ഒത്തുകളി ഇല്ലാതെ 400 സീറ്റ് ഒരിക്കലും നേടില്ല, ബിജെപിക്കെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ 400 സീറ്റ് എന്ന മുദ്രാവാക്യം ഒത്തുകളി ഇല്ലാതെ ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് രാഹുല്‍ തുറന്നടിച്ചു. പ്രധാനമന്ത്രി 400 സീറ്റിന് മുകളില്‍ പോകാനായി അമ്പയര്‍മാരെ തിരഞ്ഞെടുക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
ഇന്ത്യ സഖ്യം അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ ലോക്താന്ത്ര ബച്ചാവോ റാലിയില്‍ വെച്ചായിരുന്നു രാഹുലിന്റെ രൂക്ഷ വിമര്‍ശനം. മദ്യ അഴിമതി കേസില്‍ മാര്‍ച്ച് 21നായിരുന്നു അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായത്.

ഇവിഎമ്മുകള്‍, ഒത്തുകളി, സോഷ്യല്‍ മീഡിയ, മാധ്യമങ്ങളെ സമ്മര്‍ദത്തിലാക്കല്‍ എന്നിവയില്ലാതെ ബിജെപിക്ക് 180 സീറ്റുകള്‍ പോലും നേടാനാവില്ലെന്ന് രാംലീല മൈതാനിയിലെ റാലിയില്‍ രാഹുല്‍ ആരോപിച്ചു.
ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. എന്നാല്‍ അമ്പയര്‍മാര്‍ സമ്മര്‍ദത്തിലായാല്‍, കളിക്കാരെയും വിലയ്‌ക്കെടുക്കുകയും, ക്യാപ്റ്റനെ ഭീഷണിപ്പെടുത്തി മത്സരം വിജയിപ്പിക്കുകയും ചെയ്താല്‍, അതിനെ ക്രിക്കറ്റില്‍ നമ്മള്‍ ഒത്തുകളിയെന്ന് പറയും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. ഇതില്‍ അമ്പയര്‍മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തിരഞ്ഞെടുക്കുന്നത്. മത്സരത്തിന് മുമ്പ് ഞങ്ങളുടെ ടീമിലെ രണ്ട് കളിക്കാരാണ് അറസ്റ്റിലായതെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസാണ് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി. തിരഞ്ഞെടുപ്പിന്റെ സമയത്ത് ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും അടച്ചുപുട്ടിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് പ്രചാരണം നടത്തേണ്ടതുണ്ട്. സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തകരെ അയക്കേണ്ടതുണ്ട്. പോസ്റ്ററുകള്‍ അടിക്കേണ്ടതുണ്ട്.
എന്നാല്‍ ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും അവര്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇത് എന്ത് തരം തിരഞ്ഞെടുപ്പാണെന്നും രാഹുല്‍ ചോദിച്ചു. ഈ ഒത്തുകളി നടത്തുന്നത് പ്രധാനമന്ത്രി തന്നെയാണ്. അദ്ദേഹത്തിനൊപ്പം മൂന്നോ നാലോ മുതലാളിത്ത കമ്പനികളുമുണ്ട്. അവര്‍ പാവപ്പെട്ടവരില്‍ നിന്ന് ഭരണഘടന തന്നെ തട്ടിയെടുത്തിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
ജനങ്ങള്‍ക്ക് എല്ലാ കരുത്തും ഉപയോഗിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ ഈ ഒത്തുകളി വിജയിക്കും. അത് വിജയിച്ചാല്‍ ഭരണഘടന തന്നെ തകര്‍ക്കപ്പെടും. ഭരണഘടന ജനങ്ങളുടെ ശബ്ദമാണ്. അത് അവസാനിക്കുന്ന ദിവസം രാജ്യം തന്നെ ഇല്ലാതാവും.
ബിജെപി എംപി തന്നെ പറഞ്ഞു 400 സീറ്റിന് മുകളില്‍ നേടിയാല്‍ ഭരണഘടന തന്നെ മാറ്റുമെന്ന കാര്യം. ഇത് അവരുടെ തന്ത്രം പരീക്ഷിക്കുന്നതിനാണെന്നും രാഹുല്‍ പറഞ്ഞുഅതേസമയം ബിജെപിക്ക് ലഭിച്ച ഇലക്ട്രല്‍ ബോണ്ട് എസ്‌ഐടി അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications