മുസ്ലീം വോട്ടര്‍മാരുടെ പിന്തുണയില്‍ മോദി ഒവൈസിയ്ക്കും താഴെ; ആരാകണം അടുത്ത പ്രധാനമന്ത്രി?
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ നിരവധി അഭിപ്രായ സര്‍വേകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്ത് വന്ന് കഴിഞ്ഞു. അതിനിടെ ബിഹാറില്‍ നിതീഷ് സര്‍ക്കാര്‍ ജാതി സെന്‍സസ് പുറത്തുവിട്ടിരുന്നു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന രാഷ്ട്രീയ നടപടികളില്‍ ഒന്നാകും ഇത് എന്നതില്‍ സംശയമില്ല.
ഈ പശ്ചാത്തലത്തില്‍ ഇന്ത്യ ടിവി-സിഎന്‍എക്‌സ് നടത്തിയ അഭിപ്രായ സര്‍വേയാണ് ശ്രദ്ധേയമാകുന്നത്. ബിഹാറിലെ ജാതി സെന്‍സസിന് ശേഷം രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 48 ലോക്സഭാ സീറ്റുകളിലാണ് ഇന്ത്യ ടിവി-സിഎന്‍എക്സ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. ഡെവലപ്മെന്റ് കമ്മീഷണര്‍ വിവേക് സിംഗ് പ്രഖ്യാപിച്ച കണക്കുകള്‍ പ്രകാരം ബീഹാറിലെ മൊത്തം ജനസംഖ്യ 13.07 കോടിയാണ്.

അതില്‍ 36 ശതമാനം അങ്ങേയറ്റം പിന്നാക്ക വിഭാഗക്കാരും (ഇബിസി) 27.13 ശതമാനവും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ് (ഒബിസി). സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 63 ശതമാനവും ഇബിസികളും ഒബിസികളുമാണ്. മൊത്തം വിഹിതത്തിന്റെ 14.27 ശതമാനം വരുന്ന ഉപ-ഒബിസി വിഭാഗമായ യാദവര്‍ ജനസംഖ്യയുടെ കാര്യത്തില്‍ ഏറ്റവും വലിയവരാണെന്നും സര്‍വേയില്‍ പറയുന്നു.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് (എസ്സി) കീഴില്‍ വരുന്ന ദളിതര്‍ 19.65 ശതമാനവും സവര്‍ണര്‍ 15.52 ശതമാനവുമാണ്. ഈ സെന്‍സസിന് ശേഷം, ഒബിസികള്‍, ദളിതുകള്‍, മുസ്ലിങ്ങള്‍, മുന്നാക്ക ജാതിയില്‍പ്പെട്ടവര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് അഭിപ്രായ സര്‍വേ നടത്തിയത്. ഇതില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ ആര്‍ക്കാണ് എന്ന് നോക്കാം.
സര്‍വേ പ്രകാരം 70 ശതമാനം മുന്നാക്ക ജാതി വോട്ടര്‍മാരും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണം എന്നാണ് ആഗ്രഹിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നത് 12 ശതമാനം പേരാണ്. 6 ശതമാനം പേര്‍ അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും 4 ശതമാനം പേര്‍ മാത്രമേ മമത ബാനര്‍ജിയെ തിരഞ്ഞെടുക്കുന്നുള്ളൂ എന്നും സര്‍വേ പ്രവചിക്കുന്നു.
52 ശതമാനം മുസ്ലീം വോട്ടര്‍മാര്‍ രാഹുല്‍ ഗാന്ധിയെ ആണ് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നത്. 14 ശതമാനം പേര്‍ അരവിന്ദ് കെജ്രിവാളിനേയും 8 ശതമാനം പേര്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും അഞ്ച് ശതമാനം പേര്‍ എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയും പിന്തുണയ്ക്കുന്നു. മുസ്ലീം വോട്ടര്‍മാരില്‍ മൂന്ന് ശതമാനത്തിന്റെ പിന്തുണയാണ് മോദിക്കുള്ളത്.
58 ശതമാനം ദളിത് വോട്ടര്‍മാരും നരേന്ദ്ര മോദി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. 20 ശതമാനം ദളിത് വോട്ടര്‍മാരും രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. 10 ശതമാനം ദളിത് വോട്ടര്‍മാര്‍ ബി എസ് പി അധ്യക്ഷ മായാവതിയെ പിന്തുണയ്ക്കുമ്പോള്‍ 2 ശതമാനം പേര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് സര്‍വേ പ്രവചിക്കുന്നു.
64 ശതമാനം മറ്റ് പിന്നാക്ക വിഭാഗക്കാരും (ഒബിസി) നരേന്ദ്ര മോദി ഒരിക്കല്‍ കൂടി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. 15 ശതമാനം ഒബിസി വോട്ടര്‍മാര്‍ രാഹുല്‍ ഗാന്ധിയെയും 5 ശതമാനം പേര്‍ അഖിലേഷ് യാദവിനെയും പിന്തുണയ്ക്കുന്നു. മൂന്ന് ശതമാനം ഒബിസി വോട്ടര്‍മാര്‍ നിതീഷ് കുമാറിനെ തങ്ങളുടെ അടുത്ത പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു.
സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം വോട്ടര്‍മാരും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. 21 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയും 3 ശതമാനം പേര്‍ മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നു. രണ്ട് ശതമാനം പേരുടെ പിന്തുണ നിതീഷ് കുമാറിനും മായാവതിയ്ക്കുമാണ്.












Click it and Unblock the Notifications