മണിപ്പൂരില്‍ സൈന്യത്തിന് നേരെ വെടിവെപ്പ്; തിരിച്ചടിച്ച് സൈന്യം, ആയുധങ്ങള്‍ പിടിച്ചെടുത്തു
ഇംഫാല്‍: കലാപബാധിതമായ മണിപ്പൂരില്‍ സൈന്യത്തിന് നേരെ വെടിവെയ്പ്പ്. സംഘര്‍ഷ മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈന്യത്തിനെതിരായ ആക്രമണം. ആയുധങ്ങള്‍ തിരിച്ച് പിടിച്ചതായി സൈന്യം അറിയിച്ചു. ഒരു സായുധ കലാപകാരിയെ പിടികൂടിയതായും സൈന്യം വ്യക്തമാക്കി. ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍, വെടിമരുന്ന്, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
ബിഷ്ണുപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. യംനാം പിഷക് മെയ്‌തേയ് (67), മകന്‍ യംനം പ്രേംകുമാര്‍ മെയ്‌തേയ് (39), അയല്‍വാസിയായ യുമ്‌നം ജിതന്‍ മെയ്‌തേയ് (46) എന്നിവരാണ് മരിച്ചത്. സേനയും സായുധ ഗ്രാമ സന്നദ്ധപ്രവര്‍ത്തകരും നടത്തിയ തിരിച്ചടിയില്‍ കലാപകാരികളെന്ന് സംശയിക്കുന്ന അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇതിന് ശേഷമാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. 'ഓപ്പറേഷന്‍ മോങ്ചാം' എന്ന പേരില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ ആരംഭിച്ചതായി സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം 5.30 ന് ആണ് മോങ്ചാമിലെ ജനറല്‍ ഏരിയയില്‍ സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായത്. സൈന്യം തിരിച്ചടിക്കുകയും ചെയ്തു. സര്‍ക്കാരുമായി സമാധാന കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത കിയ ഗ്രൂപ്പിലെ ഒരു സായുധ വിമതനാണ് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്.
മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. 27 നിയമസഭാ മണ്ഡലങ്ങളുടെ ഏകോപന സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതു പണിമുടക്ക് ഇംഫാല്‍ താഴ്വരയിലെ സാധാരണ ജീവിതം സ്തംഭിപ്പിച്ചതായി പൊലീസ് അറിയിച്ചു. മൂന്ന് മാസത്തിലേറെയായി വംശീയ അക്രമം നടന്ന സംസ്ഥാനത്തെ സ്ഥിതി ഇപ്പോഴും സംഘര്‍ഷഭരിതമാണെന്ന് മണിപ്പൂര്‍ പൊലീസ് വ്യാഴാഴ്ച പറഞ്ഞു.
ആഗസ്ത് 3 ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പലയിടത്തും വെടിവയ്പ്പും ആള്‍ക്കൂട്ടങ്ങളുടെ സംഘര്‍ഷവും ഇടയ്ക്കിടെ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ 150 ലധികം പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് മണിപ്പൂരിലെ ബി ജെ പി എം എല്‍ എ രാജ്കുമാര്‍ ഇമോ സിംഗ് പറഞ്ഞു.
വന്‍തോതില്‍ അര്‍ദ്ധസൈനികരുടെ സാന്നിധ്യമുണ്ടായിട്ടും മറ്റ് ജില്ലകളില്‍ നിന്നുള്ള തീവ്രവാദികള്‍ ഗ്രാമത്തിലെത്തി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗിന്റെ മരുമകന്‍ കൂടിയായ രാജ്കുമാര്‍ ഇമോ സിംഗ് പറഞ്ഞു.












Click it and Unblock the Notifications