സെന്തില്‍ ബാലാജിയുടെ അറസ്റ്റ്: പ്രത്യേക യോഗം വിളിച്ച് സ്റ്റാലിന്‍, 'ബിജെപി നീക്കം വിജയിക്കില്ല'
ചെന്നൈ: വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് ചേർത്ത് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍. മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുതിർന്ന മന്ത്രിമാർ, അഭിഭാഷകർ തുടങ്ങിയവർ പങ്കെടുത്തു. ബാലാജിയുടെ അറസ്റ്റില്‍ സ്വീകരിക്കേണ്ട തുടർനടപടികള്‍ ചർച്ച ചെയ്യാനാണ് യോഗം വിളിച്ച് ചേർത്തതെന്നാണ് വിവരം.
ഇഡി നടപടിയെ നിയമപരമായി ചോദ്യം ചെയ്യുന്നതിനോടൊപ്പം തന്നെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റെന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാനും ഡിഎംകെ തീരുമാനിച്ചിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇഡിയുടെ നടപടിക്ക് പിന്നിൽ "രാഷ്ട്രീയ ഉദ്ദേശം" ഉണ്ടെന്ന് കഴിഞ്ഞ ദിവസം എംകെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടിരുന്നു.

"രാഷ്ട്രീയമായി നേരിടാൻ കഴിയാത്തവരെ പിൻവാതിലിലൂടെ ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ രാഷ്ട്രീയ നീക്കം വിജയിക്കില്ല. അവർ തന്നെ അത് തിരിച്ചറിയുന്ന സമയം അടുത്തിരിക്കുന്നു," മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി. സെക്രട്ടറിയേററിലെ ബാലാജിയുടെ ഓഫീസ് മുറിയിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് ഫെഡറലിസത്തിനേറ്റ കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഏജൻസിയുമായി പൂർണ്ണായി സഹകരിക്കുമെന്ന് ബാലാജി വ്യക്തമാക്കിയിട്ടും സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ മുറിയിൽ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. തങ്ങളെ എതിർക്കുന്ന രാഷ്ട്രീയ ശക്തികളോട് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി പ്രതികാരം ചെയ്യുകയാണ്. ഇത്തരം നീക്കം ഒരു തരത്തിലും വിജയിക്കാന്‍ പോവുന്നില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.
അതേസമയം, 18 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു മന്ത്രിയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. സെന്തിൽ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലുമുള്‍പ്പടെ ആറ് സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തി. ഈറോഡ് ജില്ലയിലെ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന്റെ (ടാസ്മാക്) ലോറി കരാറുകാരന്റെ വീട്ടിലും ഇഡി ഉദ്യോഗസ്ഥരെത്തി. തമിഴ്‌നാട്ടിലെ മദ്യത്തിന്റെ ചില്ലറ വിൽപനക്കാരാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക്.
അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയെ പരിശോധിക്കുന്നതിന് വേണ്ടി ഡല്‍ഹി എയിംസില്‍ നിന്നുള്ള ഡോക്ടർമാർ ഇന്ന് ചെന്നൈയിലെത്തും. യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ, ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇവി വേലു തുടങ്ങിയ നേതാക്കള്‍ സെന്തില്‍ ബാലാജിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ബി.ജെ.പിയുടെ ഭീഷണിക്കും സമ്മർദത്തിനും വഴങ്ങില്ലെന്നും നിയമപരമായ വഴിയിലൂടെ പാർട്ടി നീങ്ങുമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം.












Click it and Unblock the Notifications