'നുണയുടെ കമ്പോളത്തില്‍ മോഷണത്തിന്റെ കട', സഭയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിനേയും പ്രതിപക്ഷ സഖ്യത്തേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയത്തിനുളള മറുപടിയില്‍ ആദ്യത്തെ ഒന്നര മണിക്കൂര്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടാനും പ്രതിപക്ഷത്തെ വിമര്‍ശിക്കാനുമാണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരിഹസിക്കാനും നരേന്ദ്ര മോദി മറന്നില്ല. രാഹുല്‍ ഗാന്ധിയുടെ വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട എന്ന മുദ്രാവാക്യത്തിന് മോദിയുടെ മറുപടി, പ്രതിപക്ഷത്തിന്റേത് നുണയുടെ കമ്പോളത്തില്‍ മോഷണത്തിന്റെ കടയാണ് എന്നായിരുന്നു. ഈ കടയില്‍ അടിയന്തരാവസ്ഥ മുതല്‍ വിഭജനവും സിഖ് കലാപവും അടക്കമുളള കാര്യങ്ങളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മണിപ്പൂരില്‍ ഭാരതമാതാവിനെയാണ് കൊലപ്പെടുത്തിയത് എന്നുളള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തേയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ആ പരാമര്‍ശം മാപ്പ് അര്‍ഹിക്കാത്തത് ആണെന്നും അത് ജനങ്ങളെ വേദനിപ്പിച്ചുവെന്നും മോദി പറഞ്ഞു. ഹനുമാനല്ല രാവണന്റെ അഹങ്കാരമാണ് ലങ്ക ചുട്ടെരിച്ചത് എന്നുളള രാഹുലിന്റെ പരാമര്‍ശത്തിന്, കോണ്‍ഗ്രസിനെ 400 സീറ്റില്‍ നിന്ന് 40 സീറ്റുകളിലേക്ക് എത്തിച്ചത് അവരുടെ അഹങ്കാരം ആണെന്ന് മോദി തിരിച്ചടിച്ചു.
1920ല്‍ അവര്‍ ദേശീയ പതാക മോഷ്ടിച്ചു. ഗാന്ധിയുടെ പേരും അവര്‍ മോഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ സഖ്യം ഇന്ത്യ എന്ന് പേര് മാറ്റിയത് കൊണ്ട് മാത്രം രാജ്യത്തെ ജനങ്ങളില്‍ നിന്ന് അവരുടെ പാപങ്ങള്‍ മറച്ച് വെയ്ക്കാന്‍ സാധിക്കില്ല. ഇന്ത്യ സഖ്യത്തിലെ എല്ലാ നേതാക്കള്‍ക്കും പ്രധാനമന്ത്രിയാകണം എന്നാണ് ആഗ്രഹം എന്നും നരേന്ദ്ര മോദി പരിഹസിച്ചു.
2028ലും പ്രതിപക്ഷം തന്റെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി വരുമെന്ന് പ്രധാനമന്ത്രി പ്രവചിച്ചു. അപ്പോഴേക്കും ഇന്ത്യ ലോകത്തെ മൂന്ന് വന്‍ സാമ്പത്തിക ശക്തികളിലൊന്നായി മാറിയിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2018ല്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോള്‍ 2023ലും ഇത് ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications