'ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമല്ലെന്നതിന്റെ തെളിവാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം'; അമർത്യ സെൻ
കൊൽക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്ന വസ്‌തുതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് നോബൽ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്‌ധനുമായ അമർത്യ സെൻ. സർക്കാരുകൾ മാറിമാറി വന്നിട്ടും വിചാരണ കൂടാതെ ആളുകളെ തടങ്കലിൽ പാർപ്പിക്കുന്ന രീതി തുടരുന്നതിൽ അമർത്യ സെൻ അതൃപ്‌തി പ്രകടമാക്കുകയും ചെയ്‌തു.
കൂടാതെ രണ്ടാം മോദി സർക്കാരിന്റെ അവസാന നാളുകളിൽ കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം നടത്തിയ രാമക്ഷേത്രത്തിനെയും സെൻ വിമർശിച്ചു. ഇന്ത്യയുടെ സത്വം മറച്ചുപിടിക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നായിരുന്നു അമർത്യ സെൻ പറഞ്ഞത്. യുഎസിൽ നിന്ന് കൊൽക്കത്തയിൽ എത്തിയ ശേഷം ഒരു ബംഗാളി മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഓരോ തിരഞ്ഞെടുപ്പിന് ശേഷവും നമ്മൾ എപ്പോഴും ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. ആളുകളെ വിചാരണ കൂടാതെ ജയിലിൽ അടയ്ക്കുന്നതും, പണക്കാരനും ദരിദ്രനും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്നതും ഇപ്പോഴും തുടരുകയാണ്. ഇതൊക്കെയും അവസാനിപ്പിക്കേണ്ടതുണ്ട്' അമർത്യ സെൻ ആവശ്യപ്പെട്ടു.
ഇന്ത്യ ഒരു മതേതര ഭരണഘടനയുള്ള, മതേതര രാജ്യമായിരിക്കുമ്പോൾ രാഷ്ട്രീയമായി തുറന്ന മനസുള്ളവരായിരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം മോദി സർക്കാർ കഴിഞ്ഞ മന്ത്രിസഭയുടെ ആവർത്തനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെ വകുപ്പുകളിൽ കാര്യമായ മാറ്റമില്ലെന്നും രാഷ്ട്രീയമായി ശക്തരായിരുന്നവർ ഇപ്പോഴും ശക്തർ തന്നെയാണെന്നും സെൻ പറഞ്ഞു.
'ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ആശയം ഉചിതമാണെന്ന് ഞാൻ കരുതുന്നില്ല' അമർത്യ സെൻ പറഞ്ഞു. തന്റെ ചെറുപ്പകാലത്ത് ബ്രിട്ടീഷ് ഭരണം നിലവിലുള്ളപ്പോൾ വിചാരണ കൂടാതെ ആളുകളെ തടങ്കലിൽ പാർപ്പിച്ചിരുന്നത് അദ്ദേഹം ഓർമിപ്പിച്ചു. നിലവിലെ സർക്കാർ അത് തുടരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
'എന്റെ ചെറുപ്പത്തിൽ, എന്റെ അമ്മാവന്മാരെയും ബന്ധുക്കളെയും വിചാരണ കൂടാതെ ജയിലിലടച്ചു. ഇന്ത്യ ഇതിൽ നിന്ന് മുക്തമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത് മാറാത്തതിൽ കോൺഗ്രസും കുറ്റക്കാരാണ്. അവർ അതിന് ശ്രമിച്ചില്ല... പക്ഷേ, ഇപ്പോഴത്തെ സർക്കാരിന് കീഴിൽ ഇത് കൂടുതൽ ശക്തമാണ്.' അമർത്യ സെൻ പറഞ്ഞു.
കോടികൾ മുടക്കി അയോധ്യയിൽ രാമക്ഷേത്രം പണിതിട്ടും ഫൈസാബാദ് ലോക്‌സഭാ സീറ്റ് ബിജെപിക്ക് നഷ്‌ടമായതിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം രാജ്യത്തിന്റെ യഥാർത്ഥ സത്വം മറയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നായിരുന്നു അമർത്യ സെൻ പറഞ്ഞത്.
'ഇത്രയും പണം മുടക്കി രാമക്ഷേത്രം പണിയുന്നു, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി ചിത്രീകരിക്കാൻ... എന്നാൽ മഹാത്മാ ഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് ഇത്. ഇന്ത്യയുടെ യഥാർത്ഥ സ്വത്വത്തെ മറച്ചുപിടിക്കാനുള്ള ശ്രമമായിരുന്നു ഈ നീക്കം, ഇത് മാറിയേ തീരൂ' അമർത്യ സെൻ കൂട്ടിച്ചേർത്തു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 നേടുമെന്ന വാഗ്‌ദാനവുമായാണ് ഇത്തവണ ബിജെപി കളത്തിൽ ഇറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച വിജയം അവർക്ക് നേടാനായില്ല. എന്നാൽ പ്രതിപക്ഷ സഖ്യമായി ഇന്ത്യ ആവട്ടെ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി ബിജെപിയെ ഞെട്ടിച്ചു. എങ്കിലും ടിഡിപി, ജെഡിയു എന്നീ പാർട്ടികളുടെ സഹായത്തോടെ മൂന്നാം തവണയും മോദി സർക്കാർ രൂപീകരിക്കുകയായിരുന്നു.












Click it and Unblock the Notifications