യഥാര്‍ത്ഥ ശിവസേന ഷിന്‍ഡെയുടേതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ചിഹ്നവും സ്വന്തം; ഉദ്ധവിന് വന്‍ തിരിച്ചടി
പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകനാണ് ഉദ്ധവ് താക്കറെ. ശിവസേന എന്ന പേരും ചിഹ്നവും നഷ്ടമായത് ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയാണ്

ന്യൂദല്‍ഹി: ശിവസേനയിലെ അധികാര തര്‍ക്കത്തില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണ് ഔദ്യോഗിക വിഭാഗം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാനും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു.
ഇനി ശിവസേന എന്ന് അറിയപ്പെടുക ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമായിരിക്കും. ഉദ്ധവ് താക്കറെ പക്ഷത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എന്ന പേരും 'ജ്വലിക്കുന്ന പന്തം'ചിഹ്നവും ഉപയോഗിക്കാം എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വരാനിരിക്കുന്ന മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പ് മുതല്‍ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചിഹ്നങ്ങളും പേരും ഉപയോഗിക്കപ്പെടുക.

ഉദ്ധവ് താക്കറെ വിഭാഗത്തിന് 23.5 ശതമാനം വോട്ട്
2019 ലെ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ വിജയിച്ച 55 ശിവസേന സ്ഥാനാര്‍ത്ഥികളില്‍ 76 ശതമാനം പേരും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനാണ് വോട്ട് ചെയ്തത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉദ്ധവ് താക്കറെ വിഭാഗത്തിന് 23.5 ശതമാനം വോട്ട് മാത്രമെ ലഭിച്ചിട്ടുള്ളൂ. അതേസമയം ശിവസേനയുടെ നിലവിലെ ഭരണഘടന ജനാധിപത്യവിരുദ്ധമാണ് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു.

യഥാര്‍ത്ഥ ശിവസേന
അതേസമയം തങ്ങളെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അഭിനന്ദിച്ചു. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനാണ് പ്രാധാന്യം എന്നും അത് അനുസരിച്ചുള്ള തീരുമാനമാണ് കമ്മീഷന്‍ കൈക്കൊണ്ടത് എന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ബാല്‍ താക്കറെയുടെ പൈതൃകത്തിന്റെ വിജയമാണിത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ല
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ഉദ്ധവ് താക്കറെ വിഭാഗം എതിര്‍ത്തു. ഇത്തരം ഒരു തീരുമാനം പ്രതീക്ഷിച്ചിരുന്നതാണ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ല എന്നും സഞ്ജയ് റാവത്ത് എം പി പറഞ്ഞു. ഔദ്യോഗിക പദവി തേടിയുള്ള ഏകനാഥ് ഷിന്‍ഡെയുടെ അപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ തടയണമെന്ന ഉദ്ധവ് ഗ്രൂപ്പിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കി
കഴിഞ്ഞ വര്‍ഷം മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയത് ശിവസേനയില്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നടത്തിയ വിമത നീക്കങ്ങളായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയും എം എല്‍ എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ബി ജെ പിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ അധികാര തര്‍ക്കവും ഉടലെടുത്തത്.












Click it and Unblock the Notifications