സൈനികര്‍ വരെ ബിജെപിയുടെ പ്രചാരകരായി മാറുന്നു; ഗുരുതര ആരോപണവുമായി ഖാര്‍ഗെ
ന്യൂഡല്‍ഹി: സൈനികരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രവര്‍ത്തകരാക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ ഒന്നടങ്കം ബിജെപിയുടെ പ്രചാരകരായി മാറിയെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി അവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഖാര്‍ഗെ ആരോപിച്ചു.
മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി വിവിധ ജില്ലകളില്‍ സൈനികരെയും മുതിര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരെയും രാത് പ്രഭാരികളായി ഉപയോഗിക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനം. അതേസമയം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ സൈനികര്‍ക്ക് അവധിയും നല്‍കിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് ഖാര്‍ഗെ.

സര്‍ക്കാര്‍ സേവനങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് മുക്തമായിരിക്കണം, പ്രത്യേകിച്ച് തെരഞ്ഞെടുപ്പിന്റെ സമയത്തെന്നും ഖാര്‍ഗെ കത്തില്‍ പറഞ്ഞു. ഇഡി, ആദായനികുതി വകുപ്പ് സിബിഐ എന്നിവര്‍ നേരത്തെ തന്നെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമേ ഇപ്പോഴത്തെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
ഏജന്‍സികള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, ആര്‍മ്‌സ്-വിംഗ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എല്ലാം ബിജെപി പ്രചാരകരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഖാര്‍ഗെയ്ക്കതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രംഗത്തെത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി അടിത്തട്ടിലേക്ക് ഇറങ്ങുമ്പോള്‍ അതിലും കോണ്‍ഗ്രസിന് പ്രശ്‌നം വന്നിരിക്കുകയാണ്. ഇത് എന്നെ അമ്പരപ്പിക്കുന്നു.
യഥാര്‍ഥത്തില്‍ ഇതല്ലേ ഭരണത്തിന്റെ അടിസ്ഥാനം. കോണ്‍ഗ്രസിന് എപ്പോഴും ദരിദ്രരെ ദാരിദ്ര്യത്തില്‍ തന്നെ കാണുന്നതാണ് ഇഷ്ടം. അതിലൂടെ പ്രതിപക്ഷത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ എന്നും നദ്ദ പരിഹസിച്ചു. സര്‍ക്കാരിന്റെ വികസിത ഭാരത് സങ്കല്‍പ്പ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള ഓഫീസര്‍മാരാണ്. ഇത് സര്‍വീസ് നിയമത്തിന്റെ ലംഘനമാണെന്നും ഖാര്‍ഗെ ആരോപിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയാല്‍ അടുത്ത ആറ് മാസത്തേക്ക് രാജ്യം തന്നെ നിശ്ചലമാകുമെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കി. നമ്മുടെ സൈന്യത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. അവരുടെ കൂറ് ഈ രാജ്യത്തോടും ഭരണഘടനയോടും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയവത്കരണം അപകടം പിടിച്ച കാര്യമാണ്. സൈനിക പരിശീലനം. രാജ്യത്തെ പ്രതിരോധിക്കാനായി സൈനികരെ തയ്യാറാക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്കാണ് അവര്‍ നേതൃത്വം നല്‍കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.












Click it and Unblock the Notifications