ദില്ലി പിടിക്കാന്‍ മമത; 21ന് ആദ്യ ചുവടുവയ്പ്, രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയെന്ന് മദന്‍ മിത്ര
കൊല്‍ക്കത്ത: മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ദേശീയ തലത്തിലേക്ക് ചുവട് മാറ്റുന്നു. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് ദില്ലി ലക്ഷ്യമിട്ടുള്ള നീക്കം. ഈ മാസം 21ന് ഇതുമായി ബന്ധപ്പെട്ട ആദ്യ പരിപാടി സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് മദന്‍ മിത്ര പറഞ്ഞു. 2024ല്‍ മമത ബാനര്‍ജി ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രധാന നിയമസഭാ തിരഞ്ഞെടുപ്പാണ് യുപിയിലേത്. യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കമാണ് തൃണമൂല്‍ നടത്തുന്നത്. യുപിയില്‍ ബിജെപിക്ക് തിരിച്ചടി ലഭിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെടുത്താമെന്ന് തൃണമൂല്‍ കരുതുന്നു.

ജൂലൈ 21ന് രക്തസാക്ഷി ദിനം വിപുലമായി ആഘോഷിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ദില്ലിയിലെ കോണ്‍സ്റ്റിയൂഷന്‍ ക്ലബ്ബിലാണ് പരിപാടി. കൊല്‍ക്കത്തയിലിരുന്ന് മമത ബാനര്‍ജി ഓണ്‍ലൈന്‍ വഴി അഭിസംബോധന ചെയ്യും. ത്രിപുര, അസം, ഒഡീഷ, ബിഹാര്‍, പഞ്ചാബ്, യുപി, ദില്ലി എന്നിവിടങ്ങളിലും തല്‍സമയം മമതയുടെ പ്രസംഗം കാണാന്‍ വലിയ സ്്ക്രീനുകള്‍ സ്ഥാപിക്കും.
ദില്ലി ചലോയുടെ ആദ്യ ചുവടാണിത്. ബംഗാളില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജനങ്ങള്‍ ബിജെപി നേരിടാന്‍ മമതയ്‌ക്കേ സാധിക്കൂ എന്നാണ് കരുതുന്നതെന്നും മദന്‍ മിത്ര പറഞ്ഞു. 1993 ജൂലൈ 21ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന റാലിക്കെതിരെ പോലീസ് വെടിവയ്പ് നടത്തുകയം 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ ദിനം എല്ലാവര്‍ഷവും തൃണമൂല്‍ കോണ്‍ഗ്രസ് രക്തസാക്ഷി ദിനമായി ആചരിക്കാറുണ്ട്.












Click it and Unblock the Notifications