നവി മുംബൈയില്‍ അടക്കം വിമതരുടെ ഭീഷണി, ബിജെപിക്ക് മാത്രമല്ല എംവിഎയ്ക്കും പണികിട്ടും
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതിക്കും പ്രതിപക്ഷമായ മഹായുതിക്കും കാര്യങ്ങള്‍ അനുകൂലമല്ല. ഇരുമുന്നണികളും വിമത ശല്യത്തിന് നടുവിലാണ്. ഇരുമുന്നണികളും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
നാല്‍പ്പതോളം വിമത സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ചെറുപാര്‍ട്ടികളില്‍ നിന്ന് മികച്ച സ്ഥാനാര്‍ത്ഥികള്‍ വേറെയും മത്സരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം വോട്ട് ചോര്‍ത്താനാവും. മഹായുതിയേക്കാള്‍ ആശങ്ക എംവിഎയ്ക്കുണ്ട്. ഇവരുടെ ജയമുറപ്പുള്ള സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം വിമതര്‍ ഭീഷണിയാവും.

നവംബര്‍ ഇരുപതിനാണ് മഹാരാഷ്ട്രയില്‍ പോളിങ്. എന്നാല്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി തിങ്കളാഴ്ച്ച അവസാനിച്ചു. വിമതരെ ഇരുമുന്നണികളുടെയും ഉന്നത നേതൃത്വം തന്നെ നേരിട്ട് വിളിച്ച് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനായി സമ്മര്‍ദം ചെലുത്തിയിരുന്നു. നിരവധി പേര്‍ പിന്‍മാറിയിരുന്നെങ്കില്‍ ചിലര്‍ പിടിവാശിയിലായിരുന്നു. ഇരുമുന്നണികളിലുമായി 45 വിമതര്‍ പത്രിക പിന്‍വലിച്ചിരുന്നു.
ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പത്ത് പേര്‍ വീതം നാമനിര്‍ദേശപത്രിക പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ നാണക്കേട് നേരിടേണ്ടി വന്നത്. കോലാപൂര്‍ നോര്‍ത്തില്‍ മധുരിമ രാജെ ഛത്രപതി വിമത ഭീഷണിയെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. ഇതോടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ലാതായി. വിമതനായ രാജേഷ് ലട്കറിനെ ഒടുവില്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന മുംബൈയിലെ അനുശക്തി നഗറിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരിക്കുകയാണ്. ഇവിടെ നവാബ് മാലിക്കിന്റെ മകള്‍ സനാ മാലിക്കും മത്സരിക്കുന്നുണ്ട്. മാന്‍ഖുര്‍ദ്-ശിവാജി നഗറില്‍ പക്ഷേ അജിത് പവാര്‍ പക്ഷം സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. ഇവിടെ നവാബ് മാലിക്കാണ് മത്സരിക്കുന്നത്.
ശിവസേനയും ബിജെപിയും ഒരേപോലെ ഈ സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുന്നുണ്ട്. ദേവേന്ദ്ര ഫട്‌നാവിസിന്റെ ഇടപെടലിനെ തുടര്‍ന്ന് ബോറിവലിയിലെ സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. എന്നാല്‍ താനെയില്ലെ മീര-ഭയന്തര്‍ മണ്ഡലത്തില്‍ നിന്ന് വിമതയായി ഗീത ജെയിന്‍ മത്സരിക്കും. ഇവരെ അനുനയിപ്പിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല.
അതേസമയം നാഷിക്കിലെ നന്ദ്ഗാവില്‍ നിന്ന് ചഗന്‍ ബുജ്ബലിന്റെ ബന്ധു സമീര്‍ ബുജ്ബലും സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ വിളിച്ച് വിമതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നവി മുംബൈയിലെ പല മണ്ഡലങ്ങളിലും വിമത ഭീഷണി ശക്തമാണ്. ബേലാപൂരില്‍ ശിവസേന വിമതനായ വിജയ് നഹാട്ടയാണ് മത്സരിക്കുന്നത്.
പ്രകൃതി മലിനീകരണം നവി മുംബൈയില്‍ ശക്തമായ തിരഞ്ഞെടുപ്പ് വിഷയമാണ്. ഉറാനില്‍ രണ്ട് എംവിഎ സ്ഥാനാര്‍ത്ഥികളാണ് ബിജെപിയുടെ മഹേഷ് ബാല്‍ഡി നേരിടുന്നത്. ശിവസേനയുടെ മനോഹര്‍ ഭോയിറും, പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രിതം മാത്രെയുമാണ് മത്സരിക്കുന്നത്. പന്‍വേലില്‍ ബിജെപിയുടെ പ്രശാന്ത് താക്കൂറാണ് വെല്ലുവിളി നേരിടുന്നത്.












Click it and Unblock the Notifications