ജെഡിഎസ് പിളരുന്നു; ബിജെപിക്കൊപ്പം പോകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍, കുമാരസ്വാമിയുടെ പ്രതികരണം ഇങ്ങനെ
ബെംഗളൂരൂ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ജെ ഡി എസ് പിളര്‍പ്പിലേക്കെന്ന് സൂചന. ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ ഭാഗമാകാനുള്ള തീരുമാനത്തിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി രൂക്ഷമാകുകയാണ്. ജെ ഡി എസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് സി എം ഇബ്രാഹിം പാര്‍ട്ടി തീരുമാനത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
താന്‍ മതേതരത്വത്തോട് അങ്ങേയറ്റത്തെ പ്രതിബദ്ധത പുലര്‍ത്തുന്നയാളാണ് എന്ന് സി എം ഇബ്രാഹിം പറഞ്ഞു. പാര്‍ട്ടി മേധാവി എച്ച് ഡി ദേവഗൗഡയും കുമാരസ്വാമിയും ബി ജെ പിയുമായി കൂട്ടുകൂടാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് അതിന് സ്വാതന്ത്ര്യമുണ്ടെന്ന് ഇബ്രാഹിം പറഞ്ഞു. എന്നാല്‍ താന്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കാന്‍ പോകുന്നില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

'ജെ ഡി എസ് എന്‍ ഡി എയ്ക്കൊപ്പം പോകില്ല എന്നതാണ് ഞങ്ങളുടെ ആദ്യ തീരുമാനം. ഈ സഖ്യത്തിന് സമ്മതം നല്‍കരുതെന്ന് ദേവഗൗഡയോട് ആവശ്യപ്പെട്ടിരുന്നു എന്നതാണ് മറ്റൊരു കാര്യം', ഇബ്രാഹിമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന യഥാര്‍ത്ഥ ജെ ഡി എസുകാര്‍ തനിക്കൊപ്പമാണ് എന്നും ഇബ്രാഹിം അവകാശപ്പെട്ടു.
കര്‍ണാടകയില്‍ പാര്‍ട്ടിയുടെ നിര്‍ദേശം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം ഇബ്രാഹിമിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്താനാണ് ഇബ്രാഹിം പദ്ധതിയിടുന്നത്.
അടുത്തിടെ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കാനും കോര്‍ കമ്മിറ്റി രൂപീകരിക്കാനാണ് ഇബ്രാഹിമിന്റെ ശ്രമം. നിരവധി എം എല്‍ എമാര്‍ താനുമായി ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍ സമ്മര്‍ദം സൃഷ്ടിക്കാതിരിക്കാന്‍ പേരുകള്‍ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 22 നാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ ഭാഗമായി മത്സരിക്കാനുള്ള തീരുമാനം ജെ ഡി എസ് അറിയിച്ചത്.
എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അന്ന് തന്നെ ഇതിനെതിരെ എതിര്‍പ്പുയര്‍ന്നിരുന്നു. നേരത്തെ ജെ ഡി എസ് കേരള ഘടകം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ എല്‍ ഡി എഫിനൊപ്പം സര്‍ക്കാരിന്റെ ഭാഗമാണ് ജെ ഡി എസ്. ഒരു മന്ത്രിസ്ഥാനവുമുണ്ട്. ബി ജെ പിയോട് സഖ്യമുണ്ടാക്കുന്ന തീരുമാനം അംഗീകരിക്കില്ല എന്നും മതേതര ചേരിയില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് ജെ ഡി എസ് കേരള ഘടകം യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications