കോണ്‍ഗ്രസിന്റെ മിന്നും പ്രകടനം; ബിജെപി കോട്ട തകര്‍ത്തു... വമ്പന്‍ ആഘോഷവുമായി പ്രവര്‍ത്തകര്‍
കഴിഞ്ഞ 28 വര്‍ഷമായി ബിജെപിയുടെ സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കസ്ബ പേട്ടിലും ചിന്‍ച്വാദ് മണ്ഡലത്തിലും. ഇതില്‍ കസ്ബ പേട്ടില്‍ ബിജെപിയെ അമ്പരപ്പിച്ച് കോണ്‍ഗ്രസ് വിജയം നേടി. കഴിഞ്ഞ 28 വര്‍ഷമായി ബിജെപി കൈവശം വെക്കുന്ന മണ്ഡലമാണ് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായിരിക്കുന്നത്. മഹാരാഷ്ട്ര ബിജെപി ഭരിക്കുന്ന വേളയില്‍ തന്നെയാണ് ഉപതിരഞ്ഞെടുപ്പിലെ തോല്‍വി എന്നതും എടുത്തുപറയേണ്ടതാണ്.
കോണ്‍ഗ്രസിന്റെ രവീന്ദ്ര ധങ്കേക്കറും ബിജെപിയുടെ ഹേമന്ത് രസാനെയും തമ്മിലായിരുന്നു പ്രധാന മല്‍സരം. 11000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ജയം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. അതേസമയം, ചിന്‍ച്വാദ് മണ്ഡലത്തില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 12000ത്തിലധികം വോട്ടിന് ബിജെപിയുടെ അശ്വനി ജഗ്പത് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ അവസാനിക്കാറായ സാഹചര്യത്തില്‍ മറിച്ചൊരു ഫലം വരാനിടയില്ല.
ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഫലമാണ് ഇന്ന് വന്നത്. ഇതോടൊപ്പം അഞ്ച് സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകളും നടന്നിരുന്നു. അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.
അരുണാചല്‍ പ്രദേശില്‍ ബിജെപി ജയിച്ചു. ജാര്‍ഖണ്ഡില്‍ ബിജെപിയുടെ സഖ്യകക്ഷിയായ എജെഎസ്‌യുവാണ് ജയിച്ചത്. മഹാരാഷ്ട്രയില്‍ ഒരു സീറ്റില്‍ ബിജെപിയും മറ്റൊന്നില്‍ കോണ്‍ഗ്രസും ജയിച്ചു. തമിഴ്‌നാട്ടിലും ബംഗാളിലും കോണ്‍ഗ്രസ് ആണ് ജയിച്ചത്. തമിഴ്‌നാട്ടില്‍ ഡിഎംകെ പിന്തുണയിലും ബംഗാളില്‍ സിപിഎം പിന്തുണയിലുമാണ് കോണ്‍ഗ്രസ് ജയിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്തു എന്ന് പറയാം.
തമിഴ്‌നാട്ടില്‍ ഇറോഡ് ഈസ്റ്റ് മണ്ഡലത്തിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇവിടെ കോണ്‍ഗ്രസ് എംഎല്‍എ ഇ തിരുമഹാന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. പിതാവ് ഇവികെഎസ് ഇളങ്കോവന്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. 40000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇളങ്കോവന്റെ വിജയം.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. മൂന്നിടത്തും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ത്രിപുരയില്‍ ഇത്തവണയും മുന്നേറ്റത്തിന് സാധ്യമാകില്ലെന്നാണ് സൂചന. ഇവിടെ സിപിഎമ്മുമായി സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചത്. മേഘാലയിയലും നാഗാലാന്റിലും കോണ്‍ഗ്രസിന് ഇത്തവണയും ക്ഷീണമാണ് സംഭവിച്ചത്.












Click it and Unblock the Notifications