മംഗളൂരു ഓട്ടോ സ്‌ഫോടനം ഭീകര കൃത്യമെന്ന് സംശയം; പ്രഷര്‍ കുക്കര്‍ കണ്ടെത്തി
മംഗളൂരു: ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായ സംഭവം ഭീകരകൃത്യമാണെന്ന് സംശയം പ്രകടിപ്പിച്ച് കര്‍ണാടക പോലീസ്. അതൊരു അപകടമായിരുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി പ്രവീണ്‍ സൂദ് പറഞ്ഞു. കനത്ത നാശനഷ്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടനം നടത്തിയത് എന്ന് സംശയിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്ന് സൂചിപ്പിച്ച കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര കേന്ദ്ര ഏജന്‍സിയും കേസ് അന്വേഷിക്കുന്നുവെന്ന് അറിയിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയല്ല. എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. ഭീകരകൃത്യമാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ വിവരം ധരിപ്പിച്ചിട്ടുണ്ട്. അവരുടെ സംഘം മംഗളൂരുവിലേക്ക് വന്നിട്ടുണ്ടെന്നും രണ്ടോ മൂന്നോ ദിവസത്തിനകം എല്ലാ കാര്യത്തിലും വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു.
സ്‌ഫോടനമുണ്ടായ ഓട്ടോറിക്ഷയില്‍ കത്തിയ നിലയില്‍ പ്രഷര്‍ കുക്കര്‍ കണ്ടെത്തി. ബാറ്ററിയും ഇതിലുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓട്ടോയിലെ യാത്രക്കാരനെയാണ് പ്രധാന പ്രതിയായി സംശയിക്കുന്നത്. ഇയാളില്‍ നിന്ന് ഒരു ആധാര്‍ കാര്‍ഡ് ലഭിച്ചു. പക്ഷേ, ഈ കാര്‍ഡ് ഹുബ്ബള്ളിയിലെ ഒരു വ്യക്തിയുടേതാണ് എന്ന് ബോധ്യപ്പെട്ടു. ഓട്ടോയിലുണ്ടായിരുന്ന വ്യക്തിയെ പോലെയാണ് ആധാറിലെ വ്യക്തിയുടെ ചിത്രവും. എന്നാല്‍ ഇത് മറ്റൊരാളുടേതാണ്. ചില ലക്ഷ്യത്തോടെയാണ് സ്‌ഫോടനം നടത്തിയത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് എന്ന് സംസ്ഥാന പോലീസ് മേധാവി എന്‍ഡിടിവിയോട് പറഞ്ഞു.
എന്തായിരുന്നു സ്‌ഫോടനത്തിന്റെ ലക്ഷ്യമെന്ന് അറിയില്ല. കോയമ്പത്തൂരില്‍ അടുത്തിടെയുണ്ടായ സ്‌ഫോടനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഓട്ടോയിലെ യാത്രക്കാരന്‍ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇയാള്‍ കര്‍ണാടകക്കാരനാണ്. കഴിഞ്ഞ ചില മാസങ്ങളില്‍ ഇയാള്‍ സംസ്ഥാനത്തിന് പുറത്തുപോയിട്ടുണ്ട്. കോയമ്പത്തൂരിലും തമിഴ്‌നാട്ടിലെ മറ്റു ചില സ്ഥലങ്ങളിലും പോയിട്ടുണ്ട്. വീര്യം കുറഞ്ഞ ബോംബാണ് പൊട്ടിത്തെറിച്ചത്. ഇയാള്‍ എവിടേക്കോ പോകുകയായിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് കണ്ടെത്താനുള്ള സ്രമത്തിലാണെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
ദുര്‍ഗ പരമേശ്വരി എന്നായാളുടെ പേരിലാണ് ഓട്ടോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രേം രാജ് കനോഗിയാണ് യാത്രക്കാരന്റെ ആധാര്‍ കാര്‍ഡിലുള്ള പേര്. പ്രതി കോയമ്പത്തൂരില്‍ നിന്നു വ്യാജ പേരില്‍ ഒരു സിംകാര്‍ഡ് എടുത്തിട്ടുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്‍ഡിടിവിയോട് പറഞ്ഞു. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ പോയതായി ടവര്‍ ലൊക്കേഷനില്‍ വ്യക്തമായിട്ടുണ്ട്. ഫോണ്‍ ചെയ്തത് ആരൊക്കെ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഓട്ടോ ഡ്രൈവറും യാത്രക്കാരനും പരിക്കേറ്റ് ചികില്‍സയിലാണ്. യാത്രയ്ക്കിടെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് മുന്നില്‍ വച്ചാണ് ഓട്ടോയില്‍ സ്‌ഫോടനമുണ്ടായത്. ചെറിയ സ്‌ഫോടനമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രണ്ടു പേര്‍ക്കും സംസാരിക്കാനായിട്ടില്ല. അഭ്യൂഹങ്ങള്‍ പരത്തരുതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.












Click it and Unblock the Notifications