സഞ്ജയ് നിരുപത്തിനെതിരെ കോണ്‍ഗ്രസ് നടപടി, ഇനി താരപ്രചാരകനല്ല; പാര്‍ട്ടി വിട്ടേക്കും
മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം പുറത്തേക്കെന്ന് സൂചന. ഉദ്ധവ് താക്കറെയെയും അദ്ദേഹത്തിന്റെ ശിവസേനയെയും വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് സഞ്ജയ് നിരുപത്തിനെതിരെ നടപടിയെടുത്തിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ താരപ്രചാരകരിലൊരാളായിരുന്നു നിരുപം.
അദ്ദേഹം താരപ്രചാരകരുടെ പട്ടികയില്‍ നിന്നാണ് നീക്കം ചെയ്തത്. മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ തീരുമാനം മാറ്റാന്‍ നിരുപം നേരത്തെ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉദ്ധവ് വിഭാഗത്തിനാണ് ഈ സീറ്റ് കോണ്‍ഗ്രസ് നല്‍കിയത്. ഇതേ തുടര്‍ന്ന് കടുത്ത അതൃപ്തിയിലായിരുന്നു സഞ്ജയ് നിരുപം.

അതേസമയം സംസ്ഥാന കോണ്‍ഗ്രസ് സമിതി സഞ്ജയ് നിരുപത്തിനെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. സഞ്ജയ് നിരുപത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കില്ല. നേരിട്ടുള്ള നടപടിയായിരിക്കും അദ്ദേഹത്തിനെതിരെ ഉണ്ടാവുകയെന്നും സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.
തനിക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ് ഉള്ള ഊര്‍ജം കളയരുത്. അത് പാര്‍ട്ടിയെ സംരക്ഷിക്കാനായി ശേഖരിച്ച് വെക്കുന്നതാണ് നല്ലത്. എന്തായാലും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. ഞാന്‍ ഒരാഴ്ച്ചത്തെ സമയമാണ് പാര്‍ട്ടിക്ക് നല്‍കിയത്. അത് ഇന്ന് അവസാനിച്ചു. എന്റെ തീരുമാനം നാളെ അറിയിക്കാമെന്നും നിരുപം പറഞ്ഞു.
സഞ്ജയ് നിരുപം പാര്‍ട്ടി വിടാനുള്ള സാധ്യത ഏറെയാണ്. അദ്ദേഹത്തിനെതിരെ നടപടി ഉറപ്പായിരിക്കുകയാണ്. നാനാ പടോലെയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞതിന് പിന്നാലെയായിരുന്നു നിരുപം മറുപടിയുമായി എത്തിയത്. നേരത്തെ ഉദ്ധവ് താക്കറെയെയും ശിവസേന യുബിടിയെയും അതിരൂക്ഷമായിട്ടാണ് സഞ്ജയ് നിരുപം വിമര്‍ശിച്ചത്.
കോണ്‍ഗ്രസ് അവരുടെ സഖ്യ കക്ഷിക്ക് മുന്നില്‍ പല ലോക്‌സഭാ സീറ്റുകളും അനാവശ്യമായി വിട്ടുകൊടുത്തുവെന്നായിരുന്നു വിമര്‍ശനം. മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ നിന്ന് മത്സരിക്കാന്‍ സഞ്ജയ് നിരുപം ആഗ്രഹിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് നല്‍കിയില്ല.
ഉദ്ധവിന്റെ പാര്‍ട്ടി അമോല്‍ കീര്‍ത്തീക്കറിനെ മുംബൈ നോര്‍ത്ത് വെസ്റ്റില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. ഏകനാഥ് ഷിന്‍ഡെയുടെ പാര്‍ട്ടി നേതാവായ ഗജാനന്‍ കീര്‍ത്തിക്കറാണ് നിലവില്‍ ഇവിടത്തെ എംപി. കീര്‍ത്തിക്കര്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഞ്ജയ് നിരുപത്തെ പരാജയപ്പെടുത്തുകയായിരുന്നു.
അതേസമയം ബിജെപിയിലേക്ക് പോയാലും നിരുപത്തിന് ഈ സീറ്റ് കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. മുംബൈയിലെ ആറില്‍ അഞ്ച് സീറ്റിലും ശിവസേന യുബിടി ആണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് ചാരിറ്റി പോലെ നല്‍കിയതാണ് ഒരു സീറ്റ്. കോണ്‍ഗ്രസിനെ മുംബൈയില്‍ കുഴിച്ചുമൂടുന്നതാണ് ഈ തീരുമാനമെന്നും നിരുപം പറഞ്ഞിരുന്നു.












Click it and Unblock the Notifications