എംവിഎയില്‍ തര്‍ക്കം രൂക്ഷം, കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്കില്ല, റാവത്ത് ഇറങ്ങിപ്പോയി
മുംബൈ: മഹാരാഷ്ട്രയില്‍ അഗാഡി സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ സീറ്റിന്റെ പേരിലുള്ള പ്രശ്‌നം രൂക്ഷമാവുകയാണ്. പത്ത് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകളിലും തര്‍ക്കമുള്ള സീറ്റുകളില്‍ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. താക്കറെ വിഭാഗത്തിലെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരിക്കുകയാണ് ഇവര്‍.
വിദര്‍ഭ, മുംബൈ, നാഷിക്ക് എന്നിവിടങ്ങളിലെ നിര്‍ണായക സീറ്റുകളിലാണ് ഇരുവരും തര്‍ക്കമുള്ളത്. നാഷിക് വെസ്റ്റ് സീറ്റ് തര്‍ക്കം രൂക്ഷമായ സീറ്റാണ്. ഇവിടെ സുധാകര്‍ ബാദ്ഗുജാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരം കടുപ്പിച്ചിരിക്കുകയാണ് താക്കറെ വിഭാഗം. കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന വാശിയിലാണ്.

നാഷിക് വെസ്റ്റ് വിട്ടുകൊടുക്കില്ലെന്ന് നാനാ പടോലെ ഉറപ്പിച്ച് പറഞ്ഞു. ഇതോടെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. സഖ്യത്തില്‍ പലരെയും ഞെട്ടിച്ചിരുന്നു ഈ പ്രതികരണം. വിദര്‍ഭയിലാണ് ഇരുപാര്‍ട്ടികളും വിട്ടുകൊടുക്കാതെ പോരാടുന്നത്. വിദര്‍ഭ മേഖലയിലെ നിര്‍ണായകമായ പന്ത്രണ്ട് സീറ്റുകള്‍ വേണമെന്ന് താക്കറെ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
അര്‍മോറി, ചിമൂര്‍, രാംതേക്, പോലുള്ള പ്രമുക സീറ്റുകളില്‍ ഇതില്‍ വരും. ബിജെപിയോ സ്വതന്ത്രരോ വിജയിച്ചിരിക്കുന്ന സീറ്റുകളാണിത്. ഈ സീറ്റുകളില്‍ എംവിഎ സാധാരണ വിജയിക്കുന്നതല്ലെന്ന് ശിവസേന പറയുന്നു. ഇവിടെ സാധാരണ വിജയിക്കുന്നത് ശിവസേനയെ പോലുള്ളവരാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ശിവസേന പറയുന്നത് കണക്കുകള്‍ ചൂണ്ടിക്കാണിച്ചാണ്. എന്നാല്‍ കോണ്‍ഗ്രസ് പല സീറ്റുകളും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. സൗത്ത് നാഗ്പൂരാണ് കോണ്‍ഗ്രസിന് ആവശ്യമുള്ള മറ്റൊരു സീറ്റ്. ഗിരീഷ് പാണ്ഡവിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. താക്കറെ വിഭാഗം ഈ സീറ്റിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്.
യവത്മലില്‍ കോണ്‍ഗ്രസും എന്‍സിപിയും സീറ്റുകള്‍ക്കായി മത്സരമുണ്ട്. അകോല വെസ്റ്റും താക്കറെ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ പരമ്പരാഗതമായി കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ശിവസേന യുബിടിയുടെ രാജേഷ് മിശ്ര ഇവിടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാംതേക്ക്, അമരാവതി സീറ്റുകള്‍ കോണ്‍ഗ്രസിനായി താക്കറെ വിഭാഗം വിട്ടുകൊടുത്തിരുന്നു. ഇതിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ച ചെയ്യണമെന്നാണ് താക്കറെ വിഭാഗം ആവശ്യപ്പെടുന്നത്. വിദര്‍ഭയില്‍ കൂടുതല്‍ സീറ്റുകളാണ് പാര്‍ട്ടിക്ക് ആവശ്യം. ഗഡ്ചിരോളി, ഭണ്ഡാര, അര്‍ജുനി മോര്‍ഗാവ്, തുടങ്ങിയവ ശിവസേനയ്ക്ക് ആവശ്യമാണ്.
കോണ്‍ഗ്രസാണെങ്കില്‍ ഈ മേഖലയില്‍ വിജയം ലക്ഷ്യമിടുന്നുണ്ട്. കരഞ്ച, ജാല്‍ഗാവ് ജാമോഡ് മണ്ഡലത്തിലും പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസാണ് ഈ സീറ്റ് കൈവശം വെച്ചിരിക്കുന്നത്. എന്നാല്‍ എന്‍സിപി ഇത്തവണ അവകാശവാദമുന്നയിച്ചിട്ടുണ്ട്. ദിഗ്രാസില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മാണിക്‌റാവു താക്കറെ മകന് സീറ്റ് ഒപ്പിക്കാനുള്ള ശ്രമത്തിലാണ്. താക്കറെ വിഭാഗം പവന്‍ ജയ്‌സ്വാളിനെ ഇവിടെ മത്സരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.
പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസും ശിവസേന യുബിടിയും ശരത് പവാറിനെ സമീപിച്ചിരിക്കുകയാണ്. മധ്യസ്ഥത വഹിക്കാനാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ആദിത്യ താക്കറെയും, അനില്‍ പരബും പവാറിനെ നേരിട്ട് കണ്ടു. മുതിര്‍ന്ന നേതാക്കളും പവാറുമായി ബന്ധപ്പെട്ടു. പവാറിന്റെ ഇടപെടല്‍ പ്രശ്‌നങ്ങള്‍ പരിഹിക്കുമെന്നാണ് സൂചന.












Click it and Unblock the Notifications