മധ്യപ്രദേശില്‍ പോരാട്ടം ഇഞ്ചോടിഞ്ച്; കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് എബിപി സര്‍വേ
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. കടുത്ത മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും, നേരിയ മുന്‍തൂക്കം കോണ്‍ഗ്രസ് നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. കര്‍ണാടകയിലേത് പോലെയുള്ള തിരിച്ചടി നേരിടില്ലെങ്കിലും, ഭരണം കൈവിടാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ പ്രവചിക്കുന്നത്. പക്ഷേ മത്സരം ഇപ്പോഴും ഇഞ്ചോടിഞ്ച്.
കോണ്‍ഗ്രസിനും, ബിജെപിക്കും 44 ശതമാനം വീതം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. മായാവതിയുടെ ബിഎസ്പി രണ്ട് ശതമാനം വോട്ട് നേടും. സ്വതന്ത്രരും ബാക്കിയെല്ലാ പാര്‍ട്ടികളും ചേര്‍ന്ന് 10 ശതമാനവും സ്വന്തമാക്കും. 2018ല്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 41.4 ശതമാനമായി ഉയര്‍ന്നിരുന്നു.കഴിഞ്ഞ തവണ ബിജെപിയുടെ വോട്ട് 41.3 ശതമാനമായും കുറഞ്ഞിരുന്നു. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഏറ്റവും വലിയ കക്ഷിയും കോണ്‍ഗ്രസായിരുന്നു.

തുടര്‍ന്ന് അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. അതേസമയം ഇത്തവണ സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം സര്‍വേ പ്രവചിക്കുന്നുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 108 മുതല്‍ 120 സീറ്റ് വരെ പരമാവധി കോണ്‍ഗ്രസിന് നേടാനാവുമെന്നാണ് സര്‍വേയുടെ പ്രവചനം. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന ബിജെപിക്ക് തിരിച്ചടി നേരിടുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
106 മുതല്‍ 118 സീറ്റ് വരെയാണ് ഇവര്‍ നേടാനാവുമെന്ന് സര്‍വേ പറയുന്നു.അതേസമയം മധ്യപ്രദേശില്‍ തൂക്കുസഭയ്ക്കാണ് സര്‍വേയില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അതുകൊണ്ട് സ്വതന്ത്രര്‍ നേടുന്ന സീറ്റുകള്‍ നിര്‍ണായകമാകും. ഈ വര്‍ഷം അവസാനമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഎസ്പിക്ക് നാല് സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. 116 സീറ്റാണ് മധ്യപ്രദേശില്‍ ഭൂരിപക്ഷം ലഭിക്കാനായി വേണ്ടത്.
2018ല്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്, സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. കമല്‍നാഥ് മുഖ്യമന്ത്രിയുമായിരുന്നു. എസ്പി, ബിഎസ്പി, സ്വതന്ത്രര്‍ എന്നിവര്‍ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസിലുണ്ടായ വിമത ഭീഷണിയെ തുടര്‍ന്ന് സര്‍ക്കാര്‍ വീഴുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുകയായിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് 22 എംഎല്‍എമാര്‍ പോയതോടെ, ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. സിന്ധ്യക്ക് പിന്നീട് ബിജെപി കേന്ദ്ര മന്ത്രി സ്ഥാനം നല്‍കിയിരുന്നു. നിലവില്‍ നിയമസഭയില്‍ ബിജെപിക്ക് 127 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന് 96 സീറ്റുമുണ്ട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിര്‍ണായകമാണ്.
ഇരുപത് വര്‍ഷത്തോളമായി സംസ്ഥാനത്ത് ബിജെപി ഭരണത്തിലുണ്ട്. ഇതിനിടയില്‍ 18 മാസം കോണ്‍ഗ്രസ് ഭരിച്ചത് മാത്രമാണ് വ്യത്യാസം വന്നത്. ഇത്തവണ പക്ഷേ ശിവരാജ് സിംഗ് ചൗഹാന്‍ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. ഇതിനെ നേരിടാന്‍ നിരവധി ക്ഷേമ പദ്ധതികള്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications