ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: 'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി', ബാഗേലിന് പിന്നാലെ ഗെലോട്ടും
ജയ്പൂര്‍: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ബി ജെ പിക്കെതിരെ പ്രതിപക്ഷത്തിന്റെ ഐക്യനിരയായ ഇന്ത്യയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് അടക്കം 26 പാര്‍ട്ടികളാണ് ഇന്ത്യാ സഖ്യത്തില്‍ ഉള്ളത്. സഖ്യം ഇതുവരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഈ പശ്ചാത്തലത്തില്‍ അശോക് ഗെലോട്ടിന്റെ പ്രഖ്യാപനം സഖ്യത്തിലെ മറ്റ് കക്ഷികളെ അമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം എല്ലാ പാര്‍ട്ടികളും നടത്തിയ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് ഇന്ത്യാ സഖ്യം രൂപീകരിക്കാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രാദേശിക ഘടകങ്ങള്‍ക്ക് പങ്കുണ്ട്. എന്നാല്‍ രാജ്യത്തെ നിലവിലെ സാഹചര്യം എല്ലാ പാര്‍ട്ടികളിലും വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ ആണ് അത്തരം സമ്മര്‍ദം സൃഷ്ടിച്ചത്. അതിന്റെ ഫലമായി എല്ലാ പാര്‍ട്ടികളുടെയും സഖ്യം ഉണ്ടായി, അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുതെന്നും അശോക് ഗെലോട്ട് പറഞ്ഞു.
2014 ല്‍ 31 ശതമാനം വോട്ടുകള്‍ നേടിയാണ് ബി ജെ പി അധികാരത്തില്‍ വന്നത്. ബാക്കിയുള്ള 69 ശതമാനം പേര്‍ അദ്ദേഹത്തിനെതിരായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ബെംഗളൂരുവില്‍ ഇന്ത്യാ സഖ്യം യോഗം ചേര്‍ന്നപ്പോള്‍ തന്നെ എന്‍ ഡി എ ഭയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 2024 ല്‍ 50% വോട്ടുകള്‍ നേടി അധികാരത്തിലെത്താന്‍ എന്‍ ഡി എക്ക് സാധിക്കില്ലെന്നും ഗെലോട്ട് അവകാശപ്പെട്ടു.
മോദി ജനപ്രീതിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ പോലും അദ്ദേഹത്തിന് അത് സാധിച്ചിട്ടില്ല. 2014 ല്‍ മോദി പ്രധാനമന്ത്രിയായത് കോണ്‍ഗ്രസ് കാരണമാണെന്നും അശോക് ഗെലോട്ട് പറഞ്ഞു. ജനാധിപത്യത്തില്‍ ഭാവിയെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തുന്നത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനം ജനങ്ങളാണ് എടുക്കേണ്ടത്. എല്ലാവരും അവരുടെ തിരഞ്ഞെടുപ്പിനെ മാനിക്കണം.
മോദി നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പൊതുജനങ്ങള്‍ക്ക് അറിയാം എന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ -3 ന്റെ വിജയത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ സംഭാവനയും നിര്‍ണായകമാണെന്നും മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും നെഹ്റുവിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലും അഭിപ്രായപ്പെട്ടിരുന്നു. ഒരു കോണ്‍ഗ്രസുകാരനെന്ന നിലയ്ക്ക് എനിക്ക് രാഹുല്‍ ഗാന്ധിയായിരിക്കണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് തോന്നുന്നത് എന്നായിരുന്നു ഭൂപേഷ് ബാഗേല്‍ പറഞ്ഞിരുന്നത്.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീണ്ട ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ ജനപ്രിയത വര്‍ധിച്ചു. അതില്‍ ബി ജെ പി പരിഭ്രാന്തരാണെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയത് എന്നും ഭൂപേഷ് ബാഗേല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏകാധിപതികളായ ആളുകളെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സഖ്യത്തിന്റെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലുളള അഭിപ്രായ വ്യത്യാസങ്ങള്‍ കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹരിക്കും എന്നും ബാഗേല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യ സഖ്യത്തിന്റെ മൂന്നാമത്തെ യോഗം ഈ മാസം 31 ന് മുംബൈയില്‍ നടക്കാനിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സുപ്രീം കോടതി വിധിയിലൂടെ നീക്കപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രതിപക്ഷ യോഗമാണ് ഇത്.












Click it and Unblock the Notifications