വെറുതെ മന്ത്രിയായിരിക്കേണ്ട; പുതിയ മന്ത്രിമാര്‍ക്ക് പെര്‍ഫോമന്‍സ് റിവ്യൂ ഉണ്ടാകുമെന്ന് ഫഡ്‌നാവിസ്
നാഗ്പൂര്‍: മഹായുതി സര്‍ക്കാര്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. എന്നാല്‍ ഏത് സമയത്തായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. മഹായുതിയിലെ സഖ്യകക്ഷികളെല്ലാം ഈ തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രണ്ടര വര്‍ഷക്കാലത്തെ ഭരണമികവ് വിലയിരുത്തി പുരോഗതി വിലയിരുത്തും എന്നും മികച്ച പ്രകടനം നടത്താത്തവരെ മാറ്റുമെന്നും ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും പറഞ്ഞു.
ഇന്നലെയായിരുന്നു ഫഡ്‌നാവിസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. 16 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ മഹായുതി സഖ്യക്ഷികളില്‍ നിന്നുള്ള 39 നിയമസഭാംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിഞ്ജ ചെയ്തു. 10 മുന്‍മന്ത്രിമാരെ ഒഴിവാക്കി. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കും. 33 നിയമസഭാംഗങ്ങള്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തപ്പോള്‍ ആറ് പേര്‍ സഹമന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു.

ബി ജെ പിയുടെ സുധീര്‍ മുന്‍ഗന്തിവാര്‍, മുതിര്‍ന്ന എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍, ശിവസേനയുടെ അബ്ദുള്‍ സത്താര്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഇടം നേടാത്ത പ്രമുഖരാണ്. മറാത്ത, ഒ ബി സി, എസ് സി, എസ് ടി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജാതി സമവാക്യങ്ങള്‍ സന്തുലിതമാക്കാനും പ്രാദേശിക സന്തുലിതാവസ്ഥ കൈവരിക്കാനുമുള്ള ഫഡ്‌നാവിസിന്റെ ശ്രമങ്ങളുടെ ഫലമാണ് മന്ത്രിസഭയില്‍ പഴയ ആളുകളേയും പുതിയ ആളുകളെയും ഉള്‍പ്പെടുത്തിയ മന്ത്രിസഭ.
പുതിയ അംഗങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ഉള്‍പ്പെടെ ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അംഗബലം 42 ആയി ഉയര്‍ന്നു. സഖ്യ കക്ഷികളില്‍ ഏറ്റവും വലുതെന്ന നിലയില്‍ ബി ജെ പി 19 മന്ത്രി സ്ഥാനങ്ങള്‍ നേടിയപ്പോള്‍, ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 11 ഉം അജിത് പവാറിന്റെ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒമ്പതും മന്ത്രിസ്ഥാനം ലഭിച്ചു.












Click it and Unblock the Notifications