'മണിപ്പൂര്‍ വീഡിയോ പുറത്ത് വന്നത് ഗൂഢാലോചന'; സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് അമിത് ഷാ
ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരായി പരേഡ് ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടത് കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് കൈമാറിയ സാഹചര്യത്തിലാണ് അമിത് ഷായുടെ പരാമര്‍ശം.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ഒരു ജനക്കൂട്ടം നഗ്‌നരാക്കി പരേഡ് ചെയ്യിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. മേയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പുറത്തായത്. ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. സുപീം കോടതി വരെ വിഷയത്തില്‍ സ്വമേധയാ ഇടപെട്ട് രംഗത്തെത്തിയിരുന്നു. മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. മണിപ്പൂര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നും കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിഷ്പക്ഷതയ്ക്ക് വേണ്ടിയാണ് എന്നാണ് അമിത് ഷാ പറയുന്നത്.
സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്തതായും വീഡിയോ ചിത്രീകരിച്ച മൊബൈല്‍ കണ്ടെടുത്തതായും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിലെ വംശീയ അക്രമവുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ സി ബി ഐക്ക് കൈമാറിയതായും ചില കേസുകള്‍ എന്‍ ഐ എക്ക് കൈമാറിയതായും അമിത് ഷാ പറഞ്ഞു. മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ മറുപടി നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ പ്രതിപക്ഷം പ്രധാനമന്ത്രി പ്രതികരിക്കണം എന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ്. മണിപ്പൂരില്‍ അക്രമം ആരംഭിച്ചത് മുതല്‍ വിഷയത്തില്‍ മോദിയുടെ മൗനത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. മണിപ്പൂരിലെ വീഡിയോ പുറത്ത് വന്നതിന് ശേഷം മാത്രമാമ് പ്രധാനമന്ത്രി ഇതില്‍ ഒരു പ്രതികരണം നടത്തിയത്. എന്നാല്‍ ഈ വീഡിയോ പുറത്ത് വരുന്നത് വരെ സംഭവത്തെ കുറിച്ച് സര്‍ക്കാരിന് അറിയില്ലായിരുന്നെന്ന് അമിത് ഷാ പറയുന്നു.
ആ സമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസ്തുത സ്ഥലത്ത് ഇല്ലായിരുന്നെന്നും അമിത് ഷാ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ലെന്നും അമിത് ഷാ പറഞ്ഞു. പാര്‍ലമെന്റില്‍ ഒരു സംവാദത്തിനും പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ലാത്തതിനാല്‍ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ സമീപിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അമിത് ഷായുടെ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. മണിപ്പൂര്‍ വീഡിയോ ഗൂഢാലോചനയാണെന്ന് അമിത് ഷാ പറഞ്ഞത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ എപ്പോഴും സ്വന്തം പ്രതിച്ഛായയെ കുറിച്ചാണ് ശ്രദ്ധിക്കുന്നത് എന്നും അല്ലാതെ കുക്കി സ്ത്രീകളുടെ മാനത്തെ കുറിച്ചല്ലെന്നും ഒവൈസി പറഞ്ഞു.












Click it and Unblock the Notifications