019 മെയ് മുപ്പത് മുതല്‍ 2021 ജൂലായ് ഏഴ് വരെ കേന്ദ്ര മന്ത്രിയായിരുന്നു. മന്ത്രിയായിരുന്നപ്പോള്‍ ഒരു ചോദ്യം പോലും അദ്ദേഹം ചോദിച്ചില്ല. ബിജെപി ഇത്തവണ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിട്ടുണ്ട്. 18.69 കോടിയാണ് അദ്ദേഹം എംപി ഫണ്ട് വഴി ആകെ നല്‍കിയത്.












Click it and Unblock the Notifications