നിലപാട് മാറ്റി ജെഡിഎസ്; ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം, സീറ്റ് വിഭജനം ഇങ്ങനെ
ബെംഗളൂരൂ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി ജെ പി - ജെ ഡി എസ് സഖ്യത്തിന് ധാരണയായി. ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സഖ്യത്തിന്റെ ഘടനയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജെ ഡി എസ് മേധാവി എച്ച് ഡി ദേവഗൗഡ അടുത്തിടെ ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടിരുന്നു.
നാല് ലോക്‌സഭാ സീറ്റില്‍ ജെ ഡി എസ് മത്സരിക്കുമെന്നും ബി ജെ പി ഇവിടെ പിന്തുണ നല്‍കുമെന്നും യെദ്യൂരപ്പ പറഞ്ഞു. മാണ്ഡ്യ, ഹാസന്‍, തുംകുരു, ചിക്‌ബെല്ലാപൂര്‍, ബെംഗളൂരു റൂറല്‍ എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ ജെഡിഎസ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോലാര്‍, ഹാസന്‍, മാണ്ഡ്യ, ബെംഗളൂരു റൂറല്‍ എന്നീ നാല് സീറ്റുകള്‍ നല്‍കാനാണ് ബി ജെ പി സമ്മതിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കുമാരസ്വാമിയുടെ വസതിയില്‍ ദേവഗൗഡയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് എം എല്‍ എമാര്‍, മുന്‍ എം എല്‍ എമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരില്‍ നിന്ന് അഭിപ്രായം തേടിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മിക്ക നേതാക്കളും ബിജെപിയുമായുള്ള സഖ്യത്തിന് അനുകൂലമായ അഭിപ്രായമാണ് അറിയിച്ചത്.
നേരത്തെ ഇക്കഴിഞ്ഞ ജൂലൈയില്‍ എന്‍ ഡി എയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാകില്ലെന്നും ജെ ഡി എസ് സ്വതന്ത്രമായി മത്സരിക്കുമെന്നും ദേവഗൗഡ പറഞ്ഞിരുന്നു. എത്ര സീറ്റില്‍ ജയിച്ചാലും സ്വതന്ത്രമായി മത്സരിക്കുമെന്നായിരുന്നു ദേവഗൗഡ പറഞ്ഞത്.
കര്‍ണാടകയില്‍ ആകെ 28 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്. 2019 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി 25 സീറ്റുകള്‍ നേടിയപ്പോള്‍ പാര്‍ട്ടി പിന്തുണയുള്ള ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചിരുന്നു. കോണ്‍ഗ്രസും ജെ ഡി എസും ഓരോ സീറ്റ് വീതം നേടി. ജെ ഡി എസ് കോട്ടയായ ഹാസനില്‍ ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വല് രേവണ്ണയായിരുന്നു വിജയിച്ചിരുന്നത്.
നേരത്തെ സംയുക്ത പ്രതിപക്ഷമായ ഇന്ത്യാസഖ്യത്തിന്റെ ഭാഗമാകാന്‍ ജെ ഡി എസിനെ ക്ഷണിച്ചിരുന്നില്ല. ഇതോടെയാണ് എന്‍ ഡി എ സഖ്യത്തിലേക്കേ് പോകാന്‍ ജെ ഡി എസിനുള്ളില്‍ ആലോചന ശക്തമായത്. കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി എസിന് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications