എല്ലാം അറിഞ്ഞത് രാവിലെ ഏഴ് മണിക്ക്; കൈമലര്‍ത്തി പവാര്‍, രണ്ടു നേതാക്കള്‍ മാധ്യമങ്ങളെ കാണും
മുംബൈ: എന്‍സിപിയുടെ പിന്തുണയില്‍ ബിജെപി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ ഞെട്ടലിലാണ് ദേശീയ രാഷ്ട്രീയം. വെള്ളിയാഴ്ച രാത്രി വരെ ഇതുസംബന്ധിച്ച് യാതൊരു സൂചനയും ഒരുനേതാക്കള്‍ക്കും ലഭിച്ചിരുന്നില്ല. രാവിലെ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് എല്ലാവരും അമ്പരന്നത്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകും.

താന്‍ ഒന്നും അറിഞ്ഞില്ലെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറയുന്നത്. എന്നാല്‍ പിന്തുണ നല്‍കിയതില്‍ ശരദ് പവാറിന് നന്ദി പറഞ്ഞിരിക്കുകയാണ് ഫട്‌നാവിസ്. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ എന്‍സിപി നേതാക്കള്‍ കൂട്ടത്തോടെ പവാറിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പവാറിന്റെ വസതി, ബിജെപി ഓഫീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയ്‌ക്കെല്ലാം സുരക്ഷ ശക്തമാക്കി.
അതേസമയം, ശരദ് പവാര്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കും. ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മാധ്യമങ്ങളെ കാണുന്നുണ്ട്. എന്‍സിപി ചതിച്ചുവെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഉദ്ധവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന, എന്‍പിസി, കോണ്‍ഗ്രസ് സഖ്യം തീരുമാനിച്ചതിന് പിന്നാലെയാണ് ബിജെപി തിരക്കിട്ട നീക്കം നടത്തിയത്.
പുലര്‍ച്ചെ 5.30ഓടെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കേന്ദ്രം ഉത്തരവിട്ടത്. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവാണ് അജിത് പവാര്‍. അദ്ദേഹം ബിജെപിക്കൊപ്പം നിന്നതോടെ മുഴുവന്‍ എന്‍സിപി എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണെന്നും ഫട്‌നാവിസ് സര്‍ക്കാരിന് 170 അംഗങ്ങളുടെ പിന്തുണയുണ്ടെന്നും ബിജെപി നേതാവ് ഗിരീഷ് മഹാജന്‍ പറഞ്ഞു.












Click it and Unblock the Notifications