ലുലു 2025 ല്‍ തകർക്കാന്‍ പോകുന്നത് ഈ സംസ്ഥാനത്ത്: ഗുജറാത്തിലും കേരളത്തിലും അല്ല; 2019 ലെ തുടങ്ങി
ലുലു ഗ്രൂപ്പിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമായ വർഷമാണ് 2025. കേരളത്തിന് അകത്തും പുറത്തുമായി നിരവധി പദ്ധതികളാണ് ഈ വർഷം അവർ ഇന്ത്യയില്‍ ലുലു വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് മലപ്പുറത്ത് തിരൂരും പെരിന്തല്‍മണ്ണയിലുമായി രണ്ട് ലുലു ഡെയ്ലികള്‍ അടുത്ത് തന്നെ പ്രവർത്തനം ആരംഭിക്കും. കൊച്ചിയിലെ ലുലുവിന്റെ സ്വന്തം ഐടി ട്വിന്‍ ടവറിന്റെ ഉദ്ഘാടനവും ഉടന്‍ തന്നെ പ്രതീക്ഷിക്കാം.
സംസ്ഥാനത്തിന് പുറത്ത് ലുലുവിന്റെ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്ന പദ്ധതി അഹമ്മദാബാദിലേതാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മാളായിരിക്കും കമ്പനി ഇവിടെ നിർമ്മിക്കുക. മാള്‍ നിർമ്മാണത്തിനുള്ള സ്ഥലം ഇതിനോടകം തന്നെ 500 കോടിയിലേറെ രൂപ നല്‍കി ലുലു സ്വന്തമാക്കി കഴിഞ്ഞു. ആകെ 4000 കോടിയുടെ പദ്ധതിയാണ് അഹമ്മദാബാദിലേത്. ചെന്നൈയില്‍ മൂന്ന് മെട്രോ സ്റ്റേഷനുകളിലായി ലുലുവിന്റെ ഹൈപ്പർമാർക്കറ്റും ഉടന്‍ പ്രവർത്തനം ആരംഭിക്കും.

ഡല്‍ഹി എന്‍സിആർ, നോയിഡ, ഗുരുഗ്രാം, വാരണാസി, പ്രയാഗ് രാജ് എന്നിവിടങ്ങളിലും ലുലു ഉടന്‍ തന്നെ തങ്ങളുടെ റീടെയില്‍ സാന്നിധ്യം അറിയിക്കും. ഇതിനിടെയാണ് ലുലു ഗ്രൂപ്പിന് സംസ്ഥാനത്തേക്ക് നേരിട്ട് ക്ഷണിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും രംഗത്ത് എത്തിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുമായി ചർച്ച നടത്തുകയും ചെയ്തു.
നാഗ്പൂരില്‍ ലുലു ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള വമ്പന്‍ ഷോപ്പിങ് സമുച്ചയം തന്നെ നാഗ്പൂരില്‍ ലുലു ഗ്രൂപ്പ് ഒരുക്കുക. സംസ്ഥാനത്തിന് മികച്ച അവസരങ്ങളും വളർച്ചയും സമ്മാനിക്കുന്ന പദ്ധതിയായിരിക്കും ഇതെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം ലുലുവിന്റെ പദ്ധതികള്‍ വരാന്‍ പോകുന്നുണ്ടെങ്കിലും കേരളം കഴിഞ്ഞാല്‍ ഗ്രൂപ്പിന്റെ ഏറ്റവും വലിയ വികസന പദ്ധതികള്‍ വരാന്‍ പോകുന്നത് ആന്ധ്രാപ്രദേശിലാണെന്ന് വേണം പറയാന്‍. ആന്ധ്രയില്‍ വമ്പന്‍ പദ്ധതികളാണ് ലുലു ഒരുക്കാന്‍ പോകുന്നത്. ദാവോസില്‍ വെച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുമായി കൂടിക്കാഴ്ച നടത്തിയ യൂസഫലി പദ്ധതികളുടെ പുരോഗതി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
ആന്ധ്രയില്‍ വന്‍ നിക്ഷേപം നടത്താനായി ലുലുവും സംസ്ഥാന സർക്കാറും തമ്മില്‍ നേരത്തെ തന്നെ ധാരണായിയിരുന്നു. അമരവാതി, വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി എന്നിവിടങ്ങളില്‍ മാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നിക്ഷേപങ്ങള്‍ എന്നിവയാണ് ആന്ധ്രാപ്രദേശില്‍ ലുലു ഗ്രൂപ്പ് പ്രധാനമായും നടത്താന്‍ പോകുന്നത്.
എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്‌സ് തീയറ്ററുകൾ ഉൾക്കൊള്ളുന്ന ഷോപ്പിങ് മാൾ ആയിരിക്കും വിശാഖപട്ടണത്ത് നിർമ്മിക്കുന്നത്. തിരുപ്പതിയിലും വിജയവാഡയിലേയും ഹൈപ്പർ മാർക്കറ്റുകള്‍ ആഗോള നിലവാരത്തിലുള്ളതായിരിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കുന്നു. വിദേശത്തേക്കുള്ള കയറ്റുമതി അടക്കം ലക്ഷ്യമിട്ടുകൊണ്ട് നിർമ്മിക്കുന്ന അത്യാധുനിക ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിനായുള്ള സ്ഥലം കണ്ടെത്താനുള്ള ചർച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ കൂടുതല്‍ നഗരങ്ങളിലേക്കും ലുലു പ്രവർത്തനം വ്യാപിപ്പിക്കും.
ടി ഡി പി ഭരണകാലത്ത് 2019 ല്‍ ആന്ധ്രാപദേശില്‍ 2200 കോടിയുടെ പദ്ധതി ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ചന്ദ്രബാബു നായിഡു അനുവദിച്ച ഭൂമിയില്‍ ഷോപ്പിങ് മാള്‍ അടക്കമുള്ള വമ്പന്‍ പദ്ധതികള്‍ക്ക് ലുലു ഗ്രൂപ്പ് തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ പിന്നാലെ അധികാരത്തില്‍ വന്ന ജഗന്‍ മോഹന്‍ സർക്കാർ ലുലു ഗ്രൂപ്പുമായി ഉടക്കുകയും സർക്കാർ അനുവദിച്ച ഭൂമി തിരിച്ച് പിടിക്കുകയും ചെയ്തിരുന്നു. ഇതോടെ ആന്ധ്രയിലെ പ്രവർത്തനം ഗ്രൂപ്പ് പൂർണ്ണമായും അവസാനിപ്പിച്ചു. എന്നാല്‍ വീണ്ടും അധികാരത്തില്‍ വന്ന ചന്ദബാബു നായിഡു എംഎ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തുകയും ഗ്രൂപ്പിനെ വീണ്ടും സംസ്ഥാനത്തേക്ക് ക്ഷണിക്കുകയുമായിരുന്നു.












Click it and Unblock the Notifications