മഹാരാഷ്ട്രയില്‍ ഇത്തവണ എംവിഎ സഖ്യം; എന്‍ഡിഎ സഖ്യത്തെ ജനം നിലം തൊടീക്കില്ല: ബാലാസാഹേബ് തോറാട്ട്
മുംബൈ: മഹാരാഷ്ട്രയില്‍ എം വി എ സഖ്യം അധികാരം പിടിക്കുമെന്നതില്‍ സംശയം ഇല്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട്. സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക കോണ്‍ഗ്രസിനായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ സ്വന്തം മണ്ഡലമായ സംഗമനേർ നിയോജക മണ്ഡലത്തിൽ പ്രചരണം നടത്തുന്നതിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1985 മുതൽ അഹല്യാനഗർ ജില്ലയിലെ സംഗമനേർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് ബാലാസാഹേബ് തോറാട്ട്.
എട്ട് തവണ തുടർച്ചയായി ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ഇത്തവണയും വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. നിങ്ങൾക്ക് ആളുകളുമായി നേരിട്ട് ബന്ധമുണ്ടാവുകയും നിങ്ങൾ അവർക്ക് വേണ്ടി ആത്മാർത്ഥമായും സത്യസന്ധമായും പ്രവർത്തിക്കുകയും അവരുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുകയും ചെയ്യുന്നുവെങ്കിൽ ആളുകൾ നിങ്ങൾക്ക് വോട്ട് ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് കൃത്യമായ പ്രത്യയശാസ്ത്രമുള്ള പാർട്ടിയാണ്. ഭരണഘടനയുടെ ആശയങ്ങൾ മുൻനിർത്തിയാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. എന്നാല്‍ എതിർപക്ഷത്തോ? അധികാരം പിടിക്കാൻ വർഗീയ അജണ്ടയാണ് ബി ജെ പി ഇറക്കുന്നത്. ഇത് ഭരണഘടനയുടെ ആശയത്തിന് വിരുദ്ധമാണ്. എന്നാൽ ഞങ്ങളുടെ എല്ലാ പദ്ധതികളും സാധാരണക്കാരനെയും അവൻ്റെ ക്ഷേമത്തെയും അവൻ്റെ വികസനത്തെയും കേന്ദ്രീകരിച്ചുള്ളതാണ്.
ബി ജെ പി നിലവിലെ സർക്കാർ രൂപീകരിച്ച രീതിയെക്കുറിച്ചാണ് ആദ്യം പറയേണ്ടത്. പാർട്ടികളെ തകർക്കാൻ സർക്കാർ സംവിധാനങ്ങളെയും ഭരണഘടന സ്ഥാപനങ്ങളെയും അവർ ദുരുപയോഗം ചെയ്തു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ അവർക്ക് പരാജയം നേരിടേണ്ടി വന്നത്. തോല്‍വി മുന്നില്‍ കണ്ടതോടെയാണ് ചില ജനകീയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലേക്ക് അവർ നീങ്ങിയത്.
അധികാരത്തിലെത്താൻ അവർ എപ്പോഴും വർഗീയ വിഷയങ്ങള്‍ ഉയർത്തി വിടുന്നു. ജനങ്ങള്‍ക്ക് വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉള്ളി കർഷകർ ഞങ്ങൾക്ക് വോട്ട് ചെയ്തു. ബി ജെ പി ഇതിനെ ഉള്ളി ജിഹാദ് എന്ന് വിളിക്കുമോ? തൊഴിലില്ലാത്ത യുവാക്കൾ വൻതോതിൽ ഞങ്ങൾക്ക് വോട്ട് ചെയ്തു. അതാണോ "തൊഴിൽ രഹിത ജിഹാദ്"? സ്ത്രീകൾക്ക് എതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്ക് എതിരായതിനാലാണ് സ്ത്രീകൾ ഞങ്ങള്‍ക്ക് വോട്ട് ചെയ്തത്. ബിജെപി അതിനെ എന്ത് വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് 288 സീറ്റിലും തനിച്ച് മത്സരിച്ച കാലമുണ്ടായിരുന്നു. എൻ സി പിയുമായി മാത്രം സഖ്യത്തിലായിരുന്നപ്പോൾ ഞങ്ങൾ 145 സീറ്റുകളിൽ മത്സരിച്ചിരുന്നു. ഇപ്പോൾ സഖ്യത്തില്‍ മൂന്ന് പങ്കാളികളുണ്ട്. അതുകൊണ്ട് തന്നെ മൂന്നിലൊന്ന് സീറ്റ് കിട്ടുമെന്ന് വ്യക്തം. നമ്മള്‍ ഒരു സഖ്യത്തിലായിരിക്കുമ്പോൾ, എല്ലാം നമ്മുടെ ഇഷ്ടത്തിനനുസരിച്ചല്ല സംഭവിക്കുന്നത്. എന്നാൽ നമ്മൾ പക്വത കാണിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്താൽ നമുക്ക് വിജയം നേടാൻ കഴിയും. ആ വിജയം ഇത്തവണ ഞങ്ങള്‍ സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications