വോട്ട് ചെയ്തത് ഒരാള്‍ മാത്രം, ഈ ഗ്രാമത്തിലെ എല്ലാവരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.. കാരണം?
ഭോപ്പാല്‍: നവംബര്‍ 17 നായിരുന്നു മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്. 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ 76 ശതമാനമായിരുന്നു പോളിംഗ്. 2018 ല്‍ 75 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് കൂടിയിട്ടുണ്ടെങ്കിലും ചിന്ദ്വാര അസംബ്ലി മണ്ഡലത്തിലെ ഷാഹ്പൂര്‍ ഗ്രാമത്തിലെ പോളിംഗ് കണക്ക് ആണ് എല്ലാവരും അമ്പരപ്പിക്കുന്നത്. ഈ ഗ്രാമത്തിലെ ഒരാള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.
1063 വോട്ടര്‍മാരാണ് ഈ ഗ്രാമത്തിലുള്ളത്. എന്നാല്‍ ഇവരില്‍ 1062 പേരും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. മറ്റൊരു സീറ്റില്‍ നിന്ന് പ്രാദേശിക നേതാവിന് ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഗ്രാമവാസികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. സിറ്റിംഗ് എം എല്‍ എയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥും ബി ജെ പിയുടെ വിവേക് ബണ്ടി സാഹുവുമാണ് ചിന്ദ്വാരയിലെ പ്രധാന മത്സരാര്‍ത്ഥികള്‍.

ഷാഹ്പൂരില്‍ കോട്വാര്‍ ആയ ഗോപാല്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത് എന്നാണ് ബൂത്ത് പ്രിസൈഡിംഗ് ഓഫീസര്‍ രമേഷ് ഗാഡ്ഗെ പറഞ്ഞത്. ഇതേ പോളിംഗ് ബൂത്തില്‍ 2018 ല്‍ 99 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഭരണത്തെ സഹായിക്കുന്നതിനുമാണ് കോട്വാറുകള്‍ നിയമിക്കപ്പെടുന്നത്.
ഷാഹ്പൂര്‍ സ്വദേശിയായ നീരജ് ബണ്ടി പട്ടേലിന് ചൗരായ് അസംബ്ലി സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഗ്രാമ പഞ്ചായത്ത് ചേര്‍ന്ന് വ്യാഴാഴ്ച വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രദേശവാസി ദൗലത് സിംഗ് പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് നീരജ് ബണ്ടി പട്ടേല്‍ ചൗരായില്‍ മത്സരിക്കുന്നത്. സംസ്ഥാനത്ത് ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്.
അതിനിടെ വോട്ടിംഗിനിടെ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. രാജ്‌നഗറില്‍ രണ്ട് ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സഹായി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് ബാധിത പ്രദേശമായ ബാലാഘട്ട്, മണ്ഡ്ല, ദിന്‍ഡോരി ജില്ലകളിലെ വോട്ടെടുപ്പ് ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വൈകുന്നേരം 6 വരെ തുടര്‍ന്നു.
ബാലഘട്ട് ജില്ലയില്‍ ബൈഹാര്‍ നിയമസഭാ മണ്ഡലത്തില്‍ 80.38 ശതമാനവും ലാഞ്ചിയില്‍ 75.07 ശതമാനവും പരസ്വാദയില്‍ 81.56 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. 2018 ല്‍ മധ്യപ്രദേശില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 114 സീറ്റുള്ള രകോണ്‍ഗ്രസ് മറ്റുള്ളവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും 2020 ല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ പാര്‍ട്ടി എം എല്‍ എമാര്‍ കൂറുമാറിയതോടെ ഭരണം നഷ്ടപ്പെട്ടു.












Click it and Unblock the Notifications