മണിപ്പൂർ: കാശ്മീരി പണ്ഡിറ്റുകള്‍ നേരിട്ടതിന് സമാന സാഹചര്യമെന്ന് മെയ്തി വിഭാഗം: കേന്ദ്രത്തിനും വിമർശനം
ദില്ലി: ജമ്മു കശ്മീരില്‍ കാശ്മീരി പണ്ഡിറ്റുകള്‍ നേരിട്ടതിന് സമാനമായ സാഹചര്യങ്ങള്‍ മണിപ്പൂരില്‍ നേരിടേണ്ടി വന്നേക്കാമെന്ന ആശങ്കയുണ്ടെന്ന് മെയ്തി വിഭാഗം. മണിപ്പൂരില്‍ അടുത്തിടെ അരങ്ങേറിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗ്രൂപ്പിന്റെ അഭിപ്രായപ്രകടനം. തങ്ങളുടെ സ്വന്തം സംസ്ഥാനത്ത് "വംശീയ ഉന്മൂലനത്തിന്" സാധ്യതയുണ്ടെന്നാണ് മണിപ്പൂരിലെ ഭൂരിപക്ഷ വിഭാഗമായ മെയ്തി നേതാക്കള്‍ അവകാശപ്പെടുന്നത്.
ദില്ലിയില്‍ പത്രസമ്മേളനം വിളിച്ച് ചേർത്ത വേൾഡ് മെയ്തി കൗൺസിൽ അംഗങ്ങള്‍ സംഘർഷത്തില്‍ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങള്‍ ഉന്നയിച്ചു. നിരവധി തവണ ശ്രമിച്ചിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. മെയ്തേയ് വിഭാഗത്തിന് പട്ടികവർഗ (എസ്ടി) പദവി നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മേയ് 3 ന് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ എഴുപതിലേറെ പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

റിസർവ് വനഭൂമിയിൽ നിന്ന് സംസ്ഥാനത്തെ മറ്റൊരു ജനവിഭാഗമായ കുക്കി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള സംഘർഷവും കലാപത്തിന് ആക്കം കൂട്ടി. അതേസമയം ഇതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് മെയ്തി വിഭാഗം അവകാശപ്പെടുന്നത്. "മണിപ്പൂരിൽ നടന്ന സംഭവങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. ഇതുപോലൊന്ന് സംഭവിക്കുമെന്ന് ഞങ്ങൾ സർക്കാരിന് മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു. കശ്മീരി പണ്ഡിറ്റുകൾ അഭിമുഖീകരിച്ചതിന് സമാനമായ അവസ്ഥയിലാണ് ഞങ്ങൾ ഇന്ന്,"- സിവിൽ സൊസൈറ്റി ഗ്രൂപ്പ് വേൾഡ് മെയ്തി കൗൺസിൽ പ്രസിഡന്റ് നബാശ്യാം ഹൈഗ്രുജം പറഞ്ഞു.
"ഞങ്ങളുടെ സ്വന്തം സംസ്ഥാനത്ത് വംശീയ ഉന്മൂലനത്തിന്റെ അപകടത്തിലാണ് ഞങ്ങൾ," എന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു വർഷത്തിലേറെയായി ഈ വിഷയങ്ങളില്‍ അടക്കം അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചുവെങ്കിലും ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും ഹൈഗ്രുജാം പറഞ്ഞു. "മെയ്‌തികളും നാഗകളും മണിപ്പൂരിലെ യഥാർത്ഥ ആളുകളാണ്... ഞങ്ങളുടെ കാഴ്ചപ്പാട് ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അദ്ദേഹത്തോട് അഞ്ച് മിനിറ്റെങ്കിലും സംസാരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ഞങ്ങൾ ഞങ്ങളുടെ അപേക്ഷ സമർപ്പിച്ചു, പക്ഷേ ഈ പ്രതിസന്ധിയുടെ സമയത്തും, ആഭ്യന്തര മന്ത്രിക്ക് ഞങ്ങളെ കാണാൻ സമയമില്ലാത്തതിൽ ഞങ്ങൾ വളരെയധികം വേദനിക്കുന്നു, "അദ്ദേഹം കൂട്ടിച്ചേർത്തു.
നാഗന്മാർക്കും കുക്കികൾക്കും തുല്യമായി മെയ്തികൾക്ക് പട്ടികവർഗ പദവി നൽകിക്കൊണ്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ആവശ്യമാണെന്ന് വേൾഡ് മെയതേയ് കൗൺസിൽ വക്താവ് നബകിഷോർ സിംഹ യുംനം പറഞ്ഞു. "അനധികൃത കുടിയേറ്റക്കാരെ" തുരത്താൻ മണിപ്പൂരിൽ ദേശീയ പൗരന്മാരുടെ രജിസ്റ്റർ (എൻആർസി) നടപ്പിലാക്കണമെന്നും വിവിധ കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായി ഒപ്പുവച്ച കരാർ റദ്ദാക്കണമെന്നും മെയ്തി കമ്മ്യൂണിറ്റി ആവശ്യപ്പെട്ടു.
കേന്ദ്രവും മണിപ്പൂർ സർക്കാരും കുക്കി തീവ്രവാദ സംഘടനകളുടെ രണ്ട് കൂട്ടായ്മകളും - കുക്കി നാഷണൽ ഓർഗനൈസേഷനുകളും യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ടും സമാധാന കരാർ ഒപ്പുവെച്ചിരുന്നു. 2008-ൽ ആദ്യമായി ഒപ്പുവെച്ച കരാർ ഇടയ്ക്കിടെ നീട്ടുകയും ചെയ്തിരുന്നു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തയ് വിഭാഗം ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. എന്നാല്‍ ജനസംഖ്യയുടെ 40 ശതമാനം വരുന്ന ഗോത്രവർഗ്ഗക്കാരായ നാഗകളും കുക്കികളും മലയോര ജില്ലകളിലാണ് കൂടുതലായി കഴിഞ്ഞ് വരുന്നത്.












Click it and Unblock the Notifications