നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് ഷോക്ക്; കമല്‍നാഥിന്റെ കോട്ടയില്‍ വാര്‍ഡ് പിടിച്ച് ബിജെപി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിജെപിയില്‍ നിന്ന് കര്‍ണാടക മോഡലില്‍ അധികാരം പിടിക്കുമെന്ന ഉറപ്പും അവര്‍ക്കുണ്ട്. പക്ഷേ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പുള്ള മിനി തെരഞ്ഞെടുപ്പായി കണ്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടിരിക്കുകയാണ്.
മോദി തരംഗത്തിലും വീഴാതെ നിന്ന കമല്‍നാഥിന്റെ കോട്ടയായ ചിന്ദ്വാരയിലാണ് കോണ്‍ഗ്രസിന് തോല്‍വി നേരിട്ടത്. ചിന്ദ്വാരയിലെ ഒരു വാര്‍ഡ് ബിജെപി പിടിച്ചെടുത്തിരിക്കുകയാണ്. കമല്‍നാഥല്ലാതെ മറ്റൊരു നേതാവിനെ ഇവിടെ വിജയിപ്പിക്കാറില്ല. അത്രത്തോളം സ്വാധീനം അദ്ദേഹത്തിന് മണ്ഡലത്തിലുണ്ട്.

13 തദ്ദേശ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതില്‍ ഏഴ് സീറ്റ് ബിജെപിയും, ആറ് സീറ്റ് കോണ്‍ഗ്രസുമാണ് നേടിയത്. പക്ഷേ സ്വന്തം കോട്ടയിലെ സീറ്റ് നഷ്ടമായത് കമല്‍നാഥിന് വലിയ തിരിച്ചടിയാണ്. ചിന്ദ്വാര മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 42ാം വാര്‍ഡാണ് കോണ്‍ഗ്രസിന് നഷ്ടമായത്. ഒരിക്കലും വീഴാത്ത കോട്ടയായി ബിജെപി ഇത്രയും നാള്‍ കണ്ടിരുന്ന മണ്ഡലമാണിത്.
ഇവിടെ നേടിയ വിജയം ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യം കൂടിയാണിത്. ബിജെപിയുടെ സന്ദീപ് സിംഗ് ചൗഹാനാണ് ഇവിടെ കോണ്‍ഗ്രസിന്റെ രാജേന്ദ്ര സ്വാമിക്കെതിരെ മത്സരിച്ചത്. 436 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സന്ദീപ് സിംഗ് വിജയിച്ചത്.
പാവപ്പെട്ടവര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് വിജയത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ കമല്‍നാഥും, മകന്‍ നകുല്‍ നാഥും, അവരുടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണവും നടത്തിയതാണ്. എന്നാല്‍ വിജയം ബിജെപിക്കൊപ്പമായിരുന്നു.
വാര്‍ഡിലെ എല്ലാ ബൂത്തിലും ബിജെപി വിജയിച്ചുവെന്നും, അതുവഴി ചരിത്രം രചിച്ചുവെന്നും ദത്ത പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ എല്ലാ സീറ്റിലും വിജയിക്കേണ്ടതായിരുന്നു. അത്രത്തോളം ശക്തമായിരുന്നു സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീതി ഇടിഞ്ഞുവെന്നും രാഷ്ട്രീയ നിരീക്ഷര്‍ പറഞ്ഞിരുന്നു.
കര്‍ണാടകയിലെ പോലെ എളുപ്പത്തില്‍ മധ്യപ്രദേശ് പിടിക്കാനാവില്ല എന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ബര്‍വാനിയില്‍ ഒരടി മുന്നിലായിരുന്നു ബിജെപി. ഇവിടെ 14 വാര്‍ഡുകളാണ് ബിജെപി വിജയിച്ചത്.
കോണ്‍ഗ്രസിന്റെ പോരാട്ടം പത്ത് സീറ്റില്‍ അവസാനിച്ചു. രാജ്പൂരില്‍ ബിജെപിയുടെ തേരോട്ടമായിരുന്നു. 11 സീറ്റുകളാണ് അവര്‍ പിടിച്ചത്. കോണ്‍ഗ്രസ് വെറും നാല് സീറ്റിലൊതുങ്ങി. കേതിയയില്‍ ബിജെപി പത്ത് സീറ്റ് നേടി. കോണ്‍ഗ്രസ് നാലിലേക്ക് വീണു.
പാല്‍സുദില്‍ പക്ഷേ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. ഏഴ് സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി നേടിയത് നാല് സീറ്റാണ്. അഞ്ചദ്, പന്‍സേമല്‍, സെന്ത്വ എന്നീ മണ്ഡലങ്ങളിലെല്ലാം ബിജെപി തരംഗം തന്നെയാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications