മധ്യപ്രദേശിൽ തുനിഞ്ഞിറങ്ങി കോൺഗ്രസ്; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
ഭോപ്പാൽ: സംസ്ഥാന അധ്യക്ഷൻ കൂടിയായ കമൽനാഥ് ആയിരിക്കും മധ്യപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് രൺദീപ് സുർജേവാല. മധ്യപ്രദേശിൽ മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരാണോ പാർട്ടി അധ്യക്ഷൻ അദ്ദേഹമായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നായിരുന്നു സുർജേവാലയുടെ വാക്കുകൾ.
'കമൽനാഥ് മധ്യപ്രദേശ് കോൺഗ്രസിന്റെ പ്രസിഡന്റാണ്. പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ആരായാലും ആ വ്യക്തി സ്വാഭാവികമായും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്', സുർജേവാല പറഞ്ഞു. ഉടൻ തന്നെ സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മധ്യപ്രദേശിലെ രാഷ്ട്രീയ സാഹചര്യം, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാനത്തെ എങ്ങനെ നാശത്തിന്റെ വക്കിലെത്തിച്ചു,ഇക്കാര്യങ്ങളെ കുറിച്ചെല്ലാം കേന്ദ്ര തിരഞ്ഞെടപ്പ് കമ്മിറ്റി യോഗത്തിൽ ചർച്ച നടന്നു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണ്, അഴിമതി വർദ്ധിക്കുകയാണ്, മധ്യപ്രദേശ് മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഉടൻ തന്നെ യോഗം വിളിച്ച് സീറ്റുകളുടെ കാര്യത്തിൽ തീരുമാനമെടുക്കും', സുർജേവല പറഞ്ഞു.
അതേസമയം സ്ഥാനാർത്ഥികളെ സംബന്ധിച്ച് യോഗത്തിൽ അന്തിമ ചർച്ച നടന്നിട്ടില്ലെന്ന് കമൽനാഥ് വ്യക്തമാക്കി. 'പല പേരുകളും യോഗത്തിൽ ചർച്ചയായിരുന്നു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. 140 സീറ്റുകൾ സംബന്ധിച്ചാണ് ചർച്ച നടന്നത്', അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി എംപിമാരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ തവണയും കമൽനാഥായിരുന്നു സംസ്ഥാനത്ത് കോൺഗ്രസിനെ നയിച്ചത്. അന്നും അദ്ദേഹം തന്നെയായിരുന്നു പിസിസി അധ്യക്ഷൻ. ഇതിനെതിരെ അന്നത്തെ പാർട്ടിയിലെ യുവ ശബ്ദമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയതും അതിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായിരുന്നു 2021 ൽ മധ്യപ്രദേശിൽ കോൺഗ്രസിന്റെ പതനത്തിന് വഴിവെച്ചത്.
കമൽനാഥിനെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി തന്നെ അധ്യക്ഷനാക്കണമെന്നായിരുന്നു സിന്ധ്യയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ കമൽനാഥ് തയ്യാറായില്ല. അധികാര വടംവലി രൂക്ഷമായതോടെ സാഹചര്യം മുതലെടുത്ത് സിന്ധ്യയേയും അദ്ദേഹത്തിന് ഒപ്പമുള്ള 24 എംഎൽഎമാരേയും ബിജെപി മറുകണ്ടം ചാടിക്കുകയായിരുന്നു. തുടർന്ന് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു.
സിന്ധ്യയ്ക്കും ബിജെപിക്കും മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ കോൺഗ്രസ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. എന്ത് വിലകൊടുത്തും അധികാരം നേടണമെന്നാണ് കോൺഗ്രസ് ലക്ഷ്യം. ഇത്തവണ കോൺഗ്രസ് ഭരിക്കുമെന്ന അഭിപ്രായ സർവ്വേകൾ പാർട്ടിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.












Click it and Unblock the Notifications