'ബംഗാളിലെ മമത ബാനർജി സർക്കാർ അധികം നീളില്ല'; 5 മാസം കൊണ്ട് താഴെ വീഴുമെന്ന് ബിജെപി
കൊൽക്കത്ത: ബംഗാളിൽ മമത ബാനർജി സർക്കാരിന് ഇനി അധികംകാലം ആയുസില്ലെന്ന് ബിജെപി. 5 മാസത്തിനുള്ളിൽ സർക്കാർ താഴെ വീഴുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍ ബിജെപിക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. വലിയ ജനപിന്തുണയുള്ള ഒരു സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഡല്‍ഹിയില്‍ തങ്ങളുടെ റേറ്റിങ് മെച്ചപ്പെടുത്താനുള്ള ശ്രമം മാത്രമാണ് സംസ്ഥാന ബിജെപി നേതാക്കളുടെ ഇത്തരം പ്രസ്താവനകളെന്ന് പാർട്ടി പ്രതികരിച്ചു.
ബി ജെ പി എംപിയായ ശന്തനു താക്കൂറായിരുന്നു തൃണമൂൽ സർക്കാർ ഉടൻ താഴെ വീഴുമെന്ന് അവകാശപ്പെട്ടത്. തന്റെ മണ്ഡലമായ ബൻഗാവിൽ നടന്ന പരിപാടിക്കിടെയായിരുന്നു എംപിയുടെ പരാമർശം. ''മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ പൂര്‍ണമായും ഉപയോഗശൂന്യമായിക്കഴിഞ്ഞു.അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വ്യാപകമായ കൃത്രിമം നടത്തിയില്ലായിരുന്നെങ്കിൽ ബിജെപി ആയിരക്കണക്കിന് സീറ്റുകൾ അധികമായി നേടുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെ നിഷപക്ഷമായി ഇടപെടുന്നതിൽ പരാജയപ്പെട്ടു. എന്നാൽ തൃണമൂലിന് കീഴിലുള്ള അവസാന തിരഞ്ഞെടുപ്പാകും ഇത്. എന്റെ ഊഹം ഈ സർക്കാർ 5 മാസത്തിനപ്പുറം പോകില്ലെന്നാണ്', ശന്തനു പറഞ്ഞു.

അതേസമയം എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ത മജൂംദാറിന്റെ പ്രതികരണം. എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്ന് കാണാമെന്നും സുകന്ത പറഞ്ഞു.
'തൃണമൂൽ കോൺഗ്രസിന്റെ തെറ്റായ ഭരണത്തിനും ഭീകരതയ്ക്കുമെതിരെ ജനങ്ങളുടെ പ്രക്ഷോഭം ഉണ്ടാകില്ലെന്ന് ആർക്കറിയാം. മമത ബാനർജിയുടെ പ്രവർത്തനരീതി പിന്തുടരാൻ തൃണമൂൽ എം എൽ എമാർ വിസമ്മതിച്ചേക്കാം, ഇതൊക്കെ സംഭവിക്കുമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ രാഷ്ട്രീയത്തിൽ എന്തും സാധ്യമാണ്', സുകന്തു പറഞ്ഞു. സാധാരണക്കാരുടെ ജീവിതം സുരക്ഷിതമാക്കാൻ കേന്ദ്രസർക്കാർ എന്തും ചെയ്യുമെന്നും സുകന്തു മജൂംദാർ പറഞ്ഞു.
അതേസമയം ബിജെപിയുടെ ആരോപണങ്ങൾക്ക് തൃണമൂൽ കോൺഗ്രസ് എംപിയും പാർട്ടി വക്താവുമായ ശന്തനു സെൻ മറുപടി നൽകി. 'സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ഈ ബിജെപി നേതാക്കളെല്ലാം തന്നെ രണ്ടു വർഷം മുമ്പ് വലിയ ഭൂരിപക്ഷത്തിൽ മൂന്നാം തവണയും അധികാരത്തിൽ വന്ന സർക്കാരിനെ ഭീഷണിപ്പെടുത്തി ഡൽഹിയിൽ റേറ്റിംഗ് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ്', സെൻ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചയുടെ നിരാശയിൽ എന്തെങ്കിലും തെറ്റായ നീക്കത്തിന് ബി ജെ പി ശ്രമിച്ചാൽ സംസ്ഥാനത്തെ ജനങ്ങൾ തന്നെ ആ നീക്കത്തെ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications