'കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്നത് 'മൂന്നാം കിട' സ്ത്രീകള്‍'; വിവാദത്തിലായി മഹാരാഷ്ട്ര എംഎല്‍എ
അമരാവതി: പൊതുയോഗത്തിനിടെ സ്ത്രീ വിരുദ്ധവും കര്‍ഷക വിരുദ്ധവുമായ പരാമര്‍ശവുമായി മഹാരാഷ്ട്ര എം എല്‍ എ ദേവേന്ദ്ര ഭുയാര്‍. ഒരു കര്‍ഷകന്റെ മകന് അവന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നായിരുന്നു ദേവേന്ദ്ര ഭുയാറിന്റെ പ്രതികരണം. 'സുന്ദരിമാരായ സ്ത്രീകള്‍' സ്ഥിര ജോലിയുള്ള പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വരുദ് - മോര്‍ഷിയില്‍ നിന്നുള്ള സ്വതന്ത്ര എം എല്‍ എയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അനുയായിയുമാണ് ദേവേന്ദ്ര ഭുയാര്‍. 'ഒരു സ്ത്രീ സുന്ദരിയാണെങ്കില്‍ അവള്‍ നിങ്ങളെയോ എന്നെപ്പോലെയോ ഒരാളെ തിരഞ്ഞെടുക്കില്ല. പകരം, അവള്‍ ജോലിയുള്ള പുരുഷനെയാണ് ഇഷ്ടപ്പെടുന്നത്. രണ്ടാം കിട സ്ത്രീകളാണെങ്കില്‍ കടയുടമകളെയോ ചെറുകിട ബിസിനസ് നടത്തുന്നവരെയോ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നു,' അദ്ദേഹം പറഞ്ഞു.

Image Credit: Devendra Bhuyar @facebook
അതേസമയം 'മൂന്നാം കിട' സ്ത്രീകളാണ് കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്നത് എന്നും ദേവേന്ദ്ര ഭുയാര്‍ പറഞ്ഞു. അത്തരം വിവാഹങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പലപ്പോഴും 'ദുര്‍ബലമായ' സ്വഭാവസവിശേഷതകള്‍ പാരമ്പര്യമായി ലഭിക്കുന്നുണ്ടെന്ന് ദേവേന്ദ്ര ഭുയാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സ്ത്രീകളെ അവരുടെ രൂപത്തെ അടിസ്ഥാനമാക്കി തരംതിരിച്ചത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
സ്ത്രീകളോടും കര്‍ഷക സമൂഹത്തോടുമുള്ള അവഹേളനവും അനാദരവുമാണ് എം എല്‍ എയുടെ വാക്കുകളില്‍ നിറഞ്ഞിരിക്കുന്നത് എന്ന് വിവിധ കക്ഷി നേതാക്കള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര വനിതാ ശിശു വികസന മന്ത്രിയുമായ യശോമതി താക്കൂര്‍ ഭുയാറിനെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി. ഇത്തരം ആളുകളെ ആരും വെച്ചുപൊറുപ്പിക്കില്ല എന്ന് യശോമതി താക്കൂര്‍ പറഞ്ഞു.
'അജിത് പവാറും അധികാരത്തിലുള്ളവരും അവരുടെ എം എല്‍ എമാരെ നിയന്ത്രിക്കണം. അല്ലെങ്കില്‍ സമൂഹം നിങ്ങളെ പാഠം പഠിപ്പിക്കും', യശോമതി താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവത്തില്‍ പിന്നീട് എന്തെങ്കിലും പ്രതികരണം നടത്താന്‍ ഭുയാര്‍ തയ്യാറായില്ല. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ഏറ്റെടുത്തു. സ്ത്രീ വിരുദ്ധവും കര്‍ഷക വിരുദ്ധവുമായ പരാമര്‍ശം നടത്തിയ എം എല്‍ എയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.












Click it and Unblock the Notifications