കങ്കണയ്ക്ക് രാഷ്ട്രീയ വഴി എളുപ്പമല്ല, മാണ്ഡിയില്‍ നേതാക്കള്‍ കാലുവാരും? നടിയെ മാറ്റണമെന്ന് ആവശ്യം
ഷിംല: ബോളിവുഡ് നടി കങ്കണ റനാവത്തിന് സ്വന്തം തട്ടകത്തില്‍ വന്‍ വെല്ലുവിളികള്‍. ബിജെപി ഏറെ പ്രതീക്ഷകളോടെയാണ് വിവാദ നായിക കൂടിയായ കങ്കണയെ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മത്സരിപ്പിക്കുന്നത്. കങ്കണ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറാന്‍ കൂടിയാണ് ഒരുങ്ങുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.
പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പ്രശ്‌നങ്ങളാണ് ഉള്ളത്. മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേശ്വര്‍ സിംഗ് പരസ്യമായി തന്നെ കങ്കണയെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുകയാണ്. കങ്കണ ഹിമാചലിലും സ്വന്തം മണ്ഡലത്തിലും അത്ര ജനപ്രിയയല്ല എന്ന് വ്യക്തമാണ്.

കങ്കണ പാര്‍ട്ടിക്കായി ഒന്നും ചെയ്തിട്ടില്ലെന്നാണ് മഹേശ്വര്‍ സിംഗ് പറയുന്നു. മാണ്ഡിയിലെ ജനങ്ങള്‍ക്ക് അവര്‍ യാതൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് അവരെ സ്ഥാനാര്‍ത്ഥിയാക്കിയ കാര്യം പുനപ്പരിശോധിക്കണമെന്ന് മഹേശ്വര്‍ സിംഗ് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
ബിജെപി ഹൈക്കമാന്‍ഡുമായി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ മാറ്റാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. മാണ്ഡിയില്‍ തനിക്ക് ടിക്കറ്റ് ഉറപ്പുനല്‍കിയിരുന്നുവെന്ന് നേരത്തെ സിംഗ് പറഞ്ഞിരുന്നു. ബിജെപിയിലെ വിമതര്‍ കങ്കണയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സാധ്യതയുണ്ട്. ഇവര്‍ക്ക് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ്.
നേരത്തെ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ലാല്‍ മര്‍ക്കണ്ഡെയും ഒപ്പമുള്ളവരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് വിമതന്‍ രവി താക്കൂറിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. മാണ്ഡി ലോക്‌സഭാ മണ്ഡലം 17 നിയമസഭാ സീറ്റ് അടങ്ങിയതാണ്. ഇതില്‍ എട്ടെണ്ണം സംവരണ മണ്ഡലങ്ങളാണ്. രാജകുടുംബങ്ങളാണ് ഇവിടെ പരമ്പരാഗതമായി മത്സരിച്ചിരുന്നത്.
ഇതുവരെ നടന്ന 19 പോരാട്ടങ്ങളില്‍ പതിമൂന്നിലും ഇവിടെ രാജകുടുംബങ്ങളാണ് വിജയിച്ചിട്ടുള്ളത്. കങ്കണ മണ്ഡലത്തില്‍ റോഡ്‌ഷോയും, റാലിയുമെല്ലാം നടത്തിയെങ്കിലും എതിര്‍പ്പ് രൂക്ഷമായി തുടരുകയാണ്. മഹേശ്വര്‍ സിംഗിന്റെ മകനായ ഹിതേശ്വര്‍ സിംഗ്, മുന്‍ എംഎല്‍എ കിഷോരി ലാല്‍, മഹേശ്വര്‍ സിംഗ് എന്നിവരെല്ലാം നേരത്തെ സ്വതന്ത്രരായി മത്സരിച്ചവരാണ്.
കങ്കണയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയില്‍ വലിയൊരു വിഭാഗം നേതാക്കളും എതിര്‍പ്പിലാണ്. ഇവരും വിമതരും തമ്മില്‍ ഒന്നായിരിക്കുകയാണ്. വലിയ ചര്‍ച്ചകളാണ് മണ്ഡലത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ് മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞതാണ്.
എന്നാല്‍ കങ്കണ വന്നതോടെ അവര്‍ നിലപാട് മാറ്റിയിരിക്കുകയാണ്. അതേസമയം കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോയായ കുശാല്‍ താക്കൂര്‍ കങ്കണയെ പിന്തുണച്ചിട്ടുണ്ട്. പിതാവോ ഭര്‍ത്താവോ മുഖ്യമന്ത്രിയായത് കൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിയ വ്യക്തിയല്ല താനെന്നാണ് പ്രതിഭയെ ലക്ഷ്യമിട്ട് കങ്കണ പ്രസംഗത്തില്‍ പറഞ്ഞത്.












Click it and Unblock the Notifications