പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; അനുഗമിച്ച് യോഗി ആദിത്യനാഥ്
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി രണ്ട് തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമായ വാരണാസി ലോക്‌സഭാ സീറ്റിൽ നിന്ന് തന്നെയാണ് ഇക്കുറിയും അദ്ദേഹം ജനവിധി തേടുന്നത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിക്കുന്നത്.
അയോധ്യയിൽ രാമ ക്ഷേത്രത്തിന്റെ പ്രാണ-പ്രതിഷ്ഠയ്ക്ക് മുഹൂർത്തം നിശ്ചയിച്ച പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി ഉൾപ്പെടെ നാല് നിർദ്ദേശകർ നരേന്ദ്ര മോദിക്കൊപ്പം സന്നിഹിതരായിരുന്നു. ആർഎസ്എസ് വളണ്ടിയർ ബൈജ്നാഥ് പട്ടേൽ, ഒബിസി വിഭാഗത്തിൽപ്പെട്ട ലാൽചന്ദ് കുശ്വാഹ, ദളിത് വിഭാഗത്തിൽപ്പെട്ട സഞ്ജയ് സോങ്കർ എന്നിവരായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് നിർദ്ദേശകർ.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ പാർട്ടിയിലെ നിരവധി പ്രമുഖ നേതാക്കളും നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം വന്നിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി മോദി ഇന്ന് ദശാശ്വമേധ ഘട്ടിൽ ഗംഗയിൽ പ്രാർത്ഥിക്കുകയും കാലഭൈരവ ക്ഷേത്രം സന്ദർശിക്കുകയും ചെയ്‌തിരുന്നു.
കാശിയുമായുള്ള തന്റെ ബന്ധം ഒരിക്കലും വേർപെടുത്താനാവാത്തതും സമാനതകളില്ലാത്തതുമാണെന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഇവിടുത്തെ ആളുകൾ തന്നെയും ഒരു വാരാണസിക്കാരൻ ആക്കി തീർത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗംഗാ മാതാവ് തന്നെ ദത്തെടുത്തതായും മോദി പറഞ്ഞിരുന്നു. '2014-ൽ കാശിയിൽ പോയപ്പോൾ 'ഗംഗാ മാതാവ് എന്നെ നഗരത്തിലേക്ക് ക്ഷണിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. എന്നാൽ ഇന്ന്, ഞാൻ കാശി സന്ദർശിച്ച് 10 വർഷത്തിന് ശേഷം ഗംഗാ മാതാവ് എന്നെ ദത്തെടുത്തതായാണ് എനിക്ക് തോന്നുന്നത്' നരേന്ദ്ര മോദി ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
കൂടാതെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുപിയിൽ നിന്ന് കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നും നരേന്ദ്ര മോദി ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ നാന്നൂറിൽ അധികം സീറ്റുകൾ നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയെയും അദ്ദേഹം വിമർശിക്കുകയുണ്ടായി. "ഉത്തർപ്രദേശിലെ ജനങ്ങൾ ഇപ്പോൾ അദ്ദേഹം വയനാട്ടിലേക്ക് പോയതിനെ ചോദ്യം ചെയ്യുകയാണ്. അദ്ദേഹം ഒരിക്കൽ പോലും അമേഠി സന്ദർശിച്ചിട്ടില്ല," പ്രധാനമന്ത്രി ആരോപിച്ചു. യോഗിയുടെ നേതൃത്വത്തിൽ യുപി സമാനതകളില്ലാത്ത വളർച്ച കൈവരിച്ചു എന്നാണ് മോദി അവകാശപ്പെടുന്നത്.












Click it and Unblock the Notifications