വ്യക്തിത്വം മറച്ചുവച്ചുള്ള വിവാഹം; പത്ത് വര്‍ഷം വരെ തടവുശിക്ഷ, പുതിയ ബില്‍
ന്യൂഡല്‍ഹി: വ്യക്തിത്വം മറച്ചുവച്ച് വിവാഹം കഴിക്കുന്നതും വിവാഹം, സ്ഥാനക്കയറ്റം, ജോലി എന്നീ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കുറ്റങ്ങള്‍ക്ക് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 1860ലെ ഇന്ത്യന്‍ പീനല്‍ കോഡിന് (ഐപിസി) പകരമുള്ള ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ബില്‍ അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു. 'സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും അവര്‍ നേരിടുന്ന നിരവധി സാമൂഹിക പ്രശ്‌നങ്ങളും ഈ ബില്ലില്‍ പ്രതിപാദിച്ചിട്ടുണ്ട്. വിവാഹം, ജോലി, സ്ഥാനക്കയറ്റം, വ്യാജ വ്യക്തിത്വം തുടങ്ങിയ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ ചൂഷണം ചെയ്യുന്നത് കുറ്റകരമാകുമെന്ന് അമിത് ഷാ പറഞ്ഞു.
വഞ്ചനാപരമായ മാര്‍ഗത്തിലൂടെയോ, ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്‌തോ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, ബലാത്സംഗ കുറ്റത്തിന് തുല്യമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, ശിക്ഷിക്കപ്പെടും. പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്.
അതേസമയം, ക്രിമിനല്‍ നിയമം സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള സുപ്രധാന ബില്ലാണ് നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഐ പി സി, സി ആര്‍ പി സി, തെളിവ് നിയമം എന്നിവ അടിമുടി മാറും. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും ഒഴിവാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിച്ച് കൊണ്ട് പറഞ്ഞു.
പുതിയ കാലഘട്ടത്തില്‍ പുതിയ നിയമങ്ങള്‍ എന്ന ആമുഖത്തോട് കൂടിയാണ് അമിത് ഷാ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഈ ബില്‍ പാസാകുന്നതോടെ ഐ പി സി എന്നത് ഭാരതീയ ന്യായ സംഹിത എന്നും സി ആര്‍ പി സി എന്നത് ഭാരതീയ നാഗരിക് സുരക്ഷ സംഹിത, തെളിവ് നിയമം ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാകും. ഈ മാറ്റങ്ങള്‍ നീതി ഉറപ്പാക്കുന്നതിനാണെന്ന് അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications