മണിപ്പൂർ: മെയ്തേയി ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടികളുമായി കേന്ദ്രം: 9 സംഘടനകളെ നിരോധിച്ചു
ഡല്‍ഹി: അക്രമാസക്തമായ പ്രവർത്തനങ്ങള്‍ നടത്തുന്നുവെന്ന ആരോപണം നേരിടുന്ന നിരവധി മെയ്തെയി തീവ്രവാദ സംഘടനകള്‍ക്ക് നിരോധനം ഏർപ്പെടുത്തി ദേശീയ ആഭ്യന്തര മന്ത്രാലയം. യു എ പി എ നിയമത്തിന് കീഴില്‍പ്പെടുത്തിയാണ് നിരോധനം. "നിയമവിരുദ്ധ സംഘടനകൾ" ആയി പ്രഖ്യാപിച്ചു കൊണ്ടാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ദേശീയ ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വൈകീട്ടോടെ പുറത്തിറക്കി.
മണിപ്പൂരിൽ സുരക്ഷാ സേനയ്ക്കും പോലീസിനും സാധാരണക്കാർക്കും എതിരെയുള്ള ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളിലും ഈ സംഘടനകൾ ഏർപ്പെടുന്നതായി സർക്കാർ കരുതുന്നതിനാലാണ് ഈ നീക്കമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

'പീപ്പിൾസ് ലിബറേഷൻ ആർമിയും (പി എൽ എ) അതിന്റെ രാഷ്ട്രീയ വിഭാഗമായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ടും (ആർ പി എഫ്), യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടും (യു എൻ എൽ എഫ്) അതിന്റെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമിയും (എം പി എ), പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക്കും (PREPAK) അതിന്റെ സായുധ വിഭാഗമായ 'റെഡ് ആർമി', കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെ സി പി) അതിന്റെ സായുധ വിഭാഗമായ, 'റെഡ് ആർമി', കംഗ്ലേയ് യോൾ കൻബ ലുപ് (KYKL), കോർഡിനേഷൻ കമ്മിറ്റി (കോർകോം), അലയൻസ് ഫോർ സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക് (ASUK) എന്നിവയ്‌ക്കൊപ്പം അവരുടെ എല്ലാ വിഭാഗങ്ങളും പോഷക സംഘടനകളും മുന്നണി സംഘടനകളും നിയമവിരുദ്ധമായ അസോസിയേഷനുകളാണ്' ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
തിങ്കളാഴ്ച മുതൽ അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. "സായുധ പോരാട്ടത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വിഘടനത്തിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക" എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
'ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക', 'അവരുടെ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സായുധ മാർഗങ്ങൾ പ്രയോഗിക്കുകയും അതിൽ ഏർപ്പെടുകയും ചെയ്യുന്നു' എന്നിങ്ങനെയാണ് മെയ്തേയ് തീവ്രവാദ സംഘടനകൾ നടത്തുന്നതെന്നും കേന്ദ്രം അഭിപ്രായപ്പെടുന്നു.
"മണിപ്പൂരിലെ സുരക്ഷാ സേനയെയും പോലീസിനെയും സാധാരണക്കാരെയും ആക്രമിച്ച് കൊല്ലുക, അവരുടെ സംഘടനകൾക്കായി ഫണ്ട് ശേഖരിക്കുന്നതിനായി സാധാരണ ജനങ്ങളെ ഭീഷണിപ്പെടുത്തൽ, കൊള്ളയടിക്കുക, പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനായി വിദേശത്തുള്ള ഉറവിടങ്ങളുമായി ബന്ധപ്പെടുക, അവരുടെ വിഘടനവാദ ലക്ഷ്യം കൈവരിക്കുന്നതിനായി ആയുധങ്ങളിലൂടെയും പരിശീലനത്തിലൂടെയും അവരുടെ സഹായം ഉറപ്പാക്കല്‍, സങ്കേതങ്ങൾ, പരിശീലനം, ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും രഹസ്യ സംഭരണം എന്നിവയ്ക്കായി അയൽ രാജ്യങ്ങളിൽ ക്യാമ്പുകൾ സഘടിപ്പിക്കുന്നു" കേന്ദ്രം ഉത്തരവില്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications