ഒന്നാം ഘട്ടത്തില്‍ മികച്ച പ്രതികരണമെന്ന് മോദി; 'എന്‍ഡിഎക്ക് അനുകൂലമെന്ന് വ്യക്തം'
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നാം ഘട്ടത്തില്‍ വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മോദി പറഞ്ഞു. തന്റെ എക്‌സ് അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ഡിഎക്കായിരിക്കും ഭൂരിഭാഗം പേരും വോട്ട് ചെയ്തത് എന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
'ഇന്നത്തെ വോട്ടിംഗില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ആളുകള്‍ എന്‍ഡിഎയ്ക്ക് റെക്കോര്‍ഡ് സംഖ്യയില്‍ വോട്ട് ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്,' നരേന്ദ്ര മോദി പറഞ്ഞു. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളില്‍ നിന്ന് വൈകുന്നേരം 7 മണി വരെ 60.03% പോളിംഗ് ആണ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

പോളിംഗ് ശതമാനം ഉയര്‍ന്നതായും അന്തിമ കണക്കുകള്‍ കൂടി വരുമ്പോള്‍ പോളിംഗ് ഇതിലും കൂടുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 69.43% പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അന്ന് ചില മണ്ഡലങ്ങള്‍ വ്യത്യസ്തമായിരുന്നു. മാത്രമല്ല വോട്ടെടുപ്പ് നടന്ന ആകെ സീറ്റുകളുടെ എണ്ണം 91 ആയിരുന്നു.
വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ത്രിപുരയിലാണ് രാത്രി 9 മണി വരെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്, 80.17%. മറ്റ് സംസ്ഥാനങ്ങളിലെ പോളിംഗ് കണക്കുകള്‍ ഇവയാണ്: ആന്‍ഡമാന്‍ നിക്കോബാര്‍ (56.87%), അരുണാചല്‍ പ്രദേശ് (67.15%), അസം (72.10%), ബീഹാര്‍ (48.50%), ഛത്തീസ്ഗഡ് (63.41%), ജമ്മു കശ്മീര്‍ (65.08%), ലക്ഷദ്വീപ് (59.02%), മധ്യപ്രദേശ് (64.77%), മഹാരാഷ്ട്ര (55.35%), മണിപ്പൂര്‍ (69.13%), മേഘാലയ (74.21%), മിസോറാം (54.23%), നാഗാലാന്‍ഡ് (56.91%), പുതുച്ചേരി (73.50%), രാജസ്ഥാന്‍ (56.58%), ), സിക്കിം (69.47%), തമിഴ്‌നാട് (65.19%), ഉത്തര്‍പ്രദേശ് (58.49%), ഉത്തരാഖണ്ഡ് (54.06%), പശ്ചിമ ബംഗാള്‍ (77.57%).
സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ ചില അക്രമ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതൊഴിച്ചാല്‍ ആദ്യഘട്ട പോളിംഗ് സമാധാനപരമായിരുന്നു. അതേസമയം അനിഷ്ടസംഭവങ്ങള്‍ക്കിടയിലും ഇന്നര്‍ മണിപ്പൂരിലും ഔട്ടര്‍ മണിപ്പൂരിലും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളില്‍, അക്രമം, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, പോള്‍ ഏജന്റുമാരുടെ ആക്രമണം എന്നിവ ആരോപിച്ച് തൃണമൂലും ബിജെപിയും പരാതി നല്‍കിയിട്ടുണ്ട്.
102 മണ്ഡലങ്ങളിലായി 1656 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരരംഗത്ത്. കേന്ദ്രമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരുമടക്കം പ്രമുഖരുടെ നീണ്ടനിരയാണ് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ മത്സരിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഇനി ഏപ്രില്‍ 26 നാണ്. അന്ന് കേരളത്തിലും വോട്ടെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications